
യാഷ് ചിത്രം ടോക്‌സികിന്റെ ടീസർ പുറത്തു വന്നതിനു പിന്നാലെ സൈബർ ആക്രമണം നേരിടുന്ന ഗീതു മോഹൻദാസിന് പിന്തുണ അറിയിച്ച് നടിമാരായ റിമ കല്ലിങ്കലും, ദിവ്യപ്രഭയും. തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും പ്രതികരണം അറിയിച്ചിരിക്കുന്നത്. ടീസറിൽ വിവാദമായ നായകന്റെ ഇൻട്രോ സീനിനെ അശ്ലീലം എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്ക് മറുപടി എന്ന രീതിയിൽ ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും… എന്ന തലക്കെട്ടിൽ വന്ന ലേഖനം ഇരുവരും പങ്കുവെച്ചിരിക്കുകയാണ്.
‘ഡീയസ് ഈറെ എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ നിരവധിപേരാണ് നായികയായ അതുല്യ ചന്ദ്രയെ വെറുമൊരു “സെഡക്റ്റീവ് ഒബ്ജക്റ്റ്” ആയി തരംതാഴ്ത്തിയത്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്. ആ ഇന്റിമേറ്റ് സീൻ അതുല്യ തനിച്ച് ചെയ്‌തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. എന്തുകൊണ്ടാണ് നാം ലൈംഗികതയെ സ്ത്രീകളുമായി മാത്രം ബന്ധപ്പെടുത്തുന്നത് എന്ന കാര്യം അത്ഭുതപ്പെടുത്തും. വിഷയം ലൈംഗികതയാണെങ്കിൽ, നോട്ടം ഉടൻ സ്ത്രീകളിലേക്ക് മാറും.”
“ഇപ്പോൾ, ‘ടോക്സിക്’ ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം. പരസ്പപര താൽപ്പര്യത്തിൽ അധിഷ്‌ഠിതമായ ഒന്ന് എങ്ങനെയാണ് “വൃത്തികെട്ടത്” ആകുന്നത്? ഒരു സ്ത്രീയെ ലൈംഗിക നിമിഷങ്ങളിൽ കാണിക്കുന്നത് ഉടൻ തന്നെ അശ്ലീലമായും, അവളുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയായും മുദ്രകുത്തപ്പെടുന്നു. പുരോഗമന ചിന്താഗതിയുള്ള യുവതലമുറക്കിടയിൽ പോലും, ലൈംഗികതയെ തെറ്റായതും സ്ത്രീകൾക്ക് ദോഷകരമായ ഒന്നായുമാണ് ഇപ്പോഴും കാണുന്നത്. ഒരു സ്ത്രീ ലൈംഗികതയിൽ ആനന്ദം കണ്ടെത്തുന്നതോ ശബ്‌ദങ്ങളും ഭാവങ്ങളും പ്രകടിപ്പിക്കുന്നതോ ഇവിടെ അശുദ്ധമെന്നതുപോലെയാണ് കാണുന്നത്. നമുക്ക് ‘മായാനദി’യും ‘4 ഇയേഴ്‌സും’ ഒക്കെ ഉണ്ടായിരുന്നു, ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല. കാഴ്‌ചക്കാരന് കുറഞ്ഞത് ഒരു തിരിച്ചറിവെങ്കിലും ഉണ്ടെങ്കിൽ, ഇതിലെ ചർച്ച നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, മറിച്ച് നാം അത് കാണാൻ ഉപയോഗിക്കുന്ന കാഴ്‌ചപ്പാടിനെക്കുറിച്ചാണെന്ന് തിരിച്ചറിയും. അതിനാൽ, ഏതാണ് അടിച്ചേൽപ്പിച്ചത് എന്നും ഏതാണ് സ്വാഭാവികം എന്നും വേർതിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, പ്രശ്‌നം നിങ്ങളുടെ സദാചാരബോധത്തിനാണ്.”
അന്ന് ‘കസബയ്ക്ക്’ എതിരെ പറഞ്ഞവരാണ് ഇപ്പോൾ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോർഡർ കഴിഞ്ഞാൽ പ്രശ്‌നമില്ലെന്നാണോ, എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. 2016-ൽ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കസബ’യെച്ചൊല്ലിയുള്ള വിവാദങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ നടി പാർവതി തിരുവോത്ത് നടത്തിയ രൂക്ഷവിമർശനമാണ് സംഭവങ്ങളുടെ തുടക്കം. ചർച്ചയുടെ തുടക്കത്തിൽ സിനിമയുടെ പേര് പറയാൻ പാർവതി മടിച്ചെങ്കിലും, വേദിയിലുണ്ടായിരുന്ന സംവിധായിക ഗീതു മോഹൻദാസ് “സേ ഇറ്റ്, സേ ഇറ്റ്” (അത് പറയൂ) എന്ന് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് പാർവതി ‘കസബ’യുടെ പേരെടുത്തു പറഞ്ഞ് വിമർശനം ഉന്നയിച്ചത്.
ഈ സംഭവം പുറത്തുവന്നതോടെ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർക്കും ചിത്രത്തിനും നേരെയും വ്യാപകമായ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും ഉയർന്നു. സിനിമയിലെ സ്ത്രീവിരുദ്ധത പൊതുവേദിയിൽ ചോദ്യം ചെയ്യപ്പെട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് വലിയ നാണക്കേടുണ്ടാക്കുന്ന ഒന്നായി മാറി. എന്നാൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ മാസ്സ് ഡയലോഗുകളും, പുകവലിയും, ആഘോഷിക്കപ്പെടുന്ന ആണത്തവും നിറഞ്ഞ ഒരു ചിത്രമാണിതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.