
വെറുമൊരു അഭിനേത്രി എന്നതിലുപരി, ഭാവം കൊണ്ടും ചലനം കൊണ്ടും കലയുടെ ലോകത്ത് വിസ്മയങ്ങൾ തീർത്ത അപൂർവ്വം പ്രതിഭകളിൽ ഒരാളായിരുന്നു ഭാനുപ്രിയ. അഭിനയത്തിലെ സ്വാഭാവികതയും നൃത്തത്തിലെ ചടുലതയും ഒരേപോലെ ഒത്തുചേർന്ന ആ വ്യക്തിത്വം ദക്ഷിണേന്ത്യൻ സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ അടയാളം കൂടിയായിരുന്നു. ഡയലോഗുകളെക്കാൾ ഉപരിയായി മിഴികൾ കൊണ്ട് കഥ പറയുന്ന രീതി ഭാനുപ്രിയയുടെ പ്രത്യേകതയായിരുന്നു. വശ്യമായ ചിരിയും തീക്ഷ്ണമായ നോട്ടവും കൊണ്ട് അവർ സ്ക്രീനിൽ സൃഷ്ടിച്ച മാന്ത്രികത ഇന്നും പല നടിമാർക്കും വിദൂരമാണ്. അഭിനയത്തിനപ്പുറത്തേക്ക് തന്റെ നടനവൈഭവവും പ്രേക്ഷകരിലേക്ക് ഒരേ അളവിൽ എത്തിച്ച നായിക. ദക്ഷിണേന്ത്യൻ സിനിമാലോകത്തെ വിസ്മയിപ്പിച്ച താരസുന്ദരി ഭാനുപ്രിയക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
മലയാളിയുടെ സൗന്ദര്യ ബോധത്തിലേക്ക് ഏറ്റവും തീക്ഷണമായ ഭാവം കൊണ്ട് വന്ന നായികയായിരുന്നു ഭാനുപ്രിയ. ഇന്ന് കാലങ്ങൾക്കിപ്പുറവും മലയാളിയുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന ഭാനുവിന് ഒരു മുഖമേയുള്ളു. അത് നിറഞ്ഞ സൗന്ദര്യത്തിന്റെ മുഖമാണ്. എന്നാൽ കേവലം 58 വയസ്സിൽ ഒരാൾ മറവിരോഗത്തിന്റെ പിടിയിലാവുക എന്നത് അത്യന്തം വേദനാജനകമായ യാഥാർഥ്യമാണ്. ഓർമകൾ മനുഷ്യനെ മനുഷ്യനാക്കുന്ന ഏറ്റവും വലിയ സമ്പത്താണെങ്കിൽ, ആ സമ്പത്ത് പതിയെ കൈവിട്ടു പോകുന്നത് ജീവിച്ചിരിക്കെ അനുഭവിക്കുന്ന ഒരു മരണത്തോട് സമാനമാണ്. അത്തരമൊരു ദുഃഖഭരിതമായ അവസ്ഥയിലൂടെ കടന്നു പോകുകയാണ് ഇന്ന് ഭാനുപ്രിയ. ഇന്ന് അവരുടെ ജന്മദിനത്തിൽ ഓർമ്മകൾ മങ്ങുന്ന ഈ കാലത്ത്, അവർ സിനിമയ്ക്കും കലാലോകത്തിനും സമ്മാനിച്ച ഓർമ്മകൾ തിരികെ വിളിക്കേണ്ട ദിവസം കൂടിയാണ്.
മംഗള ആനന്ദഭാനു എന്നായിരുന്നു ഭാനുപ്രിയയുടെ യഥാർത്ഥ പേര്. ആരാധകർ സ്നേഹത്തോടെ വിളിച്ച “മംഗഭാനു” പിന്നീട് ഭാനുപ്രിയയായി മാറി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിക്കടുത്ത് രംഗപേട്ടയിൽ ജനിച്ച ഭാനുപ്രിയ, പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് കുടിയേറി. ചെറുപ്പത്തിലേ തന്നെ മകളിൽ ഒളിഞ്ഞിരിക്കുന്ന കലാപ്രതിഭ മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. സിലോൺ റേഡിയോയിൽ നിന്നുയരുന്ന സംഗീതത്തിന് ഒപ്പം ചുവടുവയ്ക്കുന്ന ആ കുഞ്ഞ് പെൺകുട്ടിയിൽ ഒരു നർത്തകിയെ അവർ കണ്ടു. ഏഴാം വയസ്സിൽ തന്നെ നൃത്തപഠനം ആരംഭിച്ച ഭാനുപ്രിയയ്ക്ക് നൃത്തം ഒരിക്കലും ഒരു അനുബന്ധമല്ലായിരുന്നു, മറിച്ച് അതായിരുന്നു അവരുടെ ആത്മാവ്.
കൗമാരകാലത്ത് തന്നെ സിനിമയിലേക്കുള്ള വാതിൽ തുറക്കുമെന്ന പ്രതീക്ഷയിൽ അവർ എത്തിയെങ്കിലും ആദ്യ അനുഭവം നിരാശയുടേതായിരുന്നു. സ്കൂൾ പരിപാടിയിൽ ചീഫ് ഗസ്റ്റായി എത്തിയ നടനും സംവിധായകനുമായ ഭാഗ്യരാജ്, ഭാനുപ്രിയയെ കണ്ടു ‘തുരൽ നിന്തു പോച്ച്’ എന്ന സിനിമയിലേക്ക് നായികയായി പരിഗണിച്ചു. ഫോട്ടോഷൂട്ട് വരെ നടത്തിയെങ്കിലും, “നേരിൽ കാണുന്നതിലും ഫോട്ടോയിൽ ചെറുപ്പമായി തോന്നുന്നു” എന്ന കാരണത്താൽ അവരെ ഒഴിവാക്കി. ആ വേഷം സുലക്ഷണയ്ക്ക് ലഭിച്ചു. അഭിനയിക്കാൻ പോയിട്ട് അവസരമില്ലാതെ മടങ്ങിവരുന്ന നാണക്കേട് ഭാനുപ്രിയയെ മാനസികമായി തളർത്തി. സ്കൂളിലേക്കുപോലും പോകില്ലെന്ന് പറഞ്ഞ് കരഞ്ഞ ഭാനുവിനെ അമ്മ വീണ്ടും പഠനത്തിലേക്ക് തിരിച്ചയച്ചു. ആ ഒരു നിമിഷത്തിൽ തകർന്നുപോയ സ്വപ്നം, പിന്നീട് വലിയൊരു കലാജീവിതത്തിന്റെ തുടക്കമാവുമെന്ന് ആരും കരുതിയിരുന്നില്ല.
1983ൽ ‘മെല്ലെ പേസുങ്കൽ’ എന്ന തമിഴ് ചിത്രത്തിലൂടെ ഭാനുപ്രിയ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം ‘സീതാര’ എന്ന തെലുങ്ക് ചിത്രം വൻവിജയമായി. ആ സിനിമയോടെയാണ് ഭാനുപ്രിയ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നത്. തുടർന്ന് ‘സ്വർണ്ണകമലം’ എന്ന ചിത്രം അവരുടെ കരിയറിലെ നിർണ്ണായക വഴിത്തിരിവായി. നൃത്തത്തിന് കേന്ദ്രസ്ഥാനം നൽകിയ ആ സിനിമ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ പനോരമയിൽ ഉൾപ്പെട്ട ഈ ചിത്രത്തിലൂടെ ഭാനുപ്രിയ മികച്ച നടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്ദി അവാർഡ്, ഇന്ത്യൻ എക്സ്പ്രസ് അവാർഡ്, ഫിലിംഫെയർ അവാർഡ് എന്നിവ സ്വന്തമാക്കി. ‘അഴകൻ’ എന്ന തമിഴ് ചിത്രത്തിന് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു.
ഭാനുപ്രിയയെ മറ്റുള്ള നായികമാരിൽ നിന്ന് വേറിട്ടുനിർത്തിയത് അവരുടെ അഭിനയസിദ്ധിയേക്കാൾ അധികം, സൗന്ദര്യത്തെ സമീപിച്ച രീതി തന്നെയായിരുന്നു. മലയാളികൾ പരിചയപ്പെട്ടിരുന്ന പരമ്പരാഗത സൗന്ദര്യസങ്കല്പങ്ങളെ ഭാനുപ്രിയ വെല്ലുവിളിച്ചു. ഇരുനിറത്തിലുള്ള ചർമ്മവും കൊത്തിവച്ച ശിൽപം പോലെയുള്ള ശരീരഘടനയും തീക്ഷ്ണമായ കണ്ണുകളും ചേർന്ന് അവർ സൃഷ്ടിച്ച ഭാവലോകം അപൂർവമായിരുന്നു. “ലക്ഷണമൊത്ത സ്ത്രീ” എന്ന വിശേഷണം പോലും അവർക്കു ലഭിച്ചു.
മലയാള സിനിമയിൽ ഭാനുപ്രിയ ശ്രദ്ധാകേന്ദ്രമാകുന്നത് മോഹൻലാലിനെ നായകനാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത ‘രാജശിൽപി’യിലൂടെയാണ്. ദുർഗ എന്ന കഥാപാത്രത്തിനായി യക്ഷസൗന്ദര്യമുള്ള, നൃത്തത്തിൽ പ്രാവീണ്യമുള്ള ഒരു നടിയെ തേടി സംവിധായകൻ ഏറെ അലഞ്ഞു. ഒടുവിൽ ആ അന്വേഷണത്തിന്റെ അവസാനവാക്കായി ഭാനുപ്രിയ എത്തി. ‘രാജശിൽപി’യിലെ അവരുടെ രൂപഭാവങ്ങൾ സ്ത്രീസൗന്ദര്യത്തിന് പുതിയ അർത്ഥം നൽകി. ചിത്രം വാണിജ്യവിജയമാകാതിരുന്നെങ്കിലും, ഭാനുപ്രിയയുടെ പ്രകടനം ഇന്നും ഓർമിക്കപ്പെടുന്നു.
മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ‘അഴകിയ രാവണനി’യിലെ അനുരാധ എന്ന കഥാപാത്രം മറ്റൊരു ഓർമ്മയായി. “പ്രണയമണിത്തുവൽ പൊഴിയും പവിഴമഴ” എന്ന ഗാനരംഗത്തിൽ അവരുടെ കാന്തിക സാന്നിധ്യം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു. ലെനിൻ രാജേന്ദ്രന്റെ ‘കുല’യിലും ജയരാജിന്റെ ‘ഹൈവേ’യിലും സുരേഷ് ഗോപിയുടെ നായികയായി അവർ വേഷമിട്ടു. സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളാ’യായിരുന്നു വാണിജ്യവിജയം നേടിയ ഏക മലയാള ചിത്രം; അതിൽ ജയറാമായിരുന്നു നായകൻ. അങ്ങനെ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നീ നാല് സൂപ്പർതാരങ്ങൾക്കുമൊപ്പം അവർ അഭിനയിച്ചു.
തിരക്കേറിയ നായികയായിരുന്നില്ല ഭാനുപ്രിയ. എല്ലാ കഥാപാത്രങ്ങളും സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. മനസ്സിന് ഇണങ്ങുന്ന, നൃത്തത്തിനും ഭാവത്തിനും പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമേ അവർ സ്വീകരിച്ചുള്ളു. അതുകൊണ്ടുതന്നെ, മലയാളത്തിൽ അവർ അപൂർവസാന്നിധ്യമായി തുടരുകയായിരുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഇന്നും ഓർമയുള്ളത് അവരുടെ പ്രൊഫഷണൽ എത്തിക്സും വിനയവുമാണ്. നായികയായി ഉന്നതിയിലെത്തിയ കാലത്തുപോലും മറ്റ് നടികൾക്കായി ഡബ്ബിംഗ് ചെയ്യാൻ അവർ മടിച്ചില്ല. ‘ഇന്ത്യൻ’ ചിത്രത്തിൽ ഊർമ്മിള മണ്ഡോദ്കറിനും ‘അരുണാചലം’യിൽ രംഭയ്ക്കും ‘സൂര്യവംശം’യിൽ പ്രിയാരാമനും ശബ്ദം നൽകിയിരിക്കുന്നത് ഭാനുപ്രിയയാണ്.
ശിവാജി ഗണേശന്റെ വാക്കുകൾ ഭാനുപ്രിയയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. “ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച നടി സാവിത്രിയാണ്. അവരുടെ ഉയരങ്ങൾക്ക് അടുത്തെത്തിയതായി എനിക്ക് തോന്നിയ ഒരാൾ ഭാനുപ്രിയയാണ്” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന അവർ ഫ്രെയിം ചെയ്ത് വീട്ടിൽ സൂക്ഷിച്ചു. വിവാഹത്തിനായി അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് ശിവാജിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയതും ഭാനുപ്രിയയുടെ ജീവിതത്തിലെ ഒരു വിലപ്പെട്ട ഓർമ്മയായി.
1998ൽ ഡിജിറ്റൽ ഗ്രാഫിക്‌സ് എൻജിനീയറായ ആദർശ് കൗശലിനെ വിവാഹം കഴിച്ച് അവർ അഭിനയജീവിതത്തിന് താൽക്കാലിക വിരാമമിട്ടു. യു.എസ്.യിലെ മാലിബു ക്ഷേത്രത്തിൽ നടന്ന വിവാഹത്തിനു ശേഷം കാലിഫോർണിയയിലായിരുന്നു താമസം. നാല് വർഷങ്ങൾക്ക് ശേഷം മകൾ അഭിനയ ജനിച്ചു. എന്നാൽ ഏഴ് വർഷം മാത്രം നീണ്ട ദാമ്പത്യം 2005ൽ അവസാനിച്ചു. നിയമപരമായി വേർപിരിയാതിരുന്നെങ്കിലും അവർ അകന്ന് ജീവിക്കാൻ തീരുമാനിച്ചു. 2018ൽ ഹൃദയാഘാതത്തെ തുടർന്ന് ആദർശ് മരിച്ചതോടെ, ആ ബന്ധത്തിന്റെ അവസാന അധ്യായവും അടഞ്ഞു.
മകൾ ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയതോടെ ഭാനുപ്രിയ ഒറ്റപ്പെട്ടു. ഇടയ്ക്ക് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ശിവകാർത്തികേയൻ നായകനായ ‘അയലാൻ’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. എന്നാൽ അതിനിടയിലാണ് മറവിരോഗം പതിയെ അവരെ കീഴടക്കാൻ തുടങ്ങിയത്. ഡയലോഗുകൾ മറക്കുക, സ്വന്തം പേര് പോലും ഓർക്കാൻ കഴിയാതിരിക്കുക ഇതെല്ലാം അവരെ ഭീതിയിലാഴ്ത്തി. ഒടുവിൽ അഭിനയത്തിൽ നിന്നും പിന്മാറി, അമ്മയുടെയും സഹോദരങ്ങളുടെയും സംരക്ഷണത്തിൽ കഴിയേണ്ട അവസ്ഥയിലേക്കെത്തി.
ഇന്ന് ഭാനുപ്രിയ ഓർമകൾ തിരികെ പിടിക്കാൻ ഒരു കഠിനപോരാട്ടത്തിലാണ്. എന്നാൽ അവർ ചെയ്ത കഥാപാത്രങ്ങൾ, അവർ നൃത്തം ചെയ്ത ഓരോ ചുവടുകളും, ക്യാമറയ്ക്ക് മുന്നിൽ അവർ സൃഷ്ടിച്ച സൗന്ദര്യവും ഇന്നും നമ്മുടെ ഓർമകളിൽ നിത്യവസന്തമായി നിലനിൽക്കുന്നു. ഓർമകൾ മങ്ങുന്ന ഈ ജന്മദിനത്തിൽ, ഒരു കലാകാരിയെന്ന നിലയിൽ ഭാനുപ്രിയ നൽകിയ സംഭാവനകൾക്ക് ആദരം അർപ്പിക്കുകയാണ് നമുക്ക് ചെയ്യാനാവുന്നത്. കാരണം, മറവിയുടെ ഇരുണ്ട നിഴലിലുപോലും ചില ജീവിതങ്ങൾ പ്രകാശമായി തുടരുന്നു ഭാനുപ്രിയയുടെ കലാജീവിതം പോലെ.