
എഐ ഉപയോഗിച്ച് തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് നടി നിവേദ തോമസ്. ഈ പ്രവൃത്തിയെ “ഡിജിറ്റൽ ആൾമാറാട്ടം” എന്നും “സ്വകാര്യതയുടെ ഗുരുതരമായ കടന്നുകയറ്റം” എന്നുമാണ് നിവേദ വിശേഷിപ്പിച്ചത്. ഇത് നിയമവിരുദ്ധവും സ്വകാര്യതയുടെ ഗുരുതരമായ ലംഘനവുമാണെന്നും, സമ്മതമില്ലാതെ ഇത്തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും നിവേദ കൂട്ടിച്ചേർത്തു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയായിരുന്നു നിവേദയുടെ പ്രതികരണം.
“എന്റെ വ്യക്തിത്വത്തെയും സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവെച്ച ഒരു സമീപകാല ചിത്രത്തെയും ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള എഐ നിർമിത ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമ്മതമില്ലാതെ ഇത്തരം ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ വേദനാജനകവും അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്. ഇത് ഡിജിറ്റൽ സ്വത്വവഞ്ചനയും എൻ്റെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്.” നിവേദ കുറിച്ചു.
“അജ്ഞാതമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ ഉൾപ്പെടെ ഉത്തരവാദികളായവർ ഇത്തരം ഉള്ളടക്കം ഉടനടി നിർത്തലാക്കാനും നീക്കം ചെയ്യാനും നിർദേശിക്കുന്നു. ഈ പെരുമാറ്റം സാധൂകരിക്കുന്നതിലെ ദോഷങ്ങളെക്കുറിച്ച് തിരിച്ചറിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത്തരത്തിലുള്ളവ യാതൊരു തരത്തിലും വീണ്ടും പങ്കുവെക്കുകയോ പ്രതികരിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്. ഇത്തരം ചിത്രങ്ങൾ തുടർച്ചയായി പ്രചരിപ്പിക്കുന്നത് തന്റെ വ്യക്തിത്വത്തിന്റെ ബോധപൂർവമായ ദുരുപയോഗമായി കണക്കാക്കുകയും നിയമപരമായി നടപടിയെടുക്കുകയും ചെയ്യും.” നിവേദ കൂട്ടിച്ചേർത്തു.
എ ഐയുടെ ദുരുപയോഗം ബുദ്ധിമുട്ടാക്കുന്നുവെന്ന് കാണിച്ച് നിരവധി താരങ്ങൾ രംഗത്ത് വന്നിട്ടുണ്ടായിരുന്നു. സായി പല്ലവി, പ്രിയങ്ക മോഹൻ, ഐശ്വര്യ റായ് തുടങ്ങിയ താരങ്ങൾ ശക്തമായ താക്കീതുകൾ തന്റെ ആരാധകർക്ക് നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇതിൽ ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ചിരഞ്ജീവി തുടങ്ങിയ താരങ്ങൾ ഇത്തരം നടപടിക്കെതിരെ കോടതിയിൽ ഹർജി നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു.