
സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള തെലുങ്ക് നടൻ ശിവാജിയുടെ വിവാദ പരാമർശത്തിനെതിരെ വിമർശനവുമായി ഗായിക ചിന്മയി.
സ്ത്രീകൾ ഇവിടെ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്ന് വിശ്വസിക്കാനാകുന്നില്ലെന്നും, ഒരു മികച്ച സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ച ശിവാജി ഒടുവിൽ സ്ത്രീവിരുദ്ധരുടെ നായകനായിരിക്കുകയാണെന്നും ചിന്മയി കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചിന്മയിയുടെ പ്രതികരണം.
‘തങ്ങളുടെ ശരീരഭാഗങ്ങൾ മറച്ചുവെക്കാൻ സാരിയുടുക്കണമെന്ന് അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച് നടിമാരെ അനാവശ്യമായി ഉപദേശിക്കുകയാണ് തെലുങ്ക് നടൻ ശിവാജി. ഒരു മികച്ച സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ച ശിവാജി ഒടുവിൽ സ്ത്രീവിരുദ്ധരുടെ നായകനായിരിക്കുകയാണ്. പ്രൊഫഷണലായ ഇടങ്ങളിലാണ് ശിവാജി ഇത്തരം അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം.’ ചിന്മയി കുറിച്ചു.
‘അയാൾ ധരിക്കുന്നത് ജീൻസും ഹൂഡിയുമാണ്. മുണ്ട് ധരിച്ച് ഇന്ത്യൻ സംസ്കാരം പിന്തുടരുകയാണ് അദ്ദേഹം ചെയ്യേണ്ടത്. വിവാഹിതനാണെങ്കിൽ അദ്ദേഹം പൊട്ട് ധരിക്കണം. കൂടാതെ വവാഹിതനാണെന്ന് സൂചിപ്പിക്കുന്ന മറ്റ് അടയാള ചിഹ്നങ്ങളും അദ്ദേഹം ധരിക്കണം. സ്ത്രീകൾ ഇവിടെ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്ന് വിശ്വസിക്കാനാകുന്നില്ല.’ -ചിന്മയി കൂട്ടിച്ചേർത്തു.
ധണ്ടോര എന്ന പുതിയ ചിത്രത്തിൻ്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിലെ സെക്കൻഡ് റണ്ണർ അപ്പ് കൂടിയായ ശിവാജി വിവാദ പരാമർശങ്ങൾ നടത്തിയത്. ചിത്രത്തിലെ വനിതാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ശിവാജി ഇക്കാര്യങ്ങൾ പറഞ്ഞത്. രീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും താൻ അഭ്യർത്ഥിക്കുകയാണെന്നും, ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂവെന്നും ശിവാജി പറഞ്ഞു. കൂടാതെ മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളതെന്നും ശിവാജി കൂട്ടിച്ചേർത്തു. നിരവധി പേരാണ് ചിന്മയിയുടെ വിമർശന പോസ്റ്റിനെ പിന്തുണച്ച് കമന്റുകളിട്ടത്.