
ബോബൻ കുഞ്ചാക്കോയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് മകനും നടനുമായ കുഞ്ചാക്കോ ബോബൻ. അച്ഛന്റെ ഫോട്ടോയ്‌ക്കൊപ്പം ‘എൻ്റെ കരുത്തനായ ശക്തിക്ക് പിറന്നാൾ ആശംസകൾ. സ്വർഗത്തിൽ അനുഗ്രഹീതനായി ഇരിക്കൂ’, എന്ന കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു കുഞ്ചാക്കോയുടെ ആശംസ. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് താരം ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.
ബോബൻ കുഞ്ചാക്കോ നിർമിച്ച അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബൻ്റെ സിനിമ അരങ്ങേറ്റം. നടനും സംവിധായകനും നിർമാതാവും ആയിരുന്നു ബോബൻ കുഞ്ചാക്കോ. ഉദയ സ്‌റ്റുഡിയോ സ്‌ഥാപിച്ചത് ബോബൻ കുഞ്ചാക്കോയുടെ പിതാവായിരുന്നു. പിതാവ് കുഞ്ചാക്കോ സ്‌ഥാപിച്ച ഉദയാ സ്‌റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത വിതരണ കമ്പനിയായ എക്‌സൽ ഫിലിംസ്, 70കളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്‌സൽ ഗ്ലാസ് ഫാക്‌ടറി എന്നിവയുടെ സാരഥി ബോബൻ കുഞ്ചാക്കോ ആയിരുന്നു.
‘പാട്രിയറ്റ്’, ‘ഒരു ദുരൂഹസാഹചര്യത്തിൽ’, എന്നിവയാണ് കുഞ്ചാക്കോ ബോബൻ്റെതായി റിലീസിനൊരുങ്ങുന്ന സിനിമകൾ. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയായിരുന്നു കുഞ്ചാക്കോയുടേതായി ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.