
കരിയറിലെ ആദ്യത്തെ അഭിമുഖം പൃഥ്വിരാജിനൊപ്പമായിരുന്നെന്നും, അന്ന് താന്‍ ചിരിക്കുക പോലും ചെയ്യാതെയാണ് സംസാരിച്ചതെന്നും തുറന്നു പറഞ്ഞ് നടിയും, അവതാരകയുമായ പേളി മാണി. ‘നടിയാകാന്‍ ആഗ്രഹിച്ചു നടക്കുന്ന സമയത്താണ് അഭിമുഖത്തിന് വിളിക്കുന്നതെന്നും, വിദ്യ ബാലനെപ്പോലെയാണ് താനാന്നിരുന്നതെന്നും പേളി മാണി പറഞ്ഞു. കൂടാതെ ഇന്റര്‍വ്യുകള്‍ എടുക്കേണ്ടത് അങ്ങനെയാണെന്നായിരുന്നു കരുതിയിരുന്നതെന്നും, ഭാഗ്യത്തിന് ആ ഇന്റര്‍വ്യു പുറത്ത് വന്നിട്ടില്ലെന്നും പേളി മാണി കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന്റെ റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു പേളി.
‘പൃഥ്വിരാജായിരുന്നു അത്. എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. അവര്‍ എന്തിനാണ് എന്നെ വിളിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ഞാന്‍ നടിയാകാന്‍ ആഗ്രഹിച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് അവര്‍ എന്നെ ഇന്റര്‍വ്യുവെടുക്കാന്‍ വിളിക്കുന്നത്. അമ്മയുടെ സാരിയൊക്കെ ധരിച്ച് ഞാന്‍ പോയി. എന്താണ് സംഭവിക്കുന്നതെന്ന് പോലും എനിക്ക് മനസിലായില്ല. ഞാന്‍ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു.’ പേളി പറഞ്ഞു.
‘അതൊരു പിഞ്ച് മീ മൊമന്റ് ആയിരുന്നു. ആ ചിത്രം ഇപ്പോഴും എന്റെ പക്കലുണ്ട്. വിദ്യ ബാലനെപ്പോലെയാണ് ഞാന്‍ അന്ന് ഇരുന്നിരുന്നത്. കാരണം ഇന്റര്‍വ്യുകള്‍ എടുക്കേണ്ടത് അങ്ങനെയാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഞാന്‍ ചിരിച്ചതു പോലുമില്ല. ഭാഗ്യത്തിന് ആ ഇന്റര്‍വ്യു പുറത്ത് വന്നിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിവ്യു വിഡിയോ ഞാൻ ചെയ്തു. എന്നാല്‍ അന്നത്തെ ഇന്റര്‍വ്യു പോലെ തന്നെ ആ വിഡിയോയും പുറം ലോകം കണ്ടില്ല. റിവ്യു ചെയ്തു തുടങ്ങിയാല്‍ മറ്റ് സിനിമകളുടേയും റിവ്യു ചെയ്യേണ്ടി വരും. അത് കൊണ്ട് അത് ഞാൻ തന്നെ ഡിലീറ്റ് ചെയ്തു.’ പേളി കൂട്ടിച്ചേർത്തു.