‘ദൃശ്യം 3’ ഷൂട്ടിംഗ് പൂർത്തിയാക്കി മോഹൻലാൽ; കേക്ക് മുറിച്ചാഘോഷിച്ച് ജോർജുകുട്ടി

','

' ); } ?>

ദൃശ്യം 3 ൽ മോഹൻലാലിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ. കേക്ക് മുറിച്ച് സെറ്റിലെ മാറ്റ് അഭിനേതാക്കൾക്കൊപ്പം ചിത്രീകരണം പൂർത്തിയാക്കിയ സന്തോഷം പങ്കിടുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം, ദൃശ്യം 3 യുടെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മോഹൻലാൽ- തരുൺ മൂർത്തി കോംബോയിൽ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽപുറത്തിറങ്ങിയ ‘ദൃശ്യം’ മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്. കോവിഡ് കാലമായതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം വരുമ്പോൾ എന്തൊക്കെ സസ്പെൻസ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകൾ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. മലയാളത്തിൽ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെ ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്വന്തമാക്കിയിരുന്നു. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ ചിത്രം എത്തുകയും ചെയ്തു.

മോഹൻലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്‍ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്‍തത്.