“സിനിമയുടെ ലാഭനഷ്‌ടക്കണക്കുകൾ പുറത്തുവിടുന്ന രീതിയോട് യോജിക്കാൻ കഴിയില്ല, നല്ല സിനിമകൾ ഉണ്ടാക്കുകയെന്നതാണ് പ്രധാനം”; നിവിൻ പോളി

','

' ); } ?>

സിനിമാ നിർമാണത്തിന്റെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടേണ്ടതില്ലെന്ന് അഭിപ്രായം വ്യക്തമാക്കി നടൻ നിവിൻ പോളി. സിനിമയുടെ ലാഭനഷ്‌ടക്കണക്കുകൾ പുറത്തുവിടുന്ന നിർമാതാക്കളുടെ രീതിയോട് തനിക്ക് യോജിപ്പില്ലെന്നും, ഇത്രയും നാൾ ഇല്ലാതിരുന്ന പരിപാടിയായിരുന്നു ഇതെന്നും നിവിൻ പോളി പറഞ്ഞു. കൂടാതെ ഇത്തരത്തിലുള്ള കീഴ്വ‌ഴക്കങ്ങൾ കൂടുതൽ നിക്ഷേപകർ ഈ രംഗത്തേക്ക് വരുന്നതിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണെന്നും നിവിൻ കൂട്ടിച്ചേർത്തു. പുതിയ സിനിമയായ സർവ്വം മായയുടെ പ്രചരണാർഥം ദുബായിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നല്ല സിനിമകൾ ഉണ്ടാക്കുകയെന്നതാണ് പ്രധാനം. എന്തിനാണ് ഈ കണക്കുകൾ പുറത്തുവിടുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഇത്രയും നാൾ ഇല്ലാതിരുന്ന പരിപാടിയായിരുന്നു ഇത്. എല്ലാവരും ചേർന്ന് ഒരു കുട്ടായ്മ‌യെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ, ഇത്തരത്തിലുള്ള കീഴ്വ‌ഴക്കങ്ങൾ കൂടുതൽ നിക്ഷേപകർ ഈ രംഗത്തേക്ക് വരുന്നതിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.” നിവിൻ പോളി പറഞ്ഞു.

“ഏതൊരു വ്യവസായമായിരുന്നാലും ലാഭവും നഷ്‌ടവുമുണ്ടാകാറുണ്ട്. എന്നാൽ, ഇതൊന്നും അങ്ങനെ പുറത്തുവിടണമെന്നില്ല. മലയാള സിനിമ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാവരുടെയും കൂട്ടായ്മ ഉണ്ടാകണമെന്ന് മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്.” നിവിൻ പോളി കൂട്ടിച്ചേർത്തു.

സർവ്വം മായ സിനിമയുടെ സംവിധായകൻ അഖിൽ സത്യൻ, നടി റിയാ ഷിബു, നിർമാതാവ് രാജീവ് മേനോൻ, കണ്ണൻ രവി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ക്രിസ്ത്മസ് റിലീസായാണ് സർവം മായ തീയേറ്ററുകളിലെത്തിയത്. മികച്ച പ്രതിയകരണമാണ് ചിത്രം നേടി കൊണ്ടിരിക്കുന്നത്.