“അതിജീവിതയ്ക്ക് നീതി ലഭിച്ചു, കോടതി കുറ്റവിമുക്‌തനാക്കിയ ഒരാളെ ഇനിയും വേട്ടയാടുന്നത് നീതിയല്ല”; ദേവൻ

','

' ); } ?>

കോടതി കുറ്റവിമുക്‌തനാക്കിയതിനു ശേഷവും ദിലീപിനെ വേട്ടയാടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി നടൻ ദേവൻ. ദിലീപ് അത്തരം ഒരു കുറ്റം ചെയ്യില്ലെന്ന് അന്നും ഇന്നും താൻ വിശ്വസിക്കുന്നുവെന്നും, ആ വിശ്വാസം ശരിയാണെന്ന് ഇപ്പോൾ കോടതി വിധിയും തെളിയിച്ചിരിക്കുകയാണെന്നും ദേവൻ പറഞ്ഞു. കൂടാതെ നിയമപരമായി അതിജീവിതയ്ക്ക് നീതി ലഭിച്ചുവെന്നും, കേസിൽ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അപ്പീൽ നൽകി തെളിയിക്കട്ടെയെന്നും ദേവൻ കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രം ‘ഭ ഭ ബ’ യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിന്റെ ഇടയിലാണ് ദേവൻ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കലയെ എപ്പോഴും കലയായി തന്നെ കാണാൻ നാം ശീലിക്കണം. ദിലീപ് ഒരു കേസിൽ ഉൾപ്പെട്ടു എന്നതിന്റെ പേരിൽ അദ്ദേഹത്തിൻ്റെ സിനിമകൾ വിലക്കണം എന്ന വാദം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നവർക്ക് ചേർന്നതല്ല. കോടതി കുറ്റവിമുക്‌തനാക്കിയ ഒരാളെ ഇനിയും വേട്ടയാടുന്നത് നീതിയല്ല. ദിലീപ് അത്തരം ഒരു കുറ്റം ചെയ്യില്ലെന്ന് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസം ശരിയാണെന്ന് ഇപ്പോൾ കോടതി വിധിയും തെളിയിച്ചിരിക്കുകയാണ്. സിനിമയെ അതിന്റെ ഗുണദോഷങ്ങൾ നോക്കി മാത്രം വിലയിരുത്തുക. അല്ലാതെ വ്യക്തതിപരമായ മുൻവിധികളോടെ കലയെ സമീപിക്കരുത്.” ദേവൻ പറഞ്ഞു.

“അതിജീവിതയ്ക്കെതിരായ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർ കുറ്റക്കാരാണെന്ന് തെളിയുകയും അവർക്ക് അർഹമായ കഠിനശിക്ഷ ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിയമപരമായി ആ കുട്ടിക്ക് നീതി ലഭിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശിക്ഷയുടെ വ്യാപ്‌തിയെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും അത് തീരുമാനിക്കേണ്ടത് കോടതിയാണ്. ഇനി ഈ കേസിൽ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അതിജീവിതയ്ക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്; അവിടെ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർ ശിക്ഷിക്കപ്പെടട്ടെ. അതിനെ നാം സ്വാഗതം ചെയ്യും. എന്നാൽ കൃത്യമായ തെളിവുകളില്ലാതെ എല്ലാ കാര്യത്തിലേക്കും ദിലീപിനെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. എട്ടു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്ക് ശേഷവും ഒരാളെ മാത്രം ലക്ഷ്യം വെച്ച് ഇത്തരത്തിൽ വേട്ടയാടൽ തുടരുന്നത് നീതീകരിക്കാനാവില്ല. ” ദേവൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ദിലീപ് ചിത്രം ഭ ഭ ബ പുറത്തിറങ്ങിയത്. കോടതി വിധിയിൽ ദിലീപിനെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചത് ചിത്രം ബഹിഷ്കരിക്കണമെന്ന് ഒരുകൂട്ടം വാദിച്ചിരുന്നു. എന്നാൽ മികച്ച പ്രതികരണമാണ് ഇന്നലെ ചിത്രത്തിന് ലഭിച്ചത്. ഈ മാസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.

കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞത്. ഈ വിധി വന്നതിന് പിന്നാലെ നടി പാർവതി തിരുവോത്ത്, ഭാഗ്യലക്ഷ്‌മി, കമൽ, പ്രേംകുമാർ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു.

കോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ ദിവസം അതിജീവിത തന്റെ ആദ്യ പ്രതികരണം അറിയിച്ചിട്ടുണ്ടായിരുന്നു. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിരുന്നു. കൂടാതെ തനിക്ക് നീതി ലഭ്യമായില്ലെന്നും, ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ എല്ലാവരെയും ഒരുപോലെ കാണുന്നില്ലെന്നും നടി കൂട്ടിച്ചേർത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം. പൃഥ്വിരാജ്, സുപ്രിയമേനോൻ അടക്കമുള്ള പ്രമുഖർ താരത്തിന്റെ കുറിപ്പ് പങ്കുവെച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.