
മലയാള സാഹിത്യത്തിലും നാടകത്തിലും സിനിമയിലും ഒരുപോലെ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അതുല്യ കലാകാരനാണ് നടനും സാഹിത്യ നിരൂപകനുമായ ‘നരേന്ദ്ര പ്രസാദ്.’ കലയെ എത്രമാത്രം ഗൗരവത്തോടെ നോക്കികാണണമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ലഭിക്കുന്ന കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ, തന്റെ കഥാപാത്രം പ്രേക്ഷകരിലേക്കെത്തിക്കുന്ന സന്ദേശത്തിനു പ്രാധാന്യം കൊടുത്തൊരു അനശ്വര പ്രതിഭ. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ജന്മദിനമെന്ന് പറയുമ്പോൾ അതൊരു വെറും അനുസ്മരണ ദിവസം മാത്രമല്ല, പകരം ഒരു കാലഘട്ടത്തെ തിരിഞ്ഞുനോക്കാനുള്ള അവസരം കൂടിയാണ്. മലയാളത്തിന്റെ ബൗദ്ധിക–സാംസ്കാരിക ചരിത്രത്തിലെ നിർണായകമായ പല വഴിത്തിരിവുകളും തിരിച്ചറിയാനുളള അവസരം കൂടിയാണ്. മലയാളത്തിന്റെ എക്കാലത്തെയും മഹാ പ്രതിഭയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
ആധുനിക സാഹിത്യത്തിന്റെ വരവോടെ മലയാള സാഹിത്യത്തിൽ വലിയ ഭാവുകത്വപരിണാമങ്ങളാണ് സംഭവിച്ചത്. എം. മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, കാക്കനാടൻ, മാധവിക്കുട്ടി, സക്കറിയ തുടങ്ങിയവർ കഥകളിലൂടെയും സച്ചിദാനന്ദൻ, കടമ്മനിട്ട തുടങ്ങിയവർ കവിതകളിലൂടെയും പുതിയ കാലത്തിന്റെ അനുഭൂതികളെ എഴുത്തിലേക്കു കൊണ്ടുവന്ന കാലം. ഈ മാറ്റങ്ങളെ വായനക്കാർക്ക് ബോധ്യപ്പെടുത്തുകയും അവയുടെ സിദ്ധാന്തപരവും കലാപരവുമായ അടിത്തറ വിശദീകരിക്കുകയും ചെയ്തവരിൽ മുൻനിരയിൽ നിൽക്കുന്ന നിരൂപകനായിരുന്നു നരേന്ദ്രപ്രസാദ്.
ഓരോ സാഹിത്യമുന്നേറ്റത്തെയും സൂക്ഷ്മമായി നിരീക്ഷിച്ച് അതിനെ കൃത്യമായ ഭാഷയിൽ രേഖപ്പെടുത്തുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഇന്ന് പോലും സാഹിത്യവിമർശനരംഗത്ത് പാഠപുസ്തകമെന്നപോലെ പഠിക്കാവുന്ന ലേഖനങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ഒറ്റയൊറ്റയായ കഥകളെ ആഴത്തിൽ പഠിച്ച് അവയുടെ ഘടനയും അർത്ഥവ്യാപ്തിയും തുറന്നു കാണിക്കുന്നതിൽ അദ്ദേഹത്തിന് അപൂർവമായ നൈപുണ്യമുണ്ടായിരുന്നു. എം.പി. നാരായണപ്പിള്ളയുടെ ‘മുരുകൻ എന്ന പാമ്പാട്ടി’ എന്ന കഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം മലയാള നിരൂപണചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ്. കഥകളെപ്പോലെ തന്നെ കവിതകളും അദ്ദേഹത്തിന്റെ വിമർശനവിസ്തൃതിയിൽ ഇടംപിടിച്ചു. സച്ചിദാനന്ദന്റെയും കടമ്മനിട്ടയുടെയും കവിതാസമാഹാരങ്ങൾക്കു എഴുതിയ ആമുഖപഠനങ്ങൾ, ആധുനിക കവിതയുടെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും വായനക്കാർക്ക് അടുത്താക്കി. പിന്നീട് ഈ ലേഖനങ്ങൾ സമാഹാരങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടതോടെ നരേന്ദ്രപ്രസാദ് ഒരു തലമുറയുടെ ബൗദ്ധിക വഴികാട്ടിയായി മാറി.
നിരൂപകനെന്ന നിലയിൽ ഉറച്ച സ്ഥാനം നേടിയ ശേഷമാണ് നാടകമാണ് തന്റെ യഥാർത്ഥ തട്ടകമെന്ന തിരിച്ചറിവ് നരേന്ദ്രപ്രസാദിന് ഉണ്ടാകുന്നത്. അതൊരു തികച്ചും യാദൃച്ഛികമായ അനുഭവമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നാടകവിഭാഗം, ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ കോളേജ് അധ്യാപകർക്കായി സംഘടിപ്പിച്ച തിയേറ്റർ വർക്‌ഷോപ്പിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. യു.ജി.സി ഫണ്ടോടുകൂടിയ ദേശീയ ശില്പശാലയായിരുന്നു അത്. ക്യാംപസ് തിയേറ്റർ ശക്തിപ്പെടുത്തുക, നാടകത്തിൽ താൽപര്യമുള്ള വിദ്യാർഥികളെ വാർത്തെടുക്കാൻ അധ്യാപകരെ പരിശീലിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. യൂറോപ്യൻ രാജ്യങ്ങളിൽ ശക്തമായിരുന്ന ക്യാംപസ് തിയേറ്റർ സംസ്കാരത്തിന്റെ ആത്മാവാണ് ആ ശില്പശാലയിൽ പ്രതിഫലിച്ചത്. മലയാളത്തിനു പുറമേ തമിഴ്, കന്നട, മണിപ്പൂരി ഭാഷകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്ത ആ ഒരു മാസത്തെ ക്യാമ്പിൽ നിന്നാണ് നരേന്ദ്രപ്രസാദ് എന്ന നാടകകൃത്ത് രൂപംകൊള്ളുന്നത്.
1979-ൽ എഴുതിയ ആദ്യ നാടകം ‘മൂന്നു പ്രഭുക്കന്മാർ’ തിരുവനന്തപുരത്ത് പി.കെ. വിക്രമൻ നായർ ട്രോഫി നാടകമത്സരത്തിൽ അവതരിപ്പിക്കപ്പെട്ടു. ആദ്യ നാടകത്തിന് തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചത് അദ്ദേഹത്തിന്റെ പ്രതിഭയുടെ ശക്തി തെളിയിച്ചു. തുടർന്ന് വന്ന ‘ഇര’ എന്ന നാടകവും പുരസ്കാരനേട്ടങ്ങളുമായി ശ്രദ്ധ നേടി. ‘സൗപർണിക’യും ‘വെള്ളിയാഴ്‌ച’യും നാടകചരിത്രത്തിലെ നാഴികക്കല്ലുകൾ.
1982-ൽ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേച്വർ നാടകമത്സരത്തിൽ ‘സൗപർണിക’ ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. രചന, സംവിധാനം, നടൻ, നടി തുടങ്ങി എല്ലാ പ്രധാന വിഭാഗങ്ങളിലും അവാർഡുകൾ ഈ നാടകം സ്വന്തമാക്കി. കേരളമൊട്ടാകെ വേദികളിൽ അരങ്ങേറിയ ‘സൗപർണിക’ ദേശീയ നാടകോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1985-ൽ ‘വെള്ളിയാഴ്‌ച’ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ മത്സരത്തിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തെ ചെറുപ്പക്കാരായ നാടകപ്രവർത്തകരെ കൂട്ടിച്ചേർത്ത് രൂപംകൊണ്ട ‘നാട്യഗൃഹം’ എന്ന ട്രൂപ്പ് കേരള നാടകചരിത്രത്തിലെ ഒരു നാഴികക്കല്ലായി. ഭരത് മുരളി, എം.ആർ. ഗോപകുമാർ, എൻ.കെ. ഗോപാലകൃഷ്ണൻ, ലീല പണിക്കർ, എം.വി. ഗോപകുമാർ, കെ.എം. റഷീദ് തുടങ്ങിയവരോടൊപ്പം നരേന്ദ്രപ്രസാദിന്റെ നാടകങ്ങൾ മലയാള നാടകത്തിന് പുതിയ ഭാഷയും ശരീരവുമൊരുക്കി.
1945 ഒക്ടോബർ 26-ന് മാവേലിക്കരയിൽ രാഘവപ്പണിക്കരുടെ മകനായാണ് നരേന്ദ്ര പ്രസാദിന്റെ ജനനം. അധ്യാപകനായിരുന്നു. ബിഷപ്പ് മൂർ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, പിന്നീട് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറായി. അക്കാദമിക രംഗത്തും കലാരംഗത്തും ഒരുപോലെ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞത് ഈ അപൂർവ സമന്വയത്തിലൂടെയായിരുന്നു.
ആദ്യകാലങ്ങളിൽ സിനിമയോട് വലിയ ആഭിമുഖ്യം പുലർത്താതിരുന്ന നരേന്ദ്രപ്രസാദ്, ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകൾ’ എന്ന ടെലിഫിലിമിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 1989-ൽ ‘അസ്ഥികൾ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു മുൻപേ ഭരതന്റെ ‘വൈശാലി’യിൽ രാജാവിന്റെ കഥാപാത്രത്തിന് ശബ്ദം നൽകുകയും പത്മരാജന്റെ അവസാന ചിത്രം ‘ഞാൻ ഗന്ധർവ്വൻ’ ൽ അശരീരിയായ ശബ്ദമായി മാറുകയും ചെയ്തു.
‘തലസ്ഥാനം, രാജശിൽപി, അദ്വൈതം, പൈതൃകം, ഏകലവ്യൻ, ആയിരപ്പറ, മേലേപ്പറമ്പിൽ ആൺവീട്, തലമുറ, യാദവം, ഭീഷ്മാചാര്യ, സി.ഐ.ഡി. ഉണ്ണികൃഷ്ണൻ, ഭാഗ്യവാൻ, വാർധക്യ പുരാണം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യഘടകമായി. വില്ലൻ എന്ന ശരീരഘടനയില്ലാതിരുന്നിട്ടും, വില്ലൻ എന്ന ആശയത്തിന്റെ പര്യായമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞത് അഭിനയത്തിന്റെ ബൗദ്ധികത കൊണ്ടായിരുന്നു. അതേസമയം, ‘മേലേപ്പറമ്പിൽ ആൺവീട്, ആലഞ്ചേരി തമ്പ്രാക്കൾ, അനിയൻ ബാവ ചേട്ടൻ ബാവ’ തുടങ്ങിയ ചിത്രങ്ങളിൽ തമാശയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എങ്കിലും സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് സുതാര്യമായിരുന്നു:
“കച്ചവടസിനിമയിലാണ് ഞാൻ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല. അഭിനയം ഒരു സാമ്പത്തിക തൊഴിലായി മാത്രമാണ് ഞാൻ കാണുന്നത്.” അത് അദ്ദേഹത്തിന്റെ സിനിമയോടുള്ള ശകതമായ രാഷ്ട്രീയം കൂടിയായിരുന്നു.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് അമ്പത്തിയാറാമത്തെ വയസ്സിൽ നരേന്ദ്രപ്രസാദ് അകാലത്തിൽ വിടവാങ്ങി. എന്നാൽ അദ്ദേഹം വിട്ടുപോയ ശൂന്യത ഇന്നും മലയാള കലാസാഹിത്യലോകം അനുഭവിക്കുന്നു. മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭയുടെ ഔദ്യോഗിക അംഗീകാരങ്ങളാണ്.
ഇന്ന് നരേന്ദ്രപ്രസാദിന്റെ ജന്മദിനത്തിൽ, ഒരു നടനെ മാത്രം അല്ല, ഒരു നിരൂപകനെയും നാടകകൃത്തെയും അധ്യാപകനെയും ബൗദ്ധികനെയും ഒരുമിച്ച് ഓർക്കുകയാണ് മലയാളം. കാലം മാറുമ്പോഴും അദ്ദേഹത്തിന്റെ എഴുത്തും നാടകങ്ങളും അഭിനയവും നമ്മോട് ചോദിച്ചുകൊണ്ടിരിക്കുന്നു കലയെ എത്രമാത്രം ഗൗരവത്തോടെ നാം കാണുന്നു? അത് തന്നെയാണ് നരേന്ദ്രപ്രസാദ് എന്ന കലാകാരൻ ഇന്നും നമ്മിൽ ജീവിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവ്. മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.