
സിനിമ സെറ്റിൽ എത്തി തിരിച്ച് ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന വരെ മഹേഷ് ബാബു മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന് വെളിപ്പെടുത്തി സംവിധായകൻ രാജമൗലി. ആ സ്വഭാവം എല്ലാവരും കണ്ടു പഠിക്കേണ്ടതാണെന്നും രാജ മൗലി കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രം വാരാണാസിയുടെ ട്രയ്ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹേഷ് ബാബുവിന്റെ സ്വഭാവത്തിൽ നിന്നും നമുക്കെല്ലാവർക്കും ഒരു കാര്യം പഠിക്കാനുണ്ട്. എല്ലാവരും പഠിക്കേണ്ട ഒന്ന്. മഹേഷ് ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിലേക്കോ വരുമ്പോൾ മൊബൈൽ ഫോൺ തൊടില്ല. അദ്ദേഹം എട്ട് മണിക്കൂർ ജോലി ചെയ്യും, തിരികെ പോകുമ്പോൾ മാത്രമേ മൊബൈൽ ഫോൺ നോക്കൂ’, രാജമൗലി പറഞ്ഞു.
മഹേഷ് ബാബുവും, പ്രിയങ്ക ചോപ്രയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് വാരണാസി. പൃഥ്വിരാജാണ് ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. വാരാണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.