“സിനിമ പരാജയപ്പെടുമോ എന്ന് പേടിച്ച് നമ്മളെ കണ്ടാൽ പോലും വിളിക്കാത്ത അനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ട്”; നിർമാതാവ് എം രഞ്ജിത്ത്

','

' ); } ?>

ബ്ലോക്ക്‌ബസ്‌റ്ററുകൾ സമ്മാനിച്ച നിർമാതാവായിട്ടും താൻ എന്ത് കൊണ്ടാണ് സിനിമാ പൂജകൾ ഒഴിവാക്കുന്നതെന്ന് വ്യക്തമാക്കി മലയാള സിനിമയിലെഹിറ്റ് നിർമാതാവായ എം. രഞ്ജിത്ത്. പരാജയപ്പെട്ടവൻ്റെ മനസ്സ് നന്നായി അറിയാവുന്നതുകൊണ്ടാണ് താൻ ലളിതമായ തുടക്കങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും, തുടർച്ചയായ പരാജയങ്ങൾ കാരണം സുഹൃത്തുക്കൾ പോലും തന്നെ അവഗണിച്ചിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. മലയാള മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അന്നൊക്കെ തിയറ്ററിൽ വരുന്ന കളക്ഷൻ മാത്രമേ ഉള്ളു. അന്ന് ദൂരദർശൻ തുടങ്ങിയ സമയത്താണ്. ഒരുലക്ഷം രൂപ ദൂരദർശൻ തരും, അത്രയേ ഉള്ളു. അന്ന് തരംഗിണി സ്‌റ്റുഡിയോ ഉള്ള സമയത്താണ്. ദാസേട്ടൻ പാടണം എങ്കിൽ തരംഗിണിക്ക് കാസറ്റ് ഫ്രീ ആയി കൊടുക്കണം. അപ്പോ അതിനും കാശ് കിട്ടില്ല. ചെലവാക്കുന്ന കാശ് തന്നെ തിയറ്ററിലേക്ക് കൊടുക്കേണ്ടി വരുമ്പോൾ എൻ്റെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ വലിയ പരാജയത്തിലേക്ക് പോയി. അതുപോലെ ഡിസ്ട്രിബൂഷൻ എടുത്തിരുന്ന ‘നാരായം’ എന്ന സിനിമയ്ക്ക് ദേശീയ അവാർഡ് ഒക്കെ കിട്ടിയതാണെങ്കിലും തിയറ്ററിൽ വലിയ ഫ്ലോപ്പ് ആയിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഒരു രക്ഷയും ഇല്ലാത്ത അവസ്‌ഥയിലേക്ക് മാറി. പിന്നീട് ഒരു ചെറിയ കാലഘട്ടം ഉണ്ടായിരുന്നു, ആ സമയത്ത് എന്റെ സുഹൃത്തുക്കളൊക്കെ സിനിമകൾ എടുക്കുന്നുണ്ട്. അന്ന് എല്ലാ സിനിമയ്ക്കും പൂജ ഉണ്ട്, ആ പൂജയ്ക്ക് ഭാഗ്യം നോക്കും, തോറ്റുപോയ ഒരാളെ സിനിമയുടെ പൂജയ്ക്ക് വിളിച്ചാൽ ആ സിനിമ പരാജയപ്പെടുമോ എന്ന് പേടിച്ച് നമ്മളെ തലേദിവസം കണ്ടാൽ പോലും വിളിക്കാത്ത അനുഭവം എനിക്ക് ഒരുപാട് ഉണ്ടായിട്ടുണ്ട്.” രഞ്ജിത്ത് പറഞ്ഞു.

“അതുകൊണ്ട് ഞാൻ പിന്നീട് തിരിച്ചുവന്ന സമയത്ത് എന്റെ സിനിമ തുടങ്ങുന്ന ദിവസം ഞാൻ തന്നെ അമ്പലത്തിൽ പോകും, അല്ലെങ്കിൽ കുടുംബവുമൊത്തു പോകും, നമ്മൾ തന്നെ വിളക്ക് കൊളുത്തും. കാരണം എനിക്ക് പരാജയപ്പെട്ടവൻ്റെ മനസ്സ് അറിയാം, അവന്റെ വേദന അറിയാം, പരാജയപ്പെടുമ്പോൾ നമുക്ക് എത്രമാത്രം പിന്തുണ കിട്ടും എന്ന് അറിയാം, അനുഭവങ്ങൾ കൊണ്ട് പഠിച്ച ഒരാളാണ് ഞാൻ. അതിനു ശേഷം വളരെ കഷ്‌ടപ്പെട്ട് പ്രയത്നിച്ച് സിനിമാ മേഖലയിലേക്ക് തിരിച്ചുവന്ന് ഹിറ്റുകൾ ഉണ്ടാക്കിയ ആളാണ് ഞാൻ. അതിൻ്റെ ബുദ്ധിമുട്ട് അറിയാവുന്നതുകൊണ്ട് ആരെയും വേദനിപ്പിക്കാതെ എൻ്റെ സിനിമ ഒരു കൊച്ചു തുടക്കം ആയി ചെയ്യും. ‘തുടരും’ സിനിമയുടെ പൂജയുടെ സമയത്തും അവിടെ സിനിമയുടെ ആളുകൾ അല്ലാതെ ആരും ഉണ്ടായിരുന്നില്ല. അത് എന്റെ ഒരു മാനസിക പ്രശ്‌നം ആണ്, അത് ഇപ്പോഴും തുടരുന്നു.”-രഞ്ജിത്ത് കൂട്ടിച്ചേർത്തു.

രജപുത്ര വിഷ്വൽ മീഡിയ എന്ന ബാനറിലൂടെ വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. അടുത്തിടെ വൻ ഹിറ്റായ ‘തുടരും’ കൂടാതെ, അദ്ദേഹത്തിന്റെ കരിയറിലെ വലിയ വിജയചിത്രങ്ങളായ ടൂ കൺട്രീസ്, ചൈനാ ടൗൺ, റോമൻസ്, സകുടുംബം ശ്യാമള, ഗാനഗന്ധർവ്വൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും രഞ്ജിത്തിന്റെ നിർമ്മാണത്തിൽ പിറന്നവയാണ്. ഒരു നിർമ്മാതാവായി സജീവമായിരിക്കുന്നതിനൊപ്പം 2013 ൽ ‘ബ്ലാക്ക് ബട്ടർഫ്ലൈ’ എന്ന ചിത്രം സംവിധാനം ചെയ്‌തും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.