“ഭരതനുമായി ഉടക്കി, മോഹൻലാൽ പറഞ്ഞിട്ടാണ് ആ ചിത്രത്തിൽ ഡബ്ബ് ചെയ്തത്”; ഷമ്മി തിലകൻ

','

' ); } ?>

മോഹൻലാൽ- ഭരതൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘താഴ്‌വാര’ത്തിൽ സലീം ഗൗസിന് താൻ ഡബ്ബ് ചെയ്തത് മോഹൻലാൽ പറഞ്ഞിട്ടാണെന്ന് തുറന്നു പറഞ്ഞ് ഷമ്മി തിലകൻ. കൂടാതെ ഡബ്ബിങിന് മുമ്പ് ഭരതനുമായി താന്‍ ഉടക്കിയെന്നും ഷമ്മി തിലകൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

“എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഘട്ടങ്ങളാണ് അത്. കടത്തനാടന്‍ അമ്പാടിയുടെ ഡബ്ബിങ് നടന്നു കൊണ്ടിരിക്കേ ലാലേട്ടനാണ് ഒരു പടം വരുന്നുണ്ടെന്ന് പറയുന്നത്. എനിക്ക് ഒട്ടും താല്‍പര്യമില്ല, പക്ഷെ ലാലേട്ടന്‍ പറഞ്ഞതിനാല്‍ ഞാന്‍ വരാമെന്ന് പറഞ്ഞു. നേരത്തെ ഭരതേട്ടന്‍ അച്ഛനോട് എന്റെ കാര്യം ചോദിച്ചിരുന്നു. പക്ഷെ മദ്രാസില്‍ ചെന്നപ്പോള്‍ എനിക്ക് നല്ലൊരു സ്വീകരണമല്ല കിട്ടിയത്. എന്നെ എഴുന്നള്ളിച്ചു കൊണ്ടു പോകണമെന്നല്ല. എനിക്ക് മദ്രാസ് നഗരം തീരെ പരിചയമില്ലാത്തതാണ്. തമിഴുമറിയില്ല. അന്നവിടെ വന്നിറങ്ങിയപ്പോള്‍ ആരുമില്ല. അന്ന് ഫോണൊന്നുമില്ല. ദേഷ്യമായി.” ഷമ്മി തിലകൻ പറഞ്ഞു.

“ആ സമയത്തെ ചോരത്തിളപ്പാണ്. അവിടെയൊരു ടെലിഫോണ്‍ ബുത്ത് കണ്ടപ്പോള്‍ ഭരതേട്ടന്റെ വീട്ടിലേക്ക് വിളിച്ചു. ഗൗരവ്വത്തില്‍ തന്നെയാണ് സംസാരം. അഞ്ച് മിനുറ്റ് കഴിഞ്ഞപ്പോള്‍ ഹലോ ഞാന്‍ ഭരതനാണെന്ന പതിഞ്ഞ സ്വരം. അവിടെ നിന്നൊരു ഓട്ടോറിക്ഷ കയറി ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. ഓട്ടോയിലൊന്നും വരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അഹങ്കാരമാണെന്ന് കരുതുന്നുവെങ്കില്‍ ആയിക്കോട്ടെയെന്ന് കരുതി. നിങ്ങള്‍ സംസാരിക്കുന്നത് സംവിധായകന്‍ ഭരതനോടാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, നിങ്ങള്‍ സംസാരിക്കുന്നത് ഷമ്മി തിലകനോടാണ് എന്ന് ഞാനും. അങ്ങനെ ഉടക്കായി. പക്ഷെ ചിത്രത്തിലെ സലീം ഗൗസിന്റെ പ്രകടനം എന്നെ പിടിച്ചിരുത്തി. ഞാൻ നല്ലവണ്ണം ആസ്വദിച്ചാണ് സിനിമ ചെയ്തത്. “ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ ഒരുക്കിയ ചിത്രമാണ് താഴ്‌വാരം. സലീം ഗൗസ്, സുമലത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് താഴ്‌വാരം. ചിത്രത്തിലെ സലീം ഗൗസ്-മോഹന്‍ലാല്‍ സീനുകള്‍ ഇന്നും റീവിസിറ്റ് ചെയ്യപ്പെടുന്നതാണ്. താഴ്‌വാരത്തിലെ സലീം ഗൗസിന്റെ പ്രകടനത്തെ മലയാളി ഒരിക്കലും മറക്കില്ല.