“നായ കടിച്ചാൽ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്”; പ്രസ്താവനയിൽ സൈബർ ആക്രമണം നേരിട്ട് നടി നിവേദ പേതുരാജ്

','

' ); } ?>

തെരുവുനായകളോടുള്ള സ്നേഹം പ്രകടിപ്പിച്ചതിനു പിന്നാലെ സൈബർ ആക്രമണം നേരിട്ട് നടി നിവേദ പേതുരാജ്. ചെന്നൈയിൽ തെരുവുനായ്ക്കൾക്കായി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ പരാമർശിച്ച വാക്കുകളാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. പേവിഷബാധ ഗുരുതരമാണെന്ന് സമ്മതിച്ചുകൊണ്ട് തന്നെ നായ കടിച്ച് ഉണ്ടാകുന്ന സംഭവങ്ങളെ വലിയ വിഷയമായി ചിത്രീകരിക്കരുതെന്നും ഭയം പ്രചരിപ്പിക്കരുതെന്നും നിവേദ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ വാക്സിനേഷനും വന്ധ്യംകരണവും പോലുള്ള പ്രായോഗിക നടപടികളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും മനുഷ്യൻ തെറ്റ് ചെയ്താൽ അവനെ കൊന്നുകളയാൻ ആവശ്യപ്പെടാത്തതുപോലെ മൃഗങ്ങളുടെ കാര്യത്തിലും നാം പ്രവർത്തിക്കരുതെന്നും നിവേദ കൂട്ടിച്ചേർത്തു.

“ഭയപ്രചാരണമാണ് നടക്കുന്നത്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്. നായ കടിക്കുന്നത് ശരിയാണെന്ന് ഞാൻ പറയുന്നില്ല. പേവിഷബാധ പടർന്നാൽ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാൽ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം. ചെറിയ പ്രായം മുതലേ അനുകമ്പയോടെ പെരുമാറാൻ കുട്ടികളെ പഠിപ്പിക്കാം. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മൾ അതേ തെറ്റ് ആവർത്തിക്കരുത്.” നിവേദ പറഞ്ഞു.

“മാധ്യമങ്ങളും ഞങ്ങളെ പിന്തുണക്കണം. നായ കടിക്കുന്ന വാർത്തകൾക്കൊപ്പം പരിഹാരം കൂടി പറയണം. നായകളെ പൂർണമായും ഒഴിവാക്കണം എന്ന് പറയുന്നത് പരിഹാരമല്ല. അവബോധം, കാരുണ്യം, വാക്‌സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ പ്രായോഗിക നടപടികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. ഷെൽട്ടറുകൾ ഉണ്ടാക്കുന്നതിന് പകരം നായ്ക്കളെ മുഴുവൻ വാക്സിനേറ്റ് ചെയ്യൂ. തമിഴ്‌നാട്ടിലെ നാലരലക്ഷത്തോളം നായ്ക്കളുണ്ട്. അതിനെല്ലാമായിട്ട് 2500 ഷെൽട്ടറുകൾ വേണ്ടിവരും. അതിനെയെല്ലാം നോക്കാൻ എത്ര പേര് വേണ്ടി വരും. അതിനുപകരം വാക്സിനേറ്റ് ചെയ്യാൻ പണം ചെലവാക്കണം. മനുഷ്യന്മർക്ക് മാത്രമാണ് ഭൂമി എന്ന് വിചാരിച്ചാൽ നമുക്ക് അതിജീവിക്കാനാവില്ല. അനുകമ്പയോടെ ചിന്തിക്കാം.” നിവേദ കൂട്ടിച്ചേർത്ത്

വർഷത്തിൽ മിക്ക മാസത്തിലും ദുബായിൽ താമസിക്കുന്ന നടിയോട് “ദുബായിൽ തെരുവുനായകൾ ഉണ്ടോ?” എന്ന ചോദ്യങ്ങളിലൂടെയാണ് സൊഷ്യൽ മീഡിയ ചോദ്യം ചെയ്തത്. ‘അവർ ആഡംബര കാറിലാണ് കറങ്ങുന്നത്, എന്നാൽ തെരുവിലൂടെ നടന്ന് ജോലിക്കും മറ്റും പോകുന്ന സാധാരണക്കാരുടെ കാര്യമോ? തെരുവുനായകൾ എപ്പോഴും പാവപ്പെട്ടവർക്കാണ് പ്രശ്‌നം, സമ്പന്നർക്കല്ല’ തുടങ്ങി നിരവധി കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മാലിന്യ ബാഗുമായി തെരുവിലൂടെ നടന്ന് ചവറ്റുകുട്ട തേടുന്ന ഒരാളല്ല നിവേദ എന്നും പൊതു ഇടങ്ങൾക്ക് മനുഷ്യർക്ക് ആദ്യം സുരക്ഷിതത്വം വേണമെന്നും ചിലർ കമന്റ് ചെയ്തു.

തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയാണ് നിവേദ പേതുരാജ്. ദുബായ് വ്യവസായി രാജിത്ത് ഇബ്രാനുമായി താരത്തിന് വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.