
14ാം വിവാഹ വാർഷികത്തിൽ ഭാര്യ അമാലിനായി വൈകാരമായ കുറിപ്പ് പങ്കുവെച്ച് നടൻ ദുൽഖർ സൽമാൻ. നിന്റെ ജീവിതപങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ നന്ദിയുള്ളവനാണെന്നും, നമ്മൾ രണ്ടുപേരിൽ നീയാണ് നല്ല പാതി എന്ന് ഈ ലോകം മുഴുവൻ സമ്മതിക്കുമെന്നും ദുൽഖർ കുറിച്ചു. 2011 ഡിസംബർ 22ന് ആയിരുന്നു ദുൽഖർ-അമാൽ വിവാഹം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു ദുൽഖറിന്റെ കുറിപ്പ്.
“14 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം, രണ്ട് വ്യത്യസ്ത വീടുകളിൽ നിന്നുള്ള രണ്ട് വ്യക്തികളായി പുതുതായി വിവാഹിതരായി നമ്മൾ ഒരുമിച്ച് ഒരു വേദിയിൽ നിൽക്കുകയായിരുന്നു. അൽപ്പം പരിഭ്രമത്തോടെ… ഒരുപാട് പ്രതീക്ഷകളോടെ… മുന്നിലുള്ള ജീവിതത്തെക്കുറിച്ച് ഏറെ ആവേശത്തോടെ. ഇന്ന് നമ്മൾ ഒരു മനോഹരമായ വീടും ഈ ജീവിതവും ഒരുമിച്ച് കെട്ടിപ്പടുത്തിരിക്കുന്നു, കൂടെ നമ്മുടെ ഏറ്റവും വലിയ അനുഗ്രഹവും (കുഞ്ഞ്). ഇപ്പോൾ നമ്മൾ നമ്മുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സ്വന്തമായും അല്ലാതെയും കണ്ട സ്വപ്നങ്ങൾ തേടിയുള്ള യാത്രയിലാണ്. നിന്റെ ജീവിതപങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ നന്ദിയുള്ളവനാണ്, അനുഗ്രഹിക്കപ്പെട്ടവനാണ്, അഭിമാനിതനാണ്. നമ്മൾ രണ്ടുപേരിൽ നീയാണ് നല്ല പാതി എന്ന് ഈ ലോകം മുഴുവൻ സമ്മതിക്കും. Happy 14th my Jaan. I love you long time.” ദുൽഖർ കുറിച്ചു.
അമാലുമായുള്ള വിവാഹത്തിന് ശേഷമാണ് ദുൽഖർ സിനിമയിൽ അരങ്ങേറുന്നത്. 21017 മെയ് അഞ്ചിന് ഇവർക്ക് മറിയം അമീറ സൽമാൻ എന്ന പെൺകുഞ്ഞും പിറന്നു. അമാലുമായുള്ള വിവാഹത്തെപ്പറ്റി ദുൽഖർ സൽമാൻ നേരത്തെ ഒരു അഭിമുഖത്തിൽ മനസുതുറന്നിരുന്നു. വീട്ടുകാരുടെ ആശിർവാദത്തിൽ നടന്ന പ്രണയം വിവാഹം ആയിരുന്നു ദുൽഖറിന്റെയും അമാലിന്റെയും. ഒരേ സ്കൂളിലാണ് ഇരുവരും പഠിച്ചത്. ദുൽഖറിന്റെ അഞ്ച് വർഷം ജൂനിയറായിരുന്നു അമാൽ. അന്ന് ഇടയ്ക്ക് കണ്ടിരുന്നു. പിന്നീട് യുഎസിലെ പഠനം കഴിഞ്ഞ് എത്തുമ്പോഴാണ് അമാലിനെ ദുൽഖർ കാണുന്നത്. ചെന്നൈയിൽ വച്ച് നടന്ന അവിചാരിതമായ കൂടിക്കാഴ്ച പ്രണയത്തിന് വഴിമാറി. രണ്ടുപേരും ഇരുവീട്ടുകാരോടും കാര്യങ്ങള് അവതരിപ്പിക്കുകയും വിവാഹിതരാകുകയും ചെയ്തു.