“15 വർഷത്തിന് ശേഷം മാരുതി നൽകുന്ന ഒരു പൂർണ്ണമായ ‘ഡാർലിംഗ്’ എന്‍റർടെയ്ൻമെന്റാണ് ചിത്രം”; പ്രഭാസ്

','

' ); } ?>

സംവിധായകൻ മാരുതി പേന കൊണ്ടാണോ അതോ മെഷീൻ ഗൺ കൊണ്ടാണോ തിരക്കഥ എഴുതുന്നതെന്ന് അത്ഭുതപെട്ടിട്ടുണ്ടെന്ന് നടൻ പ്രഭാസ്. ‘രാജാ സാബി’ന്‍റെ കഴിഞ്ഞ മൂന്ന് വർഷത്തെ സമ്മർദ്ദവും ഉത്തരവാദിത്തവും ഏറ്റവും കൂടുതലുള്ളത് സംവിധായകൻ മാരുതിക്കാണെന്നും, 15 വർഷത്തിന് ശേഷം മാരുതി ഒരു പൂർണ്ണമായ ‘ഡാർലിംഗ്’ എന്‍റർടെയ്ൻമെന്‍റ് നൽകുകയാണെന്നും പ്രഭാസ് പറഞ്ഞു. കൂടാതെ ചിത്രത്തിൽ സെറീന വഹാബ് ഡബ്ബ് ചെയ്തുകൊണ്ടിരുന്നപ്പോൾ തന്റെ സ്വന്തം സീനുകൾ പോലും മറന്ന് താൻ അവരുടെ പ്രകടനം നോക്കി നിന്നുപോയിട്ടുണ്ടെന്നും, സെറീന ഗാരുവും ‘രാജാ സാബി’ലെ ഒരു ഹീറോ തന്നെയാണെന്നും പ്രഭാസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന രാജാസാബ് പ്രീ റിലീസ് ഇവന്‍റിലാണ് പ്രഭാസ് ഈ കാര്യങ്ങൾ പറഞ്ഞത്.

‘രാജാ സാബി’ന്‍റെ കഴിഞ്ഞ മൂന്ന് വർഷത്തെ സമ്മർദ്ദവും ഉത്തരവാദിത്തവും ഏറ്റവും കൂടുതലുള്ളത് സംവിധായകൻ മാരുതിക്കാണ്. ഞാൻ ആദ്യം മാരുതി ഗാരുവിനെ കണ്ടപ്പോൾ പറഞ്ഞത്, ഇപ്പോൾ എല്ലാ സിനിമകളും ആക്ഷൻ സിനിമകളായി മാറിക്കൊണ്ടിരിക്കുകയാണ്, അതിനാൽ നമുക്ക് ആരാധകർക്ക് നല്ലൊരു എന്‍റർടെയ്നർ സിനിമ നൽകണം എന്നാണ്. അങ്ങനെയാണ് ഹൊറർ-കോമഡി വിഭാഗത്തിൽ ഞങ്ങൾ ഈ പ്രോജക്റ്റ് തയ്യാറാക്കിയത്. വിശ്വപ്രസാദ് ഗാരു മാരുതിയുടെ സ്ക്രിപ്റ്റിന് എപ്പോഴും പിന്തുണ നൽകി. ക്ലൈമാക്സ് എത്തിയപ്പോൾ ഞാൻ മാരുതി ഗാരുവിന്‍റെ എഴുത്തിന്‍റെ ആരാധകനായി മാറി. അദ്ദേഹം ഇത് എഴുതിയത് പേന കൊണ്ടാണോ അതോ മെഷീൻ ഗൺ കൊണ്ടാണോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഹൊറർ-കോമഡി സിനിമകളിൽ പോലും ഇത്തരമൊരു ക്ലൈമാക്സ് ഇതുവരെ വന്നിട്ടില്ല. നിങ്ങൾ ഇത് കണ്ട് എന്നോട് അഭിപ്രായം പറയണം. 15 വർഷത്തിന് ശേഷം മാരുതി ഒരു പൂർണ്ണമായ ‘ഡാർലിംഗ്’ എന്‍റർടെയ്ൻമെന്‍റ് നൽകുകയാണ്.” പ്രഭാസ് പറഞ്ഞു.

“ഇതൊരു മുത്തശ്ശിയുടെയും കൊച്ചുമകന്‍റെയും കഥയാണ്. സെറീന വഹാബ് ഗാരുവാണ് ഈ ചിത്രത്തിൽ എന്‍റെ മുത്തശ്ശിയായി അഭിനയിച്ചത്. അവർ ഡബ്ബ് ചെയ്തുകൊണ്ടിരുന്നപ്പോൾ എന്‍റെ സ്വന്തം സീനുകൾ പോലും മറന്ന് ഞാൻ അവരുടെ പ്രകടനം നോക്കി നിന്നുപോയി. ഞാൻ അവരുടെ അഭിനയത്തിന്‍റെ വലിയൊരു ആരാധകനായി മാറി. എന്നോടൊപ്പം സെറീന ഗാരുവും ‘രാജാ സാബി’ലെ ഒരു ഹീറോ തന്നെയാണ്. റിദ്ധി, മാളവിക, നിധി എന്നീ മൂന്ന് സുന്ദരികളായ നായികമാരും തങ്ങളുടെ പ്രകടനത്തിലൂടെയും സ്ക്രീൻ പ്രസൻസിലൂടെയും നിങ്ങളെ ആകർഷിക്കും.” പ്രഭാസ് കൂട്ടിച്ചേർത്തു.

പ്രഭാസിനെ നായകനാക്കി മാരുതി ഒരുക്കുന്ന ചിത്രമാണ് ദി രാജാസാബ്. ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായി ഒരു ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമ വമ്പൻ ബജറ്റിൽ ആണ് ചിത്രമെത്തുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ചിരഞ്ജീവി, ശർവാനന്ദ്, രവി തേജ തുടങ്ങിയ താരങ്ങളുടെ സിനിമകളും സംക്രാന്തിക്ക് എത്തുന്നുണ്ട്.