
ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. U/A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഞായറാഴ്ച റിലീസിനെത്തും. ചിത്രത്തിന് സെൻസർ ബോർഡ് നേരത്തെ 23 കട്ടുകൾ നിർദേശിച്ചിരുന്നു. ഇതുകൂടാതെ പുതിയ 15 കട്ടുകൾ കൂടി ബോർഡ് നിർദേശിച്ചതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും ഡയലോഗുകളുമുണ്ടെന്നായിരുന്നു സെൻസർ ബോർഡ് നിരീക്ഷണം.
സംഭവത്തിൽ ചിത്രത്തിൻ്റെ സംവിധായിക സുധ കൊങ്കര റിവൈസിങ് കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. നിർദേശിക്കപ്പെട്ട തിരുത്തലുകൾ ചിത്രത്തിൻ്റെ ചരിത്രപരമായ പ്രാധാന്യത്തേയും അടിസ്ഥാന കഥയേയും ദുർബലപ്പെടുത്തുമെന്നാണ് സംവിധായികയുടെ വാദം. ‘ജനനായകന്’ പിന്നാലെ ‘പരാശക്തി’യുടെയും പ്രദർശനം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.
1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. ശനിയാഴ്ച ചിത്രം തിയേറ്ററിൽ എത്തേണ്ടിയിരുന്നതായിരുന്നു. ശിവകാർത്തികേയന് പുറമേ രവി മോഹനും അഥർവയും ശ്രീലീലയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് ഡോൺ പിക്ചേഴ്സ് ആണ്. ചിത്രത്തിൻ്റെ തമിഴ്‌നാട്ടിലെ വിതരണവകാശം റെഡ് ജയന്റ് മൂവീസിനാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ കൊച്ചുമകനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ മകനുമായ ഇമ്പൻ ഉദയനിധിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.