40-ാം വയസ്സിൽ പൂവിട്ട സിനിമാ സ്വപ്നം: സിനിമാ യാത്രയെക്കുറിച്ച് മനസ്സുതുറന്ന് പയ്യന്നൂർകാരി “പ്രേമലത”

','

' ); } ?>

കാലഘട്ടങ്ങളുടെ വളർച്ചയ്‌ക്കൊപ്പം സിനിമയുടെ സ്വഭാവത്തിനും മാറ്റം വരാറുണ്ട്. കഥാപാത്രങ്ങളിലും, കഥയുടെ പശ്ചാത്തലത്തിലുമെല്ലാം ആ മാറ്റം പ്രകടമായി തന്നെ കാണാറുമുണ്ട്. എന്നാലും ‘അമ്മ’ വേഷങ്ങൾക്ക് മലയാള സിനിമയിൽ ഇന്നും തനതായൊരിടം തന്നെയുണ്ട്. നല്ല ‘അമ്മ’ വേഷങ്ങൾ മലയാളികളെന്നും ഓർത്തിരിക്കുകയും ചെയ്യും. അത്തരത്തിൽ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പയ്യന്നൂർ കാരി പ്രേമലത. വിൻസി അലോഷ്യസ് മുതൽ മാത്യു തോമസിന് വരെ ‘അമ്മ’ യായി പ്രേമലത ഇന്ന് വെള്ളിത്തിരയിൽ സജീവമാണ്. ഇപ്പോഴിതാ സിനിമയിലേക്കെത്തപ്പെട്ടതിനെ കുറിച്ചും, വ്യക്തി ജീവിതത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് പ്രേമലത. “കുഞ്ഞു നാൾ മുതൽ ആരോടും പറയാതെ കൊണ്ട് നടന്ന മോഹമായിരുന്നു സിനിമയെന്നും, തന്റെ നാല്പതാം വയസ്സിൽ അത് പൂവണിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നുമാണ്” പ്രേമലത പറയുന്നത്. കൂടാതെ മാത്യുവിന്റെ അമ്മയായി അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും, അത് സാധിച്ചുവെന്നും പ്രേമലത കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കുട്ടിക്കാലം മുതൽക്കേ സിനിമ എന്ന സ്വപ്നം പ്രേമലതയുടെ മനസ്സിലുണ്ടായിരുന്നു. എന്നാൽ അത് ആരോട് പറയുമെന്നോ, എങ്ങനെ യാഥാർഥ്യമാക്കുമെന്നോ അറിയാതെ മനസ്സിൽ തന്നെ കൊണ്ട് നടന്നു. എന്നാൽ കാലം ഏറ്റവും മനോഹരമായി അവർക്കാ സ്വപ്നം സാക്ഷാത്‌കരിച്ചു നൽകി. നാല്പതാം വയസ്സിൽ യാദൃശ്ചികമായി കണ്ട കാസ്റ്റിംഗ് കോളിലേക്ക് വിളിച്ചു നോക്കാൻ പ്രേമയെ പ്രേരിപ്പിച്ചതും കാലത്തിന്റെ നീതിയാകാം. “ഒരു കാസ്റ്റിംഗ് കാൾ കണ്ടപ്പോൾ അതിലേക്ക് വിളിച്ച് നോക്കി. അപ്പോൾ അവര് എന്തെങ്കിലുമൊരു കണ്ടന്റ് ചെയ്തയക്കാൻ പറഞ്ഞു. എന്റെ മകനാണ് എനിക്ക് വീഡിയോ എടുത്തു തന്നത്. വീട്ടിലേക്ക് വാടക ചോദിച്ച് വരുന്ന വീട്ടുടമസ്ഥന്റെയും, അത് കൊടുക്കാനില്ലാത്ത വീട്ടുകാരിയുടെയും രംഗമാണ് ഞാൻ ചെയ്തത്. അത് അപ്പോൾ മനസ്സിൽ തോന്നിയതാണ്. വൈകിട്ട് ഭർത്താവ് വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു. അന്നേരം അച്ഛനും മകനും എന്നെയിട്ട് കളിയാക്കാൻ തുടങ്ങി. കാരണം ഞാനന്ന്വരെ അവരോട് സിനിമയെന്നൊരാഗ്രഹം പറഞ്ഞിട്ടില്ല. പക്ഷെ പിന്നീട് ആ സിനിമയുടെ ഡയറക്ടർ വിളിക്കുകയും, വീട്ടിലേക്ക് വരികയും ചെയ്തു. അദ്ദേഹം എന്റെ ഭർത്താവിന്റെ സുഹൃത്തും കൂടിയായിരുന്നു. പിന്നീട് എന്റെ അഭിനയം കണ്ട് ” ഞാനഭിനയിക്കുമ്പോൾ ആദ്യമായി ചെയ്യുന്ന പോലെ തോന്നുകയേ ഇല്ല, അത്രയ്ക്ക് നന്നായിട്ടുണ്ട്” എന്നൊക്കെ അദ്ദേഹം എന്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്. പിന്നീട് ഒരുപാട് ഓഡിഷന് പോയി. ദൈവം സഹായിച്ച് പോയ ഓഡിഷനൊക്കെ എനിക്ക് കിട്ടുകയും ചെയ്തിട്ടുണ്ട്. ” പ്രേമലത പറഞ്ഞു.

പ്രേമലതയുടെ ഏറ്റവും വലിയ പിന്തുണ കുടുംബമാണ്. അച്ഛനും മകനും. താനവരോട് ആഗ്രഹം പറയാൻ വൈകിയത് കൊണ്ടാണെന്നും, അല്ലെങ്കിൽ അവരെന്നേ തന്റെ കൂടെ നിൽക്കുമായിരുന്നുമെന്നുമാണ് പ്രേമ പറയുന്നത്. “എന്റെ ഏറ്റവും വലിയ പിന്തുണ എന്റെ ഭർത്താവും, മകനുമാണ്. ലൊക്കേഷനുകളിൽ മകന് ലീവുള്ളപ്പോൾ അവൻ വരും അല്ലാത്തപ്പോൾ ഭർത്താവ് വരും. ഇനി ഭർത്താവിന് ലീവില്ലെങ്കിൽ തന്നെ എനിക്ക് വേണ്ടി അദ്ദേഹം ലീവ് ആക്കി വരും. ആദ്യ സിനിമയുടെ ഷൂട്ടിങ് തീരാറായപ്പോഴാണ് അടുത്ത ഓഡിഷൻ കാണുന്നത്. നിനക്കു താല്പര്യമുണ്ടെങ്കിൽ ഒന്നും നോക്കണ്ട വാ പോകാം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അത് കൊണ്ട് സിനിമ പോലെ തന്നെ കുടുംബവും ഞാൻ കൊണ്ട് നടക്കും. നാട്ടിൽ തന്നെയാണ് ഷൂട്ട് വരുന്നതെങ്കിൽ ആറു മണിക്ക് ലൊക്കേഷനിൽ എത്തണം. അത് കൊണ്ട് ഞാൻ മൂന്നു മണിക്ക് എഴുന്നേൽക്കും. ചായയും, പലഹാരവും, ചോറും, കറിയുമൊക്കെ ഉണ്ടാക്കി വെച്ച് ലൊക്കേഷനിലേക്ക് പോകും.” പ്രേമലത കൂട്ടിച്ചേർത്തു.

തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് നടൻ മാത്യു തോമസിനെ കുറിച്ചും പ്രേമലത പറയുന്നത്. മാത്യുവിന്റെ അമ്മയായി അഭിനയിക്കണമെന്നത് തന്റെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും അത് സാധ്യമായതിൽ വലിയ സന്തോഷമുണ്ടെന്നും പ്രേമലത പറഞ്ഞു. തന്നെയുമല്ല അത് വരെ പെൺകുട്ടികളുടെ ‘അമ്മ വേഷം ചെയ്ത പ്രേമലതയ്ക്ക് കിട്ടിയ ആദ്യത്തെ ആൺകുട്ടിയുടെ ‘അമ്മ വേഷം കൂടിയായിരുന്നു അത്.

ക്ലീഷേ അമ്മ വേഷങ്ങളിൽ നിന്നും മാറി, പയ്യന്നൂർ ശൈലിയിലുള്ള സംസാരവും തന്മയത്വമുള്ള അഭിനയവും പ്രേമലതയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്. ‘അമ്മ വേഷങ്ങൾ മാത്രം പോരാ നായികയായും പ്രേമലതയെ ഞങ്ങൾക്ക് വേണമെന്ന് പറയുമ്പോൾ ഏറ്റവും നിഷ്കളങ്കമായി ‘നോക്കാം’ എന്നവർ പറയുന്നതും അവരുടെ സിനിമയെന്ന മോഹത്തോടുള്ള ആത്മ വിശ്വാസമായിരുന്നു. തന്റെ നാല്പതുകളിൽ ആഗ്രഹിച്ചത് നേടിയെടുത്തതും അതേ ആത്മവിശ്വാസം കൊണ്ട് തന്നെയാണ്. തീവ്രമായി ആഗ്രഹിക്കുന്നതെന്തും നടക്കുമെന്നും, അതിനു വേണ്ടി പരിശ്രമിക്കാനുള്ള മനസ്സുണ്ടായാൽ മതിയെന്നും പ്രേമലത ഉറപ്പിച്ച് പറയുന്നതും അത് കൊണ്ടാവാം. പയ്യന്നൂരിന്റെ മണ്ണിൽ നിന്നും മലയാള സിനിമയുടെ ഹൃദയത്തിലേക്ക് നടന്നു കയറുന്ന കലാകാരി സിനിമ സ്വപ്നം കാണുന്ന ഏതൊരാൾക്കും പ്രചോദനം തന്നെയാണ്.