
വിജയ്യുടെ അവസാന ചിത്രം ‘ജനനായകന്’ ഓഡിയോ ലോഞ്ച് തീയതി പുറത്തുവിട്ടു. ഡിസംബര്‍ 27-ന് മലേഷ്യയിലെ ക്വലാലംപുര്‍ ബുകിറ്റ് ജലില്‍ സ്റ്റേഡിയത്തിലാണ് ഓഡിയോ ലോഞ്ച് നടത്തുന്നത്. അവസാനത്തേതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമായിട്ടുകൂടി തമിഴ്നാട്ടില്‍ പരിപാടി നടത്താത്തതിൽ വിമർശനവും ശക്തമാണ്.
പരിപാടി അനൗണ്‍സ് ചെയ്തുകൊണ്ട് നിര്‍മാതാക്കള്‍ കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. വിജയ്യുടെ ഖുശി, ഗില്ലി, പോക്കിരി, വേട്ടൈക്കാരൻ, തുപ്പാക്കി, തെരി, മെർസൽ, ബിഗിൽ, മാസ്റ്റർ, ലിയോ എന്നീ ചിത്രങ്ങളൊക്കെ ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോയാണ് പുറത്തു വിട്ടിരുന്നത്. കൂടാതെ തങ്ങൾക്ക് ആരായിരുന്നു വിജയ് എന്ന് മലേഷ്യയിലെ ആരാധകർ തങ്ങളുടെ അനുഭവങ്ങളും വീഡിയോയിൽ പങ്കുവെച്ചിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിജയ് ആരാധകര്‍ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന് നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.
അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കാണ് വിജയ് മത്സരിക്കുന്നത്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിരിക്കാനാണ് വിജയ് സിനിമ വിടുന്നതെന്ന തരത്തിലുള്ള നിർണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.