“സ്ത്രീകൾ അവരുടെ സാധ്യതകൾ തേടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ വേണ്ടി ഞാനെപ്പോഴും തുറന്നു സംസാരിക്കാറുണ്ട്”; ഉപാസന കൊനിഡേല

','

' ); } ?>

വിവാഹത്തെ കുറിച്ചും, സാമ്പത്തിക ഭദ്രതയെകുറിച്ചുമുള്ള പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രാംചരണിൻ്റെ ഭാര്യയും അപ്പോളോ ഹോസ്‌പിറ്റലിലെ സിഎസ്‌ആർ വൈസ് ചെയർപേഴ്സണുമായ ഉപാസന കൊനിഡേല. “പ്രണയിക്കാനും ഒരു കൂട്ടിനും വേണ്ടി തന്റെ 27-ാം വയസ്സിൽ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും, തന്റെ ജീവിതയാത്രയിലുടനീളം, കരിയർ കെട്ടിപ്പടുക്കുന്നതിനും ദാമ്പത്യം മെച്ചപ്പെടുത്തുന്നതിനും താൻ തുല്യപ്രാധാന്യം നൽകിയിട്ടുണ്ടെന്നും ഉപാസന പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

“പ്രണയിക്കാനും ഒരു കൂട്ടിനും വേണ്ടിയാണ് ഞാൻ 27-ാം വയസ്സിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്‌തത്‌. 29-ാം വയസ്സിൽ, വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളെ മുൻനിർത്തി എന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. സ്ത്രീകൾ അവരുടെ സാധ്യതകൾ തേടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ വേണ്ടി ഇക്കാര്യം ഞാനെപ്പോഴും തുറന്നു സംസാരിക്കാറുണ്ട്. 36-ാം വയസ്സിലാണ് എൻ്റെ ആദ്യത്തെ കുഞ്ഞിന് ഞാൻ ജന്മം നൽകുന്നത്. ഇപ്പോൾ 39-ാം വയസ്സിൽ ഇരട്ടക്കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. എൻ്റെ ജീവിതയാത്രയിലുടനീളം, കരിയർ കെട്ടിപ്പടുക്കുന്നതിനും ദാമ്പത്യം മെച്ചപ്പെടുത്തുന്നതിനും ഞാൻ തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. കാരണം ഒരു കുടുംബം വളർത്തുമ്പോൾ സന്തോഷവും സ്‌ഥിരതയുമുള്ള അന്തരീക്ഷം വളരെ പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം, വിവാഹവും കരിയറും പരസ്പരം മത്സരിക്കുന്ന സംഗതികളല്ല. അവ സംതൃപ്തമായ ജീവിതത്തിന്റെ അർത്ഥവത്തായ ഭാഗങ്ങളാണ്. പക്ഷേ അതിന്റെ സമയക്രമം ഞാൻ തീരുമാനിക്കുന്നു! അത് പ്രിവിലജല്ല, എന്റെ അവകാശമാണ്’ – ഉപാസന കുറിച്ചു.

‘ഒരു സ്ത്രീ സമൂഹത്തിൻ്റെ സമ്മർദത്തിന് വഴങ്ങാതെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് തെറ്റാണോ?, ശരിയായ പങ്കാളിയെ കണ്ടെത്തുന്നതുവരെ കാത്തിരിക്കുന്നത് തെറ്റാണോ?, സ്വന്തം സാഹചര്യങ്ങൾ മനസ്സിലാക്കി കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്നത് തെറ്റാണോ?, വിവാഹത്തെക്കുറിച്ചോ നേരത്തെ കുട്ടികളെ ഉണ്ടാക്കുന്നതിനെക്കുറിച്ചോ ചിന്തിക്കുന്നതിനുപകരം ഒരു സ്ത്രീ തന്റെ ലക്ഷ്യങ്ങൾ നിശ്ച‌യിച്ച് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റാണോ?,’- ഉപാസന കൂട്ടിച്ചേർത്തു.

സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്യം നേടുന്നതുവരെ വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും വേവലാതിപ്പെടാതിരിക്കാൻ അവർക്ക് അണ്ഡം ശീതീകരിച്ചു വയ്ക്കാം എന്ന ഉപാസനയുടെ വാക്കുകളാണ് വിവാദമായത്. എന്നാൽ ഉപാസന ‘പ്രിവിലജി’ൽ നിന്നുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് വിമർശനം ഉയർന്നു. അപ്പോളോ സിഎസ്ആർ ചെയർപേഴ്‌സണായ ഉപാസന, ബിസിനസ് താത്പര്യം മുൻനിർത്തിയാണ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാൻ ഉപദേശിക്കുന്നത് എന്നും ആരോപണമുയർന്നു. 23-ാം വയസ്സിൽ രാംചരണുമായി വിവാഹിതയായ ഉപാസന, മറ്റ് പെൺകുട്ടികളോട് വിവാഹം വൈകിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്നും വിമർശനം ഉയർന്നു. 2012ൽ ആണ് ഉപാസനയും രാം ചരണും വിവാഹിതരാകുന്നത്. 2023ൽ ഇവർക്ക് ആദ്യത്തെ കുട്ടിയായ ക്ലിൻ കാര ജനിച്ചു. നിലവിൽ ഗർഭിണിയായ ഉപാസന ഇരട്ടക്കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്.