
‘തുടരും’ സിനിമയുടെ മഹാവിജയത്തിനു ശേഷം വീണ്ടും ഒന്നിക്കാനൊരുങ്ങി മോഹൻലാൽ-തരുൺ മൂർത്തി കുട്ട്കെട്ട്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
അതേസമയം ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷനിൽ മോഹൻലാൽ ചിത്രത്തിന് സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് നടനും ചീഫ് അസോ. ഡയറക്‌ടറുമായ ഓസ്‌റ്റിൻ ഡാനിനെ ആയിരുന്നു. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയിലും, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്‌ത ‘അഞ്ചാം പാതിര’യുടെ ചീഫ് അസോ. ഡയറക്ടർ എന്ന നിലയിലും ശ്രദ്ധേയനാണ് ഓസ്‌റ്റിൻ. എന്നാൽ, ‘എൽ365’ എന്ന ടൈറ്റിലിൽ പ്രഖ്യാപിച്ച ആ സിനിമ ആയിരിക്കില്ല, ഈ തരുൺ മൂർത്തി-മോഹൻലാൽ ചിത്രമെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
ചിത്രീകരണം പൂർത്തിയാക്കി പോസ്‌റ്റ് പ്രൊഡക്‌ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്‌മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രവും, ‘ദൃശ്യം 3’ക്കു ശേഷം ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കും.