
ജയറാമും, ലാലും പ്രധാന വേഷത്തിലെത്തിയ ‘വണ്‍മാന്‍ ഷോ’ തനിക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ചിത്രമാണെന്ന് തുറന്ന് പറഞ്ഞ് ചിത്രത്തിന്റെ നിർമ്മാതാവ് ഗിരീഷ് വെക്കം. വണ്‍മാന്‍ ഷോയുടെ കഥയോട് തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും, മാനസിക പ്രശ്‌നമുള്ള ഒരാളില്‍ നിന്നുള്ള കോമഡി ആസ്വദിക്കപ്പെടുമോ എന്ന സംശയമുണ്ടായിരുന്നുവെന്നും ഗിരീഷ് പറഞ്ഞു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
“വണ്‍മാന്‍ ഷോയുടെ കഥയോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. മാനസിക പ്രശ്‌നമുള്ള ഒരാളില്‍ നിന്നുള്ള കോമഡി ആസ്വദിക്കപ്പെടുമോ എന്ന സംശയമായിരുന്നു. വണ്‍മാന്‍ ഷോ എനിക്ക് നഷ്ടമായിരുന്നു. പിന്നീട് ജോലി ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ എനിക്ക് സാമ്പത്തിക ബാധ്യതയുണ്ടായ സിനിമയാണ്. അന്നത്തെ കാലത്ത് അതിന് ഒരു കോടി 84 ലക്ഷം രൂപയായി. ജനം വേണ്ടത്ര സ്വീകരിച്ചില്ല. ഹീറോയുടെ താഴെ മറ്റ് കഥാപാത്രങ്ങള്‍ നിന്നില്ലെങ്കില്‍ സിനിമ വിജയിക്കില്ല. അതിന്റെ ക്ലൈമാക്‌സ് അങ്ങനെയായിരുന്നില്ല. ആദ്യം റിലീസ് ചെയ്തപ്പോള്‍ വേറെയായിരുന്നു. റിലീസ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് മാറ്റിയതാണ്. ഒരാഴ്ച കഴിഞ്ഞു ഇപ്പോഴത്തെ ക്ലൈമാക്‌സ് ആക്കിയെടുക്കാന്‍. അപ്പോഴേക്കും പടത്തിനെ അത് ബാധിച്ചു.” ഗിരീഷ് വെക്കം പറഞ്ഞു.
“തെങ്കാശിപ്പട്ടണം കഴിഞ്ഞുള്ള സിനിമയായിരുന്നു. ഷാഫിയുടെ ആദ്യ സിനിമയായിരുന്നു. വിജയിക്കുമെന്ന് ഉറപ്പായിരുന്നു. ആദ്യത്തെ കണ്‍മണിയുടെ സമയത്ത് തന്നെ ജയറാമിനോട് പറഞ്ഞുറപ്പിച്ചതായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതായിരുന്നില്ല ഞാന്‍ ചെയ്യാനിരുന്ന സിനിമ. ഇതിന് ശേഷം അവര്‍ ചെയ്ത ചതിക്കാത്ത ചന്തുവായിരുന്നു ചെയ്യാനിരുന്നത്. മാറിമറഞ്ഞു വന്നതാണ്. ജയറാമിനെ വച്ചായിരുന്നു ചതിക്കാത്ത ചന്തു ചെയ്യാനിരുന്നത്. എല്ലാം ഓക്കെ ആയതായിരുന്നു. പക്ഷെ പിന്നീട് കഥയൊക്കെ മാറി വന്നു. സിനിമയില്‍ ചില കാര്യങ്ങള്‍ അങ്ങനെ മാറ്റപ്പെടും.” ഗിരീഷ് വെക്കം കൂട്ടിച്ചേർത്തു.