
ദുരഭിമാനം കൊണ്ടു നടക്കരുതെന്ന് ജീവിതം കൊണ്ട് താൻ പഠിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ഉർവശി. ചിലപ്പോഴൊക്കെ മൂത്തവരും ചുറ്റുമുള്ളവരും പറയുന്നത് കേള്‍ക്കണമെന്നും, ചേച്ചി കൽപ്പനയോട് തനിക്ക് മാപ്പ് പറയാൻ പറ്റിയില്ലെന്നും ഉർവശി കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിൽ ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉർവശി.
”ചിലപ്പോഴൊക്കെ നമ്മുടെ മൂത്തോരും ചുറ്റും നില്‍ക്കുന്നവരും പറയുന്നതിന് ഒന്ന് ചെവി കൊടുക്കുന്നതില്‍ തെറ്റില്ല. നമ്മള്‍ ചിന്തിക്കുന്നതാണ് ശരി എന്ന് കരുതുന്ന പ്രായമുണ്ട്. അത് ശരിയല്ല എന്ന് മറ്റുള്ളവര്‍ പറയുന്നുവെന്ന് ചിന്തിക്കാന്‍ കുറച്ച് സമയമെടുക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ നമ്മള്‍ തന്നെ അനുഭവിക്കേണ്ടി വരും” ഉര്‍വശി പറഞ്ഞു.
”ദുരഭിമാനം വേണ്ട. കാരണം നാണം മറക്കാനൊരു തുണിയില്ലാതെ വന്നാല്‍ ദുരഭിമാനമൊക്കെ വച്ച് കെട്ടേണ്ടി വരും. ഉടുത്ത് മാറ്റാന്‍ ഒരു തുണിയില്ലെങ്കില്‍ എന്റെ ദുരഭിമാനം ഞാന്‍ എവിടെ കൊണ്ടു പോയി വെക്കും. ഞാന്‍ കടുത്ത ദുരഭിമാനിയായിരുന്നു. വിശപ്പകറ്റാന്‍ നിര്‍വ്വാഹമില്ലാതെ വന്നാല്‍ പിന്നെ അഭിമാനം എവിടെക്കൊണ്ടു വെക്കും. കുറയൊക്കെ തലകുനിച്ച്, ചിലര്‍ പറയുന്നത് ശരിയാണെന്ന് അംഗീകരിക്കേണ്ടി വരും. കല്‍പ്പന ചേച്ചിയോട് എനിക്ക് മാപ്പ് പറയാന്‍ പറ്റാതെ പോയതിൽ വിഷമമുണ്ട്.’ ഉര്‍വശി കൂട്ടിച്ചേർത്തു.
ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. പ്രിന്‍സ് ആന്റ് ഫാമിലിയാണ് ഉര്‍വശിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് ഉര്‍വശി.