“കാരൂർ ദുരന്തത്തിന് പിന്നാലെ വിജയ് ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു, നല്ല കുറ്റബോധവുമുണ്ടായിരുന്നു”; ഷാം

','

' ); } ?>

കാരൂർ ദുരന്തത്തിന് പിന്നാലെ നടൻ വിജയ് ഹൃദയം തകർന്ന അവസ്ഥയിലായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ഷാം. ആ സംഭവത്തിനു ശേഷം ഒരുപാട് കഴിഞ്ഞിട്ടാണ് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതെന്നും, ആ ദുരന്തത്തിൽ അദ്ദേഹത്തിന് നല്ല കുറ്റബോധമുണ്ടായിരുന്നുവെന്നും
ഷാം പറഞ്ഞു. ഓണ്‍ ദി ഡേറ്റ് വിത്ത് അഷര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ ദിവസേന അദ്ദേഹത്തിന് മെസേജ് അയക്കാറുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. കരൂര്‍ സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ ഹൃദയം വല്ലാതെ തകര്‍ന്നുപോയി. വല്ലാത്ത വിഷമത്തിലായിരുന്നു വിജയ്. തന്റെ പൊതുയോഗത്തിനിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ അദ്ദേഹത്തിന് ഒരുപാട് കുറ്റബോധമുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഒരാഴ്ചയെങ്കിലുമെടുത്തു വിജയ്‌യുമായി സംസാരിക്കാന്‍.”ഷാം പറഞ്ഞു.

“ആറാമത്തെ ദിവസമാണെന്ന് തോന്നുന്നു അദ്ദേഹവുമായി സംസാരിച്ചത്. താന്‍ ഒക്കെ ആണെന്നും സംസാരിക്കാമെന്നും പറഞ്ഞു. ഒരു മാസം മുഴുവന്‍ ആ വേദനയിലൂടെയാണ് വിജയ് കടന്നുപോയത്” ഷാം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27 ന് കരൂരില്‍ വിജയ്‌യുടെ പാർട്ടിയായ ടിവികെ നടത്തിയ റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാലിക്കിടെ വിജയ്‌‌യെ കാണാന്‍ പരിമിതമായ സ്ഥലത്ത് വന്‍ ജനക്കൂട്ടമെത്തിയതാണ് അപകട കാരണമായത്. ദുരന്തത്തിന്റെ ഇരകളെ കയ്യൊഴിയില്ലെന്നും കുടുംബത്തിലെ കുട്ടികളുടെ ചികിത്സയും ബന്ധുക്കളുടെ ചികിത്സാ ചെലവും ഉൾപ്പെടെ ഏറ്റെടുത്ത ടിവികെ പ്രതിമാസം നിശ്ചിത തുക മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ദുരന്തബാധിതരുടെ കുടുംബത്തിന് വിജയ് 20 ലക്ഷം രൂപ നൽകിയിരുന്നു.