
മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങിയ തുടരും സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് നടൻ നിവിൻ പോളി. കുറേ നാളുകൾക്ക് ശേഷം ലാലേട്ടനെ കണക്ടായെന്നും, ലാൽ സാറിനെ അങ്ങനെ കണ്ട് കഴിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നിയെന്നും നിവിൻ പറഞ്ഞു. കൂടാതെ ഈ വർഷം കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ലോകയാണെന്നും നിവിൻ കൂട്ടിച്ചേർത്തു. സർവ്വം മായ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പേളി മാണിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ.
”തുടരും പൊളി ആയിരുന്നു. ലാൽ സാറിനെ അങ്ങനെ കണ്ട് കഴിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഇമോഷണലിയും ആ കഥാപാത്രവുമായി നമുക്ക് നല്ല കണക്ഷൻ തോന്നും. വില്ലൻ അടിപൊളി ആയിരുന്നു. കുറേ നാളുകൾക്ക് ശേഷം ലാലേട്ടനെ നമുക്ക് കണക്ട് ആയി. ഞാൻ ‘സിനിമ കാണുന്നത് വളരെ കുറവാണ്. കണ്ടതിൽ റ്റവും ഇഷ്ടപ്പെട്ട ചിത്രം ലോക ആണ്. അതൊരു നല്ല സിനിമയായിരുന്നു. എക്കോയും നല്ല സിനിമയായിരുന്നു. പക്ഷെ കാണാൻ സാധിച്ചിട്ടില്ല.” നിവിൻ പോളി പറഞ്ഞു.
അഭിമുഖത്തിൽ അജു വർഗീസും ഉണ്ടായിരുന്നു. എക്കോയാണ് അജു ഇഷ്ട ചിത്രമായി പറഞ്ഞത്. എക്കോ മികച്ച ചിത്രമാണെന്നും തനിക്ക് വർക്കായെന്നും അജു പറഞ്ഞു. അതേസമയം, നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന സർവ്വം മായ ഡിസംബർ 25നാണ് തിയേറ്ററുകൡലെത്തുന്നത്. അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ.
സിനിമയുടെ ടീസറിനും ബിടിഎസ് വീഡിയോസിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വളരെ ഫൺ മൂഡിലുള്ള ഫീൽ ഗുഡ് ചിത്രമെന്ന സൂചനയാണ് ഇവയെല്ലാം നൽകുന്നത്. പോസ്റ്ററുകളും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന പാട്ടും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സിനിമ നിവിൻ പോളി ഫാൻസിന് ട്രീറ്റായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.