‘ജനനായകന്’ കേരളത്തിൽ പുലര്‍ച്ചെ ഷോ ഇല്ല; കാരണം വെളിപ്പെടുത്തി വിതരണകമ്പിനി

','

' ); } ?>

വിജയ്‍യുടെ അവസാന ചിത്രമായ ‘ജനനായകന്’ പുലര്‍ച്ചെ 4 മണിക്ക് കേരളത്തില്‍ ഷോ ഇല്ലെന്ന് വെളിപ്പെടുത്തി വിതരണകമ്പിനിയായ എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്. കേരളത്തിലെ 4 മണി ഷോകള്‍ക്ക് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ നിന്നും അനുമതി ലഭിക്കാത്തതാണ് കാരണമെന്നാണ് എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് പറയുന്നത്.

“കേരളത്തില്‍ ജനനായകന്‍റെ 4 മണി ഷോ നടത്താന്‍ ഞങ്ങള്‍ എല്ലാ പരിശ്രമവും നടത്തി. നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് അതിനുള്ള അനുമതി ആദ്യം ലഭിച്ചിരുന്നതുമാണ്. എന്നാല്‍ നിലവിലെ സാഹചര്യവും തമിഴ്നാട്ടില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചില വിഷയങ്ങളും കാരണം 4 മണി ഷോയുടെ ലൈസന്‍സിന് അനുമതി ലഭിച്ചില്ല. അതിനാല്‍ പുലര്‍ച്ചെ 6 മണിക്ക് ആയിരിക്കും ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യ ഷോ. കേരളത്തിലെ വിജയ് ആരാധകര്‍ക്ക് ഉണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നുവെന്നും 6 മണിയുടെ ആദ്യ ഷോകള്‍ക്ക് ആരാധക പിന്തുണ ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.” എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് പ്രസ്താവനയില്‍ കുറിച്ചു.

തമിഴ് നാടിനു പുറമെ വിജയ് ആരാധകര്‍ ഒരുപാടുള്ള സ്ഥലമാണ് കേരളം. എമ്പുരാന്‍ വരുന്നതിന് മുന്‍പ് കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് വിജയ് നായകനായ ലിയോയുടെ പേരില്‍ ആയിരുന്നു. പുലര്‍ച്ചെ നാല് മണിക്കാണ് സമീപ വര്‍ഷങ്ങളിലെ വിജയ് ചിത്രങ്ങളുടെയെല്ലാം ആദ്യ ഷോ കേരളത്തില്‍ നടന്നിട്ടുള്ളത്. തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ അതിര്‍ത്തി ജില്ലകളിലെ തിയറ്ററുകളില്‍ 4 മണി ഷോ കാണാന്‍ തമിഴ്നാട്ടില്‍ നിന്നുപോലും ആരാധകര്‍ എത്താറുണ്ടായിരുന്നു.

കേരളത്തിലെ ആദ്യ ഷോകള്‍ പുലര്‍ച്ചെ 4 മണിക്ക് ആണെന്ന് ഏതാനും ദിവസം മുന്‍പ് വിതരണക്കാര്‍ തന്നെ അറിയിച്ചിരുന്നതുമാണ്. എറണാകുളം കവിത അടക്കമുള്ള തിയറ്ററുകളില്‍ ഫാന്‍സ് ഷോ ആയി സംഘടിപ്പിച്ചിരുന്ന റിലീസ് ദിനത്തിലെ 4 മണി ഷോയുടെ ടിക്കറ്റ് രണ്ട് മാസം മുന്‍പേ വിറ്റും പോയിരുന്നു.

വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണവുമായാണ് ജനനായകൻ എത്തുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജനുവരി 9 ആം തീയതി ചിത്രം പ്രദർശനത്തിനെത്തും.