
അമ്മയുടെ വിയോഗത്തിന് പിന്നാലെ ചർച്ചയായി നടൻ മോഹൻലാലിന്റെ അമ്മയെ കുറിച്ചുള്ള വാക്കുകൾ. “അമ്മയുടെ പ്രായത്തിലുള്ളവർ ആരോഗ്യത്തോടെ നടക്കുന്നത് കാണുമ്പോൾ എന്റെ അമ്മയും ഇതുപോലെ നടക്കേണ്ടതാണെന്ന് ഓർക്കാറുണ്ടെന്നും, അമ്മ പറയുന്നതിൽ ഇപ്പോൾ വ്യക്തത ഇല്ലെങ്കിലും തനിക്ക് എല്ലാം മനസിലാകുന്നുണ്ടെന്നുമായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. മോഹൻലാലിന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അമ്മയുടെ വാക്കുകൾക്ക് മറുപടിയായിട്ടായിരുന്നു മോഹൻലാലിന്റെ പ്രതികരണം. കൈരളി ടി വിയുടെ ജെ ബി ജംഗ്ഷൻഎന്ന പരിപാടിയിലെ മോഹൻലാലിന്റെ വാക്കുകളായിരുന്നു ഇത്.
“ആ ഒരു പയ്യനെ പിടിച്ച് വില്ലനാക്കിയതിൽ എനിക്ക് സങ്കടം വരും. പിന്നെ അതിൽ നിന്നല്ലേ തുടക്കം, നന്നായിട്ടുണ്ട് എന്നാലും എനിക്ക് വിഷമമുണ്ട്. അന്നൊക്കെ ഞാൻ ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ ദേഹത്ത് മുറിവോ ചതവോ ഉണ്ടോ എന്ന് നോക്കും. അന്നും നോക്കും ഇന്നും നോക്കും.” മോഹൻലാലിന്റെ അമ്മ പറഞ്ഞു.
‘ഞാൻ വളരെ കാലത്തിന് ശേഷമാണ് എന്റെ അമ്മയെ ഇങ്ങനെ കാണുന്നത്. അമ്മ ഇപ്പോൾ സംസാരിക്കുന്നതിന് ഒരു ക്ലാരിറ്റി ഇല്ല. പക്ഷെ ‘അമ്മ സംസാരിക്കുന്നത് നമ്മുക്ക് മനസിലാകും. പണ്ട് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുമ്പോൾ അമ്മ വന്ന നോക്കാറുണ്ട് എന്തിനാണ് നീ ഇങ്ങനെ ഫൈറ്റ് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. ഫൈറ്റ് വളരെ അപകടം ഉള്ള കാര്യമാണ്, സിനിമയിൽ ഒരുപാട് പേർ മരിച്ചു പോയിട്ടുണ്ട്. കാർ ഓടിച്ചു പോകുമ്പോൾ എന്റെ അമ്മയുടെ പ്രായത്തിലുള്ളവർ അല്ലെങ്കിൽ അതിനേക്കാൾ പ്രായമുള്ളവർ കുട പിടിച്ച് നടന്നു പോകുമ്പോൾ എല്ലാം ഞാൻ ആലോചിക്കും. എന്റെ അമ്മയും ഇങ്ങനെ തന്നെ ആയിരുന്നു ഇരിക്കേണ്ടിയിരുന്നത്. പക്ഷെ സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് പെട്ടന്ന് അമ്മയ്ക്ക് വയ്യാതാകുന്നത്. അതിനെക്കുറിച്ച് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല, പെട്ടന്നാണ് അത് സംഭവിച്ചത്. ആർക്കും സംഭവിക്കാവുന്ന കാര്യമാണ് അത്. സ്റ്റെനോസിസ് എന്നത് പെട്ടന്ന് ചെറുതായി ചെറുതായി പെട്ടന്ന് ബ്ലോക്ക് ആയതാണ്. തീർച്ചയായും ഒരു അത്ഭുതം സംഭവിക്കും.” മറുപടിയായി മോഹൻലാൽ പറഞ്ഞു.
“എനിക്ക് എന്തേലും വയ്യാതായാൽ ‘അമ്മ വിളിക്കും, പക്ഷെ അവർ ചോദിക്കുമ്പോൾ നമ്മൾ ഇല്ലെന്ന് മാത്രമേ പറയുകയുള്ളൂ കാരണം അതൊരു ബന്ധമാണ്. അവർക്ക് അറിയാൻ പറ്റും. അതുപോലെ അമ്മയ്ക്കും എന്തെങ്കിലും പറ്റിയാൽ ഞാനും ചോദിക്കും. ഒരുപാട് മാസം അവരുടെ ഉള്ളിൽ കിടന്നിട്ടാണലോ വരുന്നത്. ഇപ്പോൾ ‘അമ്മ ഓർമകളിലേക്ക് തിരിച്ച് വന്നുകൊണ്ട് ഇരിയ്ക്കുകയാണ്. അങ്ങനെ ഒരു അമ്മയ്ക്കും വരാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.” മോഹൻലാൽ കൂട്ടിച്ചേർത്തു.
ഇന്നലെയായിരുന്നു മോഹൻലാലിന്റെ ‘അമ്മ ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് പത്ത് വർഷമായി ചികിത്സയിലായിരുന്നു.