“ഇത് പൃഥ്വിരാജിന്റെ പ്രതികരണമാണ്, ബോധമുള്ളവര്‍ ഇങ്ങനെ ചെയ്യില്ല”; “ഭ ഭ ബ”ക്കെതിരെ അതി രൂക്ഷ വിമർശനം

','

' ); } ?>

നടി ആക്രമിക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തെ പരിഹസിക്കുകയാണ് ദിലീപിന്റെ “ഭ ഭ ബ”യെന്ന് രൂക്ഷ വിമർശനം. സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഇന്‍ട്രോ രംഗമാണ് വലിയ രീതിയിൽ ഇപ്പോൾ ചർച്ചയാവുന്നത്. ഈ രംഗവും ഡയലോഗും നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അന്വേഷണം വന്ന സമയത്ത് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണവും തമ്മിലുള്ള സാമ്യതയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

നാടിനെ ഞെട്ടിച്ചൊരു സംഭവത്തിലുള്ള പ്രതികരണം മാധ്യമങ്ങളുമായി പങ്കുവെക്കുകയാണ് ഈ രംഗത്തില്‍ ധ്യാനിന്റെ കഥാപാത്രം. ”ഈ സംഭവത്തോടുള്ള എന്റെ പ്രതികരണം ഞാന്‍ അകത്ത് ഉന്നയിക്കും. തുടര്‍ന്ന് അവരുടെ ഭാഗത്തു നിന്ന് ഒരു സ്‌റ്റേറ്റ്‌മെന്റോ പ്രതികരണമോ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് ഉണ്ടായില്ലെങ്കില്‍ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്” എന്നാണ് ധ്യാന്‍ പറയുന്നത്. അമ്മയുടെ യോഗത്തിന് മുമ്പാകെ മാധ്യമങ്ങളെ കണ്ട പൃഥ്വിരാജ് പറഞ്ഞ അതേ വാക്കുകളാണ് ചിത്രത്തില്‍ ധ്യാന്‍ പറയുന്നതെന്നും ഇത് ബോധപൂര്‍വ്വം തന്നെ ഉള്‍പ്പെടുത്തിയതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. ബോധമുള്ളവര്‍ ഇങ്ങനെ ചെയ്യില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇത് കൂടാതെ സിനിമയിലെ മറ്റു രംഗങ്ങൾക്ക് നേരെയും വിമർശനം ഉണ്ട്. തട്ടിക്കൊണ്ടു പോകലിനെ തമാശയാക്കുന്നു, റേപ്പ് ജോക്ക് നോര്‍മലൈസ് ചെയ്യുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ നേരിട്ട ഭഭബ കാലത്തിനൊത്ത് ഉയരാത്ത സൃഷ്ടിയാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ ശേഷം തിയേറ്ററിലെത്തുന്ന ദിലീപ് ചിത്രമാണ് ഭഭബ. ദിലീപിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും ഭഭബയെന്നാണ് ആരാധകര്‍ അവകാശപ്പെട്ടിരുന്നത്. ആദ്യ ദിവസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ഭഭബയ്ക്ക് ലഭിച്ചത്. കോടതി വിധിയിൽ ദിലീപിനെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചത് ‘ഭ ഭ ബ’ ബഹിഷ്കരിക്കണമെന്ന് ഒരുകൂട്ടം വാദിച്ചിരുന്നു. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രി സെയ്ൽ ബിസിനസ്സിലൂടെ ചിത്രം നേടിയത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഭഭബ സംവിധാനം ചെയ്ത‌ത്. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്

“ഭയം ഭക്തി ബഹുമാനം” എന്നതിൻ്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്‌സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്‌മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.

ചിത്രത്തിലെ “അഴിഞ്ഞാട്ടം” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും ട്രെൻഡിങ്ങിലാണ്. അതേസമയം ഗാനത്തിന് വലിയ ട്രോളുകളും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗാനത്തിൻ്റെ വരികൾക്ക് നിലവാരമില്ലെന്നാണ് പ്രധാന വിമർശനം. സിനിമയ്ക്കുള്ള ഹൈപ്പ് കുറയാൻ പാട്ട് കാരണമാകുമെന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഈ പാട്ട് സിനിമയിൽ വേണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.

ഈ മാസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.