
ബോളിവുഡ് നടന്മാരെ തെന്നിന്ത്യൻ ചിത്രങ്ങളിൽ നെഗറ്റീവ് റോളിൽ അവതരിപ്പിക്കുന്നതൊരു ട്രെൻഡാണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവസരങ്ങൾ വരുന്നുണ്ടെന്നും എന്നാൽ അവയിലേറെയും പ്രതിനായക വേഷങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. സ്ക്രീനിനും ഓഡിയൻസിനും ആ ട്രെൻഡ് ഇഷ്ടമാണെങ്കിലും തനിക്കാത്ത ഇഷ്ടമില്ലാതെ കാര്യമാണെന്നും സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു. ദി ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്ന് എനിക്ക് അവസരങ്ങൾ വരുന്നുണ്ട്. എന്നാൽ അവയിലേറെയും പ്രതിനായക വേഷങ്ങൾ ആണ്. അവർ ഹിന്ദി നടന്മാരെ പ്രതിനായകവേഷങ്ങൾ നൽകി ശക്തരായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. സ്ക്രീനിനും ഓഡിയൻസിനും അതാണ് നല്ലതെന്നാണ് അവർ പറയുന്നത്. അതാണ് എനിക്കിഷ്ടമില്ലാത്തത്. ദർബാറിൽ രജനികാന്തിനൊപ്പമുള്ള ആ നെഗറ്റീവ് കഥാപാത്രത്തെ സ്വീകരിച്ചത് തീർത്തും വ്യക്തിപരമാണ്. രജനിസാറിനൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹംകൊണ്ടുമാത്രമാണ്.” സുനിൽ ഷെട്ടി പറഞ്ഞു.
“ഈയടുത്ത് താൻ ചെറിയൊരു തുളു ചിത്രത്തിന്റെ ഭാഗമായി. ആ സിനിമയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിമാത്രമാണ്. അത് ബോക്സോഫീസിൽ നല്ല പ്രകടനം കാഴ്‌ചവെക്കുകയും ചെയ്തു. ഇന്ന് ഭാഷാപരമായ അതിർവരമ്പുകളില്ല. അത്തരം അതിരുകളുണ്ടെങ്കിൽ അത് കണ്ടന്റ് മൂലം മാത്രമാണ്. നല്ല കണ്ടന്റ്റാണെങ്കിൽ അത് അതിരുകൾ മറികടക്കും.” സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.
കേസരി വീർ, നദാനിയാൻ എന്നിവയാണ് 2025-ൽ പുറത്തിറങ്ങിയ സുനിൽ ഷെട്ടി ചിത്രങ്ങൾ. ഹേരാ ഫേരി 3, വെൽകം ടു ദി ജംഗിൾ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.