“മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം”; മല്ലിക സുകുമാരൻ

','

' ); } ?>

‘വിലായത്ത് ബുദ്ധ’ യ്ക്കെതിരെ നടക്കുന്ന സൈബറാക്രമണങ്ങളിൽ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നുവെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റിൽ ഇട്ട്, കൃഷ്ണന്റെയും വല്ല പെണ്ണിൻ്റെയും, ഒന്നുമറിയാത്ത കുഞ്ഞിൻ്റെയും ഒക്കെ ഫോട്ടോയും വെച്ചു പ്രൊഫൈൽ ലോക്കും ചെയ്‌തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു.’ മല്ലിക സുകുമാരൻ കുറിച്ചു.

സൈബറാക്രമണങ്ങൾക്കെതിരെ നടൻ ഷമ്മി തിലകനും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. “ചിത്രത്തിൽ അഭിനയിച്ച താനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബർ ആക്രമണമെന്നായിരുന്നു” ഷമ്മി തിലകന്റെ വാക്കുകൾ.

പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ചിത്രം മികച്ച രീതിയിൽ തിയേറ്ററുകളിൽ മുന്നേറുകയാണ്. എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്‌ത നോവലിനെ ആസ്പദമാക്കി അതേപേരിൽ ജയൻ നമ്പ്യാർ ഒരുക്കിയ ചിത്രം കൂടിയാണിത്. വിലായത്ത് ബുദ്ധയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞദിവസം സൈബർ സെല്ലിൽ സിനിമയുടെ നിർമാതാവ് സന്ദീപ് സേനൻ പരാതി നൽകിയിരുന്നു. ‘ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. സിനിമയെയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതുമായ രീതിയിലാണ് സിനിമയ്ക്ക് എതിരെയുള്ള പ്രചാരണം നടക്കുന്നത്. അതേസമയം ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയേറ്റേഴ്സിന്റെറെ ബാനറിൽ സന്ദീപ് സേനൻ നിർമിക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി. അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ രചിച്ചത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.