“ശ്യാമളയെ ഇന്നും ആളുകൾ ഓർക്കുന്നതിന്റെ ക്രെഡിറ്റ് ശ്രീനി സാറിനാണ്, എന്റെ സിനിമാ കരിയറിൽ മുന്നിൽ നിൽക്കുന്ന പേര് അദ്ദേഹത്തിന്റെതാണ്”; സംഗീത

','

' ); } ?>

നടൻ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടി സംഗീത. ശ്രീനി സർ ഇനിയില്ല എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും, ബാക്ക് ടു ബാക്ക് ഷൂട്ട് ഉള്ളതുകൊണ്ടും അത് കോമ്പിനേഷൻ സീനുകൾ ആയതിനാലും അദ്ദേഹത്തെ അവസാനമായി കാണാൻ പോകാനും സാധിക്കില്ലെന്ന വിഷമവും ബാക്കിയാണെന്നും സംഗീത പറഞ്ഞു. കൂടാതെ തന്റെ കരിയറിലെ നാഴികക്കല്ലായ ചിന്താവിഷ്ടയായ ശ്യാമളയിലെ കഥാപാത്രം ഇന്നും ജനങ്ങൾ ഓർക്കുന്നുന്നതിനും കാരണക്കാരൻ ശ്രീനിവാസനാണെന്നും താരം പറഞ്ഞു. മാതൃഭൂമി ഡോട്കോമിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാനിപ്പോൾ ബെംഗളൂരുവിലാണ്. ഇവിടെ പുതിയ സിനിമയുടെ ഷൂട്ട് നടക്കുകയാണ്. പുലർച്ചെ നാലുമണിക്കു വന്നുകിടന്നുറങ്ങി പത്തുമണിയോടെ എഴുന്നേറ്റപ്പോഴാണ് ഇത്രയും ദുഃഖം നിറഞ്ഞ വാർത്ത കേൾക്കുന്നത്. ശ്രീനി സർ ഇനിയില്ല എന്നത് വിശ്വസിക്കാനാവുന്നില്ല. ബാക്ക് ടു ബാക്ക് ഷൂട്ട് ഉള്ളതുകൊണ്ടും അത് കോമ്പിനേഷൻ സീനുകൾ ആയതിനാലും അദ്ദേഹത്തെ അവസാനമായി കാണാൻ പോകാനും സാധിക്കില്ലെന്ന വിഷമവും ബാക്കിയാണ്. ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോൾ എനിക്ക് 19 വയസാണ്. ഞാനൊരു ബാലതാരമായിരുന്നതുകൊണ്ട് തന്നെ സംവിധായകരിൽ കൂടുതൽ ആശ്രയിക്കാറുണ്ടായിരുന്നു. അവർ എന്താണോ പറയുന്നത് അത് ചെയ്യുക എന്നതായിരുന്നു രീതി. അതുകൊണ്ട് തന്നെ ശ്യാമളയ്ക്ക് ലഭിച്ച അംഗീകാരങ്ങൾക്കും ശ്യാമളയെ ഇന്നും ജനങ്ങൾ ഓർക്കുന്നുന്നതിനും കാരണക്കാരൻ ശ്രീനി സർ ആണ്. മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനാണ്.’ സംഗീത പറഞ്ഞു.

‘ശ്യാമളയുടെ സമയത്ത് സാറുമായി അങ്ങനെ സംസാരമൊന്നും അധികം ഉണ്ടായിരുന്നില്ല. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ആ സിനിമയുടെയും കഥാപാത്രത്തിൻ്റെയും വില ഞാൻ തിരിച്ചറിയുന്നത്. വലിയ ഭാഗ്യമാണ് ആ സിനിമ. ഒരുപാട് ഇതിഹാസങ്ങൾക്കൊപ്പമുള്ള സിനിമ. 2023-ലാണ് സാറിന് സുഖമില്ലാതിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുന്നത്. അതിനുശേഷം ഹൃദയപൂർവത്തിന്റെ സെറ്റിലും സാർ വന്നിരുന്നു. അന്നും കണ്ട് സംസാരിക്കാൻ സാധിച്ചു.- നഗരവാരിധി ചെയ്യുന്ന സമയത്താണ് ശ്രീനി സാറുമായി കൂടുതൽ സംസാരിക്കാനും മറ്റും സാധിക്കുന്നത്. അപ്പോഴേക്കും എനിക്കും കുറച്ച് പക്വത വന്നിരുന്നല്ലോ, സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിച്ചു. സാറിനോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. എന്റെ സിനിമാ കരിയറിൽ മുന്നിൽ നിൽക്കുന്ന പേര് അദ്ദേഹത്തിന്റെ തന്നെയാണ്.
അസുഖം ബാധിച്ച ശേഷം ഞാൻ വീട്ടിൽ പോയി കണ്ട ശ്രീനി സാർ ഞാൻ മുമ്പ് കണ്ട ശ്രീനി സാർ ആയിരുന്നില്ല. എങ്കിലും അദ്ദേഹത്തിൻ്റെ നർമം കലർത്തിയുള്ള സംസാരരീതി അതിന് അന്നും മാറ്റമില്ലായിരുന്നു. വയ്യെങ്കിലും സർ അത്രയും സന്തോഷത്തോടെയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് സാറിനെ അങ്ങനെ കാണുന്നത് ഇഷ്‌ടമല്ല, അത്രയും സജീവമായി നടന്ന വ്യക്തി, സർ സാധാരണ സംസാരിക്കുന്നതും ചിരിക്കുന്നതും പോലെയേ അല്ല. അതെനിക്ക് വിഷമമുണ്ടാക്കിയ കാര്യമാണ്.’ സംഗീത കൂട്ടിച്ചേർത്തു.

ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ചിന്താവിഷ്‌ടയാ ശ്യാമള’യിലൂടെ മലയാളത്തിൻ്റെ സ്വന്തം ശ്യാമളയായി മാറിയ നായികയാണ് സംഗീത.
പിന്നീട് വർഷങ്ങൾക്ക് ശേഷം നഗരവാധി നാടുവിലെന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.

അതേ സമയം നിരവധി താരങ്ങളാണ് ശ്രീനിവാസന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംവിധായകൻ വിനയൻ, നടന്മാരായ, മുകേഷ് പെപ്പെ, ഇന്ദ്രജിത്, പൃഥ്വിരാജ്, മോഹൻലാൽ, രജനികാന്ത്, ദുൽഖർ സൽമാൻ, മഞ്ജുവാര്യർ, സംവിധായകൻ സത്യൻ അന്തിക്കാട്‌, കമൽ, മന്ത്രി കെബി ഗണേഷ് കുമാർ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.

1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.