
നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന്റെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ചതിനു പിന്നാലെയാണ് സൈബർ ആക്രമണം. പ്രതികളുടെ ശിക്ഷാ വിധിക്ക് പിന്നാലെയായിരുന്നു ദിലീപിനൊപ്പമുള്ള ചിത്രത്തിന്റെ റിലീസ് പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്. ഭ ഭ ബ ബോയ്കോട്ട് ചെയ്യണമെന്ന് പോലും കമന്റുകൾ ഉയരുന്നുണ്ട്. “മോഹൻലാൽ ഫാൻ ആണ് ഞാൻ, പക്ഷേ ഈ പടം എത്ര നല്ലത് ആണെങ്കിലും ഞാനും ഫാമിലിയും കാണില്ല” എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
താങ്കൾക്ക് ദിലീപ് എന്ന വ്യക്തിയെ അറിയമായിരിക്കാം. പക്ഷേ ഇപ്പോൾ ശ്രീ തിലകൻ സാർ പറഞ്ഞ പോലെ ആനയ്ക്ക് തൻ്റെ വലിപ്പമറിയില്ല. താങ്കളുടെ തന്നെ സിനിമയിൽ പറയുന്ന പോലെ വിനാശ കാലെ വിപരീത ബുദ്ധി”. എന്നാണ് ഒരു സിനിമാ പ്രേക്ഷകൻ കുറിച്ചിരിക്കുന്നത്. “ലാലേട്ടാ നിങ്ങളോട് ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു… പക്ഷേ നിങ്ങൾ ചെയ്യുന്ന ചില കോമാളിത്തരങ്ങൾ അംഗീകരിക്കാൻ പറ്റില്ല… ലാലേട്ടാ നിങ്ങളുടെ വില നിങ്ങൾക്ക് അറിയില്ല. അതാണ് നിങ്ങൾ നഷ്ടപ്പെടുത്തിയത്. ഇങ്ങനെ പോയാൽ കുറച്ചു കഴിഞ്ഞാൽ ബ ബ ബ അടിക്കേണ്ടി വരും” എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. “മോഹൻലാൽ ഫാനാണങ്കിലും ഈ സിനിമ കാണില്ല. എന്നാലും കംപ്ലീറ്റ് ആക്ടറെ ഇത് വേണ്ടീരുന്നില്ല.. ഒന്നുമില്ലേലും സമൂഹത്തിൽ നല്ലൊരു വിഭാഗം വെറുത്തുപോയ ഈ ക്രിമിനലിനൊപ്പം… ആ ഫാൽക്കെ എന്ന പരമോന്നത അംഗീകാരത്തിന്റെ യശ്ശസാണ് നിങ്ങൾ ഇവിടെ ഇല്ലാതാക്കുന്നത്… ആദ്യമായ് നിങ്ങളോട് വെറുപ്പ് തോന്നുന്നു ലാലേട്ട…” വേറൊരാൾ കുറിച്ചു. “അയ്യേ ഇങ്ങള് ഇത്രേ ഉള്ളോ ലാലേട്ടാ… തീരുമാനം ആയി” എന്നാണ് മറ്റൊരാളുടെ കമന്റ്. “നീതിബോധം എന്നുണ്ട് പ്രിയ ലാൽ… ഇന്ത്യയിലെ ഒരു പരമ്മോന്നത ബഹുമതി നേടിയ മലയാള കലാരംഗത്തെ രണ്ടാമത്തെ യാൾ എന്ന നിലയിൽ വ്യാപാരമല്ല സാമൂഹ്യ പ്രതിബദ്ധത എന്ന ചുരുങ്ങിയ തിരിച്ചറിവ് പ്രകടിപ്പിക്കണമായിരുന്നു.
ദിലീപ് നായകനായെത്തുന്ന ഭ ഭ ബ എന്ന ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ ആറു പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പൾസർ സുനിയടക്കം ആറു പ്രതികൾക്കും 20 വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. സെക്ഷൻ 376 ഡി ഗ്യാങ് റേപ്പിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പരമാവധി ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളിയിരിക്കുകയാണ്. എല്ലാ പ്രതികളിൽ നിന്നും അഞ്ചു ലക്ഷം രൂപ അതി ജീവിതയ്ക്ക് നൽകണമെന്നാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. പ്രതികൾ ഈ കേസിൽ ഇതിനുമുന്നെ അനുഭവിച്ച ശികഷയുടെ കാലയളവ് ഒഴിവാക്കിയാണ് 20 വർഷം തടവ് വിധിച്ചിരിക്കുന്നത്. കേസിലെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥൻ സൂക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിജീവിതയുടെ സ്വകാര്യതയെ മാനിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടുക്കയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. ഇവർക്കുള്ള ശിക്ഷയിന്മേൽ 12-ന് വാദം കേൾക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.
വിധി കേട്ട് പുറത്തു വന്നതിനു പിന്നാലെയുള്ള ദിലീപിന്റെ ആദ്യ പ്രതികരണം ചർച്ചയായിരുന്നു. സത്യം ജയിച്ചുവെന്നും, കേസിലെ യഥാർത്ഥ ഗൂഢാലോചന എന്ന് പറയുന്നത് തന്നെ പ്രതിയാക്കുക എന്നായിരുന്നെന്നും ദിലീപ് പറഞ്ഞു. കൂടാതെ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെ ക്രിമിനൽ പോലീസുകാർ മെനഞ്ഞെടുത്ത കള്ളക്കഥയാണിതെന്നും, ആ കള്ളക്കഥയാണ് കോടതിയിൽ പൊളിഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേർത്തിരുന്നു.
നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിധിവരുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
അതേസമയം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും. എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കൂട്ടബലാത്സംഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ചൂണ്ടി കാണിച്ചു. പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴാം പ്രതിയെയും വെറുതെ വിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.
പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരാണ് മുഖ്യ പ്രതികൾ. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിൻ്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.
നടി ആക്രമിക്കപ്പെട്ടതിൻ്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചത്.