
13 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി എസ് എസ് രാജമൗലി ചിത്രം ‘ഈച്ച’. 2026 ൽ ഈച്ച വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തും. ചിത്രം 3D യിലും എത്തുമെന്നും റിപ്പോർട്ടുണ്ട്. രാജമൗലിയുടെ അടുത്ത സിനിമയായ വാരണാസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.
2012ലാണ് ചിത്രം പുറത്തിറങ്ങുന്നത്. തെലുങ്കിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തിരുന്നു. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം 130 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. ഈഗ എന്നാണ് സിനിമയുടെ തെലുങ്കിലെ പേര്. കിച്ച സുദീപ്, സാമന്ത, നാനി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ കിച്ച സുദീപ് അവതരിപ്പിച്ച വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോക്സ് ഓഫീസിൽ നിന്നും സിനിമ 100 കോടിയോളം നേടിയിരുന്നു.
അതേസമയം, മഹേഷ് ബാബു ചിത്രം വാരണാസിയാണ് ഇനി പുറത്തിറങ്ങാനുള്ള രാജമൗലി ചിത്രം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ എത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.
രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.