
പൊതുസ്ഥലങ്ങളിലെ പീഡനത്തിന് തുല്യമായ നിയമപരമായ പരിഗണന ഡിജിറ്റൽ ഉപദ്രവങ്ങൾക്കും ലഭിക്കണമെന്ന് വാദിച്ച് നടി ഹുമ ഖുറേഷി. തന്നോട് ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകൾ വരാറുണ്ടെന്നും, ത് വെറുപ്പുളവാക്കുന്നതും ദുഃഖകരവുമാണെന്നും ഹുമ ഖുറേഷി പറഞ്ഞു. കൂടാതെ അനുചിതമായ പെരുമാറ്റങ്ങൾക്ക് പ്രത്യാഘാതങ്ങളില്ലാത്ത ഒരിടമായി ഇന്റർനെറ്റിനെ കണക്കാക്കുന്നത് തുടരാനാവില്ലെന്നും ഹുമ ഖുറേഷി കൂട്ടിച്ചേർത്തു. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ഓൺലൈൻ അതിക്രമങ്ങളെക്കുറിച്ച് ‘ദി മെയിൽ ഫെമിനിസ്റ്റ്’ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഹുമ ഖുറേഷി.
“ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. ഇത് വെറുപ്പുളവാക്കുന്നതും ദുഃഖകരവുമാണ്. ഓൺലൈനിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ ലളിതമായ തോതിലുള്ള ദുഷ്പെരുമാറ്റമല്ല. ട്രോൾ ചെയ്യുന്നതിനെയും ആവശ്യപ്പെടാത്ത സന്ദേശങ്ങളെയും പലരും ഇപ്പോഴും നിസ്സാരമായോ നിരുപദ്രവകരമായോ ആണ് കാണുന്നത്. എന്നാൽ അതുണ്ടാക്കുന്ന വൈകാരിക ആഘാതവും അന്തസ്സിനേൽക്കുന്ന മുറിവും ഒന്നുതന്നെയാണ്. വസ്ത്രം, ജോലി, ശരീരം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയിലുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് സമൂഹം നിർത്തണം.” ഹുമ ഖുറേഷി പറഞ്ഞു.
“എന്റെ അഭിപ്രായത്തിൽ, ഒരു സ്ത്രീയെ തെരുവിൽ വെച്ച് ഉപദ്രവിക്കുന്നതിനും ഓൺലൈനിൽ ഉപദ്രവിക്കുന്നതിനും ഒരേ ശിക്ഷയായിരിക്കണം. അതിൽ ഒരു വ്യത്യാസവുമില്ല. എൻ്റെ ഡിഎം-ലേക്ക് നുഴഞ്ഞുകയറുകയോ, അശ്ലീല ചിത്രങ്ങൾ അയക്കുകയോ, എൻ്റെ പോസ്റ്റുകളിൽ മോശം കമൻ്റുകൾ എഴുതുകയോ ചെയ്യുകയാണെങ്കിൽ, ഒരു പൊതുസ്ഥലത്ത് മോശമായി പെരുമാറുന്ന ഒരാൾക്ക് ലഭിക്കുന്ന അതേ പ്രത്യാഘാതങ്ങൾ തന്നെ നിങ്ങൾക്കും നേരിടേണ്ടിവരും. സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കുന്നു, എന്ത് മേക്കപ്പ് ഉപയോഗിക്കുന്നു, എങ്ങനെ ജീവിക്കുന്നു, എന്ത് ജോലി ചെയ്യുന്നു, എപ്പോൾ വീട്ടിൽ വരുന്നു, അല്ലെങ്കിൽ അവരുടെ ശരീരഭാരം എത്രയാണ് എന്നതിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ ദയവായി നിർത്തുക.” ഹുമ ഖുറേഷി കൂട്ടിച്ചേർത്തു.
‘ഡൽഹി ക്രൈം 3’ വെബ്സീരീസിലാണ് ഹുമ ഖുറേഷി ഒടുവിൽ വേഷമിട്ടത്. മികച്ച നിരൂപക പ്രശംസ നേടുകയാണ് ഈ സീരീസ്. രാജേഷ് തൈലാങ്, ഷെഫാലി ഷാ, രസിക ദുഗൽ എന്നിവരും അഭിനയിക്കുന്ന സീരീസിന്റെ പുതിയ സീസൺ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.