“അവൾക്കൊപ്പം നിന്നവരെക്കുറിച്ചും ആശങ്കയുണ്ട്, ഈ വിധി ഒട്ടും ആശ്വാസം നൽകുന്ന ഒന്നല്ല”; റിമ കല്ലിങ്കൽ

','

' ); } ?>

നടിയെ ആക്രമിച്ച കേസിൽ അവൾക്കൊപ്പം നിന്നവരെക്കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തി നടി റിമ കല്ലിങ്കൽ. നീതിക്കായുള്ള യഥാർഥ പോരാട്ടം ഇപ്പോഴാണ് തുടങ്ങുന്നതെന്നും, കേസിൽ വന്ന വിധി ആശ്വാസം നൽകുന്ന ഒന്നല്ലെന്നും റിമ പറഞ്ഞു. കൂടാതെ ഈ പോരാട്ടം താൻ ഏറ്റെടുക്കുകയാണെന്നും എല്ലാവരും അതിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിമ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയപ്പോൾ ഓൺ മനോരമയോട് പ്രതികരിക്കുകയായിരുന്നു താരം.

“അവൾക്കൊപ്പം എന്നത് മുമ്പെന്നത്തേക്കാളും പ്രസക്തമായ ദിവസമാണിന്ന്. കാരണം, യഥാർഥ പോരാട്ടം ഇപ്പോഴാണ് തുടങ്ങിയതെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയുടെ 100 വർഷത്തെ ചരിത്രത്തിൽ ഇങ്ങനെയൊരു കാര്യത്തെ ചോദ്യം ചെയ്‌ത ആദ്യത്തെ തലമുറയാണ് നമ്മളുടേത്. ഈ വിധി ഒട്ടും ആശ്വാസം നൽകുന്ന ഒന്നല്ല. അതിജീവിതയെക്കുറിച്ചും ഈ യാത്രയിൽ അവൾക്കൊപ്പം നിന്നവരെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. അതിലുപരി, ഇത് നമ്മുടെ ഭാവി തലമുറയ്ക്ക് നൽകുന്ന തെറ്റായ സന്ദേശത്തെക്കുറിച്ചോർത്താണ് എനിക്ക് ഏറെ ഭയം. ഇത് കണ്ടു വളരുന്ന മിടുക്കരായ ഒരു യുവതലമുറ നമുക്കുണ്ട്. അവരോട് ചെയ്യുന്നത് നീതിയല്ല. എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഇതിലും ശക്‌തമായ ഒരു സന്ദേശമാണ് നമ്മൾ അവർക്ക് നൽകേണ്ടത്. ഞാൻ ഈ പോരാട്ടം ഏറ്റെടുക്കുകയാണ്, എല്ലാവരും അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” റിമ കല്ലിങ്കൽ പറഞ്ഞു.

“നമ്മളെ എക്കാലവും പിന്നോട്ട് വലിച്ചിട്ടുള്ള വ്യവസ്ഥിതിയോടുള്ള കേവലം വ്യക്തിപരമായ പോരാട്ടത്തെക്കുറിച്ചല്ല, മറിച്ച് ആ വ്യവസ്‌ഥിതിയെ തന്നെ പൊളിച്ചെഴുതുന്നതിനെക്കുറിച്ചാണ് തുടക്കം മുതലേ നമ്മൾ സംസാരിക്കുന്നത്. ഓരോ ചെറിയ വിജയങ്ങളും ആഘോഷിക്കപ്പെടേണ്ടതാണ്, നമ്മൾ തളരാൻ പാടില്ല. മനുഷ്യരാശിയുടെ മൂന്ന് ലക്ഷം വർഷത്തെ ചരിത്രമെടുത്താൽ, ഈ പിതൃമേധാവിത്വ വ്യവസ്‌ഥിതിക്ക് വെറും 6000 വർഷത്തെ പഴക്കമേയുള്ളു. അത് ചെറുതാണ്, നമുക്ക് അതിനെ മറികടക്കാൻ വഴി കണ്ടെത്താനാകും. എങ്കിലും, ഇതിനെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ തലമുറ നമ്മളാണ്. ഇതൊരു തുടക്കം മാത്രമാണ്, സമൂഹത്തിൽ വലിയൊരു മാറ്റം നമ്മൾ കണ്ടുതുടങ്ങിയിരിക്കുന്നു. നമ്മുടെ തലമുറയിൽ കണ്ടതിനേക്കാൾ കൂടുതലായി ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നിന്ന് പോരാടുന്ന കാഴ്‌ചയാണ് പുതിയ തലമുറയിൽ കാണുന്നത്. അതുകൊണ്ട്, ഓരോ തലമുറ വരുമ്പോഴും ഇത് മെച്ചപ്പെടും. മാറ്റം വരുന്നത് എനിക്ക് കാണാനാകുന്നുണ്ട്.” റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടുക്കയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.

പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞത്. ഈ വിധി വന്നതിന് പിന്നാലെ നടി പാർവതി തിരുവോത്ത്, ഭാഗ്യലക്ഷ്‌മി, കമൽ, പ്രേംകുമാർ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു.

നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിധിവരുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

കോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ ദിവസം അതിജീവിത തന്റെ ആദ്യ പ്രതികരണം അറിയിച്ചിട്ടുണ്ടായിരുന്നു. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിരുന്നു. കൂടാതെ തനിക്ക് നീതി ലഭ്യമായില്ലെന്നും, ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ എല്ലാവരെയും ഒരുപോലെ കാണുന്നില്ലെന്നും നടി കൂട്ടിച്ചേർത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം. പൃഥ്വിരാജ്, സുപ്രിയമേനോൻ അടക്കമുള്ള പ്രമുഖർ താരത്തിന്റെ കുറിപ്പ് പങ്കുവെച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.