
30 വർഷങ്ങൾക്കു മുമ്പ് നടി മഞ്ജുവാര്യർക്കൊപ്പമെടുത്ത ഫോട്ടോയ്ക്ക് പിന്നിലുള്ള അനുഭവം പങ്കുവെച്ച് സംവിധായകനും നടനുമായ എം.ബി. പത്മകുമാർ. മഞ്ജു വാര്യരും ഞാനും പിന്നെ ആ ‘എത്തിനോട്ടക്കാരനും’ ഒരു 1996 എഡിഷൻ ട്രാജഡി! എന്ന തലക്കെട്ടിനൊപ്പം ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ വിവരണം.
“കാലം, ‘സല്ലാപം’ സിനിമയ്ക്കു ശേഷം മഞ്ജു വാരിയർ കേരളത്തിന്റെ മനം കവർന്നു നിൽക്കുന്ന സമയം. ഒരിക്കൽ ഞങ്ങൾ കേബിൾ ടിവിക്ക് വേണ്ടി ഒരു വീക്കിലി പ്രോഗ്രാം പ്ലാൻ ചെയ്തു. പേര് ‘ഷോകേസ്’. ഞാനാണ് ഡയറക്‌ഷനും എഡിറ്റിങും വോയ്‌സ് ഓവറും എല്ലാം. എഡിറ്റിങ് വിഎച്ച്എസ് ടേപ്പിലാണ് എന്ന് കൂടി ഓർക്കണം. ഒരു ദിവസം അടുത്ത് എവിടെയോ മഞ്ജു വാരിരുടെ ഷൂട്ടിങ് നടക്കുന്നു എന്ന വാർത്ത കേട്ട് ലൊക്കേഷനിൽ ചെന്നു. യഥാർഥ ട്രാജഡി തുടങ്ങുന്നത് അവിടെയല്ല. ഷൂട്ടിംഗ് തിരക്കിനിടയിൽ മഞ്ജു വാരിയരുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ അവസരം കിട്ടി. ചെറിയൊരു അകലം ഞങ്ങൾക്കിടയിൽ എങ്ങനെയോ വന്നു. പ്രണയലേഖനത്തിന് മറുപടി കാത്തിരിക്കുന്നത് പോലെയായിരുന്നു ആ ഫോട്ടോ പ്രിൻ്റ് ചെയ്‌തു കിട്ടാനുള്ള കാത്തിരിപ്പ്. ഫോട്ടോ കിട്ടിയാൽ അത് വലുതാക്കി ഫ്രെയിം ചെയ്ത് നാട്ടുകാരെ കാണിച്ച് ഷൈൻ ചെയ്യണം എന്നതായിരുന്നു പ്ലാൻ.” പത്മകുമാർ കുറിച്ചു.
“ഒടുവിൽ ഫോട്ടോ കിട്ടി. ഞാൻ നോക്കുമ്പോൾ… മഞ്ജു വാരിയർ അതിമനോഹരിയായി നിൽക്കുന്നു. എൻ്റെ മുഖത്ത്, അനുവാദം ചോദിക്കാതെ വന്ന ആ ‘ചമ്മൽ’ ഒളിഞ്ഞ് കിടപ്പുണ്ട്. എന്നാലും സാരമില്ല, അത്രയ്ക്ക് മോശമല്ല. പക്ഷേ ഞങ്ങൾക്കിടയിൽ വന്ന ആ ചെറിയ ഗ്യാപ്പ്… ആ ഗ്യാപ്പിലൂടെ ഒരു വാലുമാക്രിയെപ്പോലെ ദാ എത്തിനോക്കുന്നു എന്റെ പ്രിയ സുഹൃത്ത് മഹേഷ്! അതാണ് ടൈമിങ്! കൊച്ചുമോൻ ക്ലിക്ക് ചെയ്യുന്നതിന് തൊട്ടുമുമ്പ് തലയിട്ട ആ സാമദ്രോഹി കാരണം എൻ്റെ ‘കപ്പിൾ ഫോട്ടോ’ സ്വപ്നം പൊലിഞ്ഞു. 30 വർഷങ്ങൾ കഴിഞ്ഞു. ടെക്നോളജി വളർന്നു. I-യുടെ സഹായത്തോടെ ഫോട്ടോ റീസ്‌സ്റ്റോർ ചെയ്യാൻ തീരുമാനിച്ചു. എൻ്റെ പഴയ മുഖവും വിവരങ്ങളും എല്ലാം കൊടുത്തു. ഫലം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. മഞ്ജു വാരിയരെ ചുരിദാർ മാറ്റി സാരിയുടുപ്പിച്ച് പഴയതിലും സുന്ദരിയാക്കി. മഹേഷും ക്ലിയർ. പക്ഷേ ഞാൻ… ഞാൻ മാത്രം ഞാനല്ലാതായി! എന്റെ പൂർവ ജന്മത്തിലെ ഏതോ മുഖം പോലെ അപരിചിതമായ ഒരാൾ.
അവിടെയാണ് എനിക്ക് ആ വലിയ സത്യം മനസ്സിലായത്. 1996-ൽ ദ്രവിച്ചുപോയ ഒരു ഫോട്ടോ നന്നാക്കാൻ ഇനിയും സമയം കളയുന്നതിൽ അർത്ഥമില്ല. മറിച്ച്, 2026-ൽ പുതിയ ചിത്രം നിർമിക്കുകയാണ് വേണ്ടത്. ആ ചിത്രത്തിന് കാലം തൊട്ടാൽ പോലും കേടുവരാത്തത്ര ഉറപ്പുണ്ടായിരിക്കണം.” പത്മകുമാർ കൂട്ടിച്ചേർത്തു.