“‘അമ്മ’ ഒരിക്കലും അവളോടൊപ്പം ഉണ്ടായിട്ടില്ല, ദിലീപ് ഒരു വാശിക്കാരൻ ആണ്”; ദിലീപിനെ വെറുതെ വിട്ടത് പ്രോസിക്യൂഷന്റെ പിടിപ്പുകേടാണെന്ന് നിർമാതാവ് ലിബർട്ടി ബഷീർ

','

' ); } ?>

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടത് പ്രോസിക്യൂഷന്റെ പിടിപ്പുകേടാണെന്ന് തുറന്നടിച്ച് നിർമാതാവ് ലിബർട്ടി ബഷീർ.
വിധി താൻ നേരത്തേ പ്രതീക്ഷിച്ചതാണെന്നും, പൈസ ചെലവാക്കുന്നവർക്ക് മാത്രമേ ന്യായം കിട്ടു എന്നാണ് ഇന്നത്തെ അവസ്ഥയെന്നും ലിബർട്ടി ബഷീർ പറഞ്ഞു. കേസിൽ അന്തിമ വിധി വന്നതിനു പിന്നാലെ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഈ വിധി നേരത്തെ പ്രതീക്ഷിച്ച വിധിയാണ്. ആറു പ്രതികൾ ശിക്ഷിക്കപ്പെട്ടത് കൊണ്ട് ഇത് പ്രോസിക്യൂഷൻ്റെ വിജയമായി ഞാൻ കാണുന്നില്ല. . ഈ കുട്ടിയോട് പല പ്രാവശ്യം ഞാൻ നേരിട്ട് ആവശ്യപ്പെട്ടതാണ് സ്വന്തമായി ഒരു വക്കീലിനെ വയ്ക്കാൻ. ഏത് പ്രതിക്കും സ്വന്തമായി ഒരു വക്കീലിനെ വയ്ക്കാൻ അവകാശമുണ്ട്. ഇത് പ്രോസിക്യൂഷൻ്റെ വീഴ്ച‌ തന്നെയാണ് എന്നാണ് എന്റെ വ്യക്‌തിപരമായ അഭിപ്രായം.ദിലീപ് കേരളത്തിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും പ്രഗത്ഭന്മാരായ വക്കീലന്മാരെ കൊണ്ടുവന്നു. പൈസ ചെലവാക്കുന്നവർക്ക് മാത്രമേ ന്യായം കിട്ടു എന്നാണ് ഇന്നത്തെ അവസ്ഥ. കാരണം ഈ കേസിന്റെ വിചാരണ വേളയിൽ ഈ കുട്ടിക്കുണ്ടായ തിക്താനുഭവം ഓരോ സമയത്തും നമ്മൾ അറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതെല്ലാം കണ്ടും കെട്ടുമാണ് നല്ലൊരു വക്കീലിനെ വയ്ക്കാൻ ഉപദേശിച്ചത്. ഞാൻ പറഞ്ഞതൊന്നും അനുസരിച്ചില്ല. ഒരിക്കലും ഈ കേസ് വിജയിക്കില്ല എന്ന് എനിക്ക് നേരത്തെ അറിയാം. മാനസികമായി ഈ കേസ് ഞാൻ ഒഴിവാക്കിയതാണ്. അവർക്കു വേണ്ടി വെറുതെ വാദിച്ചല്ലോ എന്ന തോന്നൽ പോലും ഉണ്ടായിട്ടുണ്ട്. ദിലീപും അതിജീവിതയും എന്റെ സുഹൃത്തുക്കളാണ്. ദിലീപിനെ കൂടി വെറുപ്പിച്ചാണ് ഞാൻ ഇവർക്കു വേണ്ടി നിന്നത്.” ലിബർട്ടി ബഷീർ പറഞ്ഞു

“സാക്ഷികൾ കുറുമാറിയതുകൊണ്ടു കേസ് തെളിയിക്കപ്പെടാതെ പോകില്ല. അവർക്ക് അനുകൂലമായി നിന്ന സാക്ഷികൾ ഒക്കെ അവളോടൊപ്പം തന്നെ ഉണ്ട്. ദിലീപിൻ്റെ ഭാര്യയായിരുന്ന മഞ്ജു വാരിയരുടെ മൊഴി മാത്രം മതിയല്ലോ. അവർക്ക് അനുകൂലമായി പറഞ്ഞ സാക്ഷികൾ ഒരുപാടുണ്ട്. അവസാനം വന്ന ബാലചന്ദ്ര കുമാറിനെ ദീർഘമായി 48 ദിവസങ്ങൾ വിചാരണ ചെയ്തിട്ടുണ്ട്. ഇനി സർക്കാർ അപ്പീൽ പോകും എന്ന് പറയുന്നുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയും ഒക്കെ ഉണ്ടല്ലോ. പക്ഷേ വിചാരണക്കോടതിയെ പോലെ ആയിരിക്കില്ല ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും വിധി ന്യായങ്ങൾ. ദിലീപ് അപേക്ഷ കൊടുത്താൽ സിനിമാ സംഘടനകൾ തീർച്ചയായും അദ്ദേഹത്തെ തിരിച്ചെടുക്കും. ‘അമ്മ’ എന്ന സംഘടന അവളോടൊപ്പം ഒരിക്കലും ഉണ്ടായിട്ടില്ല. ദിലീപ് മെമ്പർഷിപ്പ് പുതുക്കണം എന്ന് പറഞ്ഞാൽ നിയമം തന്നെ അയാൾക്ക് അനുകൂലമായി നിൽക്കുകയല്ലേ. അത് ദിലീപ് എടുക്കുകയും ചെയ്യും. ദിലീപ് ഒരു വാശിക്കാരൻ ആണ്. നിയമം അനുശാസിക്കുന്നതുകൊണ്ട് പുതുക്കി കൊടുക്കും അവർ “-ലിബർട്ടി ബഷീർ കൂട്ടിച്ചേർത്തു.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നത് തിങ്കളാഴ്ച രാവിലെയാണ്. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്.കേസിൽ എട്ടാംപ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. ഇവർക്കുള്ള ശിക്ഷയിന്മേൽ 12-ന് വാദം കേൾക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.

നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിധിവരുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

അതേസമയം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും. എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കൂട്ടബലാത്സം​ഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ചൂണ്ടി കാണിച്ചു. പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴാം പ്രതിയെയും വെറുതെ വിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.

പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരാണ് മുഖ്യ പ്രതികൾ. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിൻ്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.

നടി ആക്രമിക്കപ്പെട്ടതിൻ്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷൻ വാദം.