
‘സേവ് ബോക്‌സ് ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസുര്യയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജയസുര്യയുടെയും, ഭാര്യയുടെയും മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികൾ പരിശോധിച്ചതിനു ശേഷമാണ് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു തവണയാണ് സംഭവുമായി ബന്ധപ്പെട്ട് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്.
ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിന് ജയസൂര്യക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോൾ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്. സേവ് ബോക്‌സ് ആപ്പ് നിക്ഷേപമെന്ന പേരിൽ നൂറോളം പേരിൽനിന്നും കോടികൾ തട്ടിച്ചതിന് ഇതിൻ്റെ ഉടമ തൃശൂർ സ്വദേശി സ്വാതിക് റഹീമിനെ 2023ൽ തൃശൂർ ഈസ്‌റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് സ്വാതിക് റഹീം. തട്ടിപ്പിൽനിന്നും ലഭിച്ച പണമാണോ ജയസൂര്യക്ക് പ്രതിഫലമായി സ്വാതിക് നൽകിയതെന്നാണ് ഇപ്പോൾ ഇ.ഡി പരിശോധിക്കുന്നത്.
രണ്ടുവർഷം മുൻപ് ഓൺലൈൻ ലേല ആപ്പായ ‘സേവ് ബോക്‌സി’ൻ്റെ ഫ്രൊഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. കേസിൽ സേവ് ബോക്സ് സ്ഥാപന ഉടമയായ തൃശ്ശൂർ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഇഡിയും അന്വേഷണം നടത്തുന്നത്. കേസ് ഏറെവിവാദമായിരുന്നു.
സേവ് ബോക്സ് എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്നുപറഞ്ഞാണ് സേവ് ബോക്സിനെ പരിചയപ്പെടുത്തിയിരുന്നത്. സേവ് ബോക്‌സിൻ്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്‌ദാനം ചെയ്‌താണ് സ്വാതിഖ് റഹീം പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയത്. പഴയ ഐഫോണുകൾ പുതിയ കവറിലിട്ടുനൽകി ഇയാൾ സിനിമാതാരങ്ങളെ കബളിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞവിലയിൽ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്‌ദാനം. ഈ ലേലത്തിൽ പങ്കെടുക്കാനായി സേവ് ബോക്‌സ് നൽകുന്ന വിർച്വൽ കോയിനുകൾ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകൾ ഉപയോഗിച്ചായിരുന്നു ലേലം.