
‘ഗോഡ്ഫാദർ’ ഹിന്ദി റീമേക്ക് ‘ഹൽചൽ’ മോശം അനുഭവമാണ് നൽകിയതെന്ന നടൻ അർഷാദ് വാർസിയുടെ വാക്കുകളോട് പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ. ‘ഹിറ്റായ ചിത്രം ഫ്ലോപ്പാണെന്ന് പറഞ്ഞത് തന്നെ വേദനിപ്പിച്ചുവെന്നും, അർഷദിൻ്റെ ആരോപണങ്ങളിൽ അതീവദുഃഖിതനാണെന്നും’ പ്രിയദർശൻ പറഞ്ഞു. കൂടാതെ പരാതി പറയാൻ അർഷദിന് ഒരു കാരണവും ഉണ്ടായിരുന്നില്ലെന്നും, എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നറിയില്ലെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അർഷാദിന്റെ വാക്കുകളിൽ എനിക്ക് വിഷമം തോന്നി. ഞാൻ തെറ്റിദ്ധരിക്കപ്പെട്ടതോ, വാക്കുകൾ തെറ്റായി വ്യാഖാനിക്കപ്പെട്ടതോ ആവാം. എന്നാൽ, അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, എന്നെയത് ശരിക്കും ഞെട്ടിച്ചു. ചിത്രം റിലീസായ ശേഷം അദ്ദേഹം എന്നെ വിളിച്ചു, ‘പ്രിയൻ സർ, ഇത്രയും മികച്ച സ്വീകരണം എനിക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല’, എന്ന് പറഞ്ഞു. ‘ഹൽചൽ’ വലിയ ഹിറ്റായിരുന്നു. എന്നാൽ. അർഷാദ് അത് ഫ്ളോപ് ആണെന്നാണ് പറഞ്ഞത്. അതെന്നെ വേദനിപ്പിച്ചു. എന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിട്ടുപോലും എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ‘ഹൽചല്ലി’ലെ അദ്ദേഹത്തിന്റെ പ്രകടനം ആളുകൾ ഇഷ്‌ടപ്പെടുകയും പ്രശംസിക്കുകയും ചെയ്‌തു. അർഷാദിൻ്റെ ആരോപണങ്ങളിൽ അതീവദുഃഖിതനാണ്. പരാതി പറയാൻ അദ്ദേഹത്തിന് ഒരു കാരണവുമുണ്ടായിരുന്നില്ല.’ പ്രിയദർശൻ പറഞ്ഞു.
“ഗോഡ്ഫാദറിന്റെ” ബോളിവുഡ് റീമേക്ക് തനിക്കൊരു ദുരന്തമായിരുന്നുവെന്നാണ് അർഷദ് പറഞ്ഞിരുന്നത്. തന്നോട് പറഞ്ഞതു പോലൊരു കഥാപാത്രമായിരുന്നില്ല ലഭിച്ചതെന്നും, സെറ്റിലെത്തിയപ്പോള്‍ വലിയൊരു അടി കിട്ടിയത് പോലെയായിരുന്നുവെന്നും അർഷദ് വെളിപ്പെടുത്തിയിരുന്നു.
അക്ഷയ് ഖന്ന, കരീന കപൂർ, സുനിൽ ഷെട്ടി, ജാക്കി ഷറോഫ്, അർഷാദ് വാർസി, പരേഷ് റാവൽ, അമരീഷ് പുരി, അസ്രാണി എന്നിവർ പ്രധാനവേഷത്തിലെത്തി 2004-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഹൽചൽ’. നീരജ് വോറയുടെ തിരക്കഥയ്ക്ക് സംഭാഷണം ഒരുക്കിയത് കെ.പി. സക്സേനയായിരുന്നു. പത്തുകോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 32 കോടിയോളം തിയേറ്ററിൽ നേടി. 1991-ൽ സിദ്ധിഖ് ലാലിന്റെ സംവിധാനത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ ‘ഗോഡ് ഫാദറി’ന്റെ ബോളിവുഡ് റീമേക്കായിരുന്നു ചിത്രം.