“എല്ലാ പെൺകുട്ടികളും ഉപദ്രവിക്കപ്പെടുന്നുണ്ട്, മോശമായ സ്വന്തം അനുഭവങ്ങളിൽ നിന്നാണ് ലൈംഗികതയെ കുറിച്ച് പഠിച്ചത്”; പാർവതി തിരുവോത്ത്

','

' ); } ?>

പൊതുസ്‌ഥലങ്ങളിൽ വച്ച് പുരുഷന്മാർ നഗ്നതാപ്രദർശനം നടത്തിയ നിരവധി അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. ലൈംഗികതയെ കുറിച്ച് താൻ മനസ്സിലാക്കുന്നത് വളരെ മോശം അനുഭവങ്ങളിൽ നിന്നാണെന്നും, എല്ലാ പെൺകുട്ടികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ, അതെ എന്നാണ് മറുപടിയെന്നും പാർവതി പറഞ്ഞു. കൂടാതെ തന്റെ ജീവിതത്തിൽ നടന്ന ഈ കാര്യങ്ങൾ തിരിച്ചറിയാനും അത് ഉൾക്കൊള്ളാനും തനിക്ക് മുപ്പത് വർഷങ്ങൾ വേണ്ടിവന്നുവെന്നും, തോളും വിരിച്ച് ആത്മവിശ്വാസത്തോടെ നടക്കാൻ കഴിയുന്ന പുരുഷന്മാർക്ക് സ്ത്രീകളുടെ അവസ്ഥ മനസ്സിലാവില്ലെന്നും പാർവതി കൂട്ടിച്ചേർത്തു. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“സത്യം പറഞ്ഞാൽ വളരെ മോശം അനുഭവങ്ങളിൽ നിന്നാണ്, സ്വന്തം അനുഭവങ്ങളിൽ നിന്ന് തന്നെയാണ് ഞാൻ ലൈംഗികതയെ കുറിച്ച് പഠിച്ചത്, നിർഭാഗ്യവശാൽ, എല്ലാ പെൺകുട്ടികളുടെ കാര്യത്തിലും സംഭവിക്കുന്ന ഒരു പൊതുവായ കാര്യമുണ്ട്; നമ്മൾ ജനിക്കുന്നു, വളരുന്നു, പിന്നെ നമ്മൾ ഉപദ്രവിക്കപ്പെടുന്നു. എല്ലാ പെൺകുട്ടികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ, അതെ എന്നാണ് മറുപടി. ഓട്ടോയിൽ കയറുമ്പോൾ നുള്ളുക അത്തരത്തിലുള്ള അനുഭവങ്ങൾ. ഒരിക്കൽ റെയിൽവേ സ്‌റ്റേഷനിൽ വച്ച് ഒരു സംഭവമുണ്ടായി. അച്‌ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാൻ നിന്നത്. ആരോ വന്ന് മാറിൽ അടിച്ചിട്ട് പോയി, തൊടുക പോലുമായിരുന്നില്ല, അടിക്കുകയായിരുന്നു. അന്ന് ഞാൻ ഒരു കുട്ടിയാണ്. നല്ല വിഷമമായിരുന്നു. വഴിയിലൂടെ നടക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞുതരുമായിരുന്നു, പുരുഷന്മാരുടെ കയ്യിലേക്ക് നോക്കി നടക്കണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഒരു അമ്മ തന്റെ പെൺകുട്ടിയെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കേണ്ട ഒരു സാഹചര്യം ഓർത്തുനോക്കൂ. അതുമാത്രമല്ല, കുട്ടിക്കാലത്ത് എത്രയോ തവണ പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കണ്ടിട്ടുണ്ട്, ചില പുരുഷന്മാർ മുണ്ട് പൊക്കി അവരുടെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് നടന്നു വരുന്നത്. അന്ന് എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് അവർ ചെയ്യുന്നതെന്നോ എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. 16, 17 അല്ലെങ്കിൽ 19 വയസ്സൊക്കെ ആകുമ്പോഴാണ് നമ്മൾ പഴയ കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നത്; അപ്പോഴാണ് ഇങ്ങനെയുള്ള അനുഭവങ്ങൾ നമ്മുടെ ശരീരത്തെയും മനസ്സിനെയും എത്രത്തോളം ആഴത്തിൽ ബാധിച്ചിട്ടുണ്ടെന്ന് നമ്മൾ തിരിച്ചറിയുന്നത്.” പാർവതി പറഞ്ഞു.

“എന്റെ ജീവിതത്തിൽ നടന്ന ഈ കാര്യങ്ങൾ തിരിച്ചറിയാനും അത് ഉൾക്കൊള്ളാനും എനിക്ക് മുപ്പത് വർഷങ്ങൾ വേണ്ടിവന്നു. ഇതിൽ ലജ്ജിക്കേണ്ടത് ഞാനല്ല. എനിക്ക് 19-20 വയസ്സുള്ളപ്പോൾ നടന്ന മറ്റൊരു കാര്യമുണ്ട്. ഞാൻ ഒരു ലിഫ്റ്റിലായിരുന്നു. എന്റെ പിന്നിൽ നിന്ന ഒരാൾ എന്നിലേക്ക് ചേർന്നുനിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അയാളുടെ സ്‌പർശനം എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാൻ അയാളുടെ കരണത്തടിച്ചു. ‘നിങ്ങൾ എന്താണ് ഈ ചെയ്തത്?’ എന്ന് ഞാൻ ചോദിച്ചു. സെക്യൂരിറ്റി വന്നു, പക്ഷേ ആ മാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. പൊലീസിനെ വിളിച്ചു. പക്ഷേ പൊലീസുകാർ പോലും പറഞ്ഞത്, ‘നീ ഒരു തല്ല് കൊടുത്തല്ലോ, ഇനി ഇത് വിട്ടേക്ക്’ എന്നാണ്. അപ്പോഴാണ് ഈ നാട്ടിലെ നീതി എന്നാൽ എന്താണെന്ന് എനിക്ക് മനസ്സിലായത്. ഒടുവിൽ അയാൾ എൻ്റെ കാലിൽ വീണു പറഞ്ഞു, ‘എനിക്ക് ഇപ്പോൾ ഗൾഫിൽ ജോലി കിട്ടിയതാണ്, എന്റെ കല്യാണം നടക്കാൻ പോവുകയാണ്’ എന്നൊക്കെ. ഒരു ലിഫ്റ്റിൽ പോലും സ്വന്തം കാമത്തെ നിയന്ത്രിക്കാൻ കഴിയാത്ത ആളാണ് ഈ പറയുന്നത്! ഞാൻ അയാളെ തല്ലിയപ്പോൾ എല്ലാവരും എന്നെ അഭിനന്ദിച്ചു. പക്ഷേ എനിക്കതൊരു വലിയ നേട്ടമായി തോന്നിയില്ല. സ്വയം സംരക്ഷിക്കേണ്ടി വരുന്നത് ഒരു വലിയ കാര്യമല്ല. സ്വന്തം സുരക്ഷയ്ക്കായി പോരാടേണ്ടി വരുമ്പോൾ ആരും എന്റെ തോളിൽ തട്ടി ‘നീ കരുത്തയാണ്’ എന്ന് പറയേണ്ടതില്ല. അതൊരു നല്ല അവസ്‌ഥയല്ല. പുരുഷന്മാരേ, നിങ്ങൾ ഒന്ന് കേൾക്കൂ. തോളും വിരിച്ച് ആത്മവിശ്വാസത്തോടെ നടക്കാൻ കഴിയുന്ന നിങ്ങൾക്ക് പെൺകുട്ടികളുടെ അവസ്‌ഥ മനസ്സിലാകില്ല.” പാർവതി കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ സിനിമയായ ‘നോബഡി’യിൽ പാർവതി തിരുവോത്ത് ആണ് നായിക. ‘റോഷാക്കി’നു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി. അടുത്തിടെ സിനിമയിൽ സജീവമായ പാർവതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾക്കും വലിയ പ്രതീക്ഷയാണുള്ളത്. ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ പാർവതിയാണ് നായിക. ദിലീഷ് പോത്തനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ബോളിവുഡ് താരം ഹൃത്വിക് റോഷൻ നിർമിക്കുന്ന പുതിയ വെബ് സീരീസിലും പാർവതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.