
തുടരും ഹിന്ദിയിലും തെലുങ്കിലേക്കും റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ നടക്കുകയാണെന്ന് വ്യക്തമാക്കി സംവിധായകൻ തരുൺ മൂർത്തി. ഹിന്ദിയിൽ അജയ് ദേവ്ഗണിനെ നായകനാക്കാൻ ആണ് പ്ലാൻ ചെയ്യുന്നതെന്നും, ഹിന്ദി താൻ തന്നെ സംവിധാനം ചെയ്യാമോ എന്ന് അവർ ചോദിക്കുന്നുണ്ടെന്നും തരുൺമൂർത്തി പറഞ്ഞു. ന്യൂസ് ടുഡേ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തരുൺ ഈകാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘തുടരും റീമേക്കിന്റെ ആലോചനകൾ നടക്കുന്നുണ്ട്. ഹിന്ദിയിൽ നിന്നും തെലുങ്കിൽ നിന്നും അന്വേഷണങ്ങൾ വരുന്നുണ്ട്. ഹിന്ദി ഞാൻ തന്നെ സംവിധാനം ചെയ്യാമോ എന്ന് അവർ എന്നോട് ചോദിച്ചിരുന്നു. പക്ഷെ ബാക്ക് ടു ബാക്ക് കമ്മിറ്റ്മെന്റുകൾ ഉള്ളതിനാൽ എനിക്ക് അത് ചെയ്യാൻ കഴിയുമോ എന്നറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദി വേർഷൻ പുറത്തിറക്കാൻ ആണ് അവർ നോക്കുന്നത്. കാരണം അദ്ദേഹത്തിന് ഒരു സ്റ്റണ്ട് പശ്ചാത്തലം ഉണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു. അതുകൊണ്ട് അങ്ങനെ ഒരു ഡിസ്കഷൻ നടക്കുന്നുണ്ട്. പക്ഷെ ഫൈനൽ സ്റ്റേജിലേക്ക് എത്തിയിട്ടില്ല’, തരുൺ മൂർത്തി പറഞ്ഞു.
പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അതേസമയം, തുടരുമിന് ശേഷം വീണ്ടും ഒരു മോഹൻലാൽ സിനിമയുടെ പണിപ്പുരയിലാണ് തരുൺ മൂർത്തി. ചിത്രത്തിന് കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. സിനിമയുടെ തിരക്കഥയും സംഭാഷണവും രതീഷിന്‍റേതാണ്. ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ഈ സിനിമ നിർമിക്കുന്നത്.