
താൻ ഒരു നല്ല നടൻ ആണെന്ന് കരുതുന്നില്ലെന്നും തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ എന്നും പറയുമെന്നും തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. താൻ ഒരു നല്ല അഭിനേതാവ് അല്ലയോ എന്ന പേടി എന്നും തന്റെ ഉള്ളിലുണ്ടെന്നും, അത് കൊണ്ട് തന്നെ കാന്തയിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് കഴിയുമോ എന്ന സംശയം തന്റെ ഉള്ളിൽ ഉണ്ടായിരുന്നുവെന്നും ദുൽഖർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നൽകിയൊരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കാന്തയിലെ എന്റെ കഥാപാത്രത്തിനെ ‘നടിപ്പ് ചക്രവർത്തി’ എന്നാണ് വിളിക്കുന്നത്. എന്നാൽ ഞാൻ ഒരു നല്ല നടൻ ആണെന്ന് ഒരിക്കലും കരുതുന്നില്ല. ഒരു ശതമാനം പ്രേക്ഷകർ എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഇവർ പറയുന്നത് പോലെ ഞാൻ നല്ല അഭിനേതാവ് അല്ലയോ എന്ന പേടി എന്നും എന്റെ ഉള്ളിലുണ്ട്. പക്ഷെ അതാണ് കൂടുതൽ നന്നാക്കാനും നല്ല സിനിമകൾ ചെയ്യാനും എന്നെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാലും നടിപ്പ് ചക്രവർത്തി എന്ന് വിളിക്കുന്ന ഒരു ഗംഭീര ആക്ടറെ അവതരിപ്പിക്കാൻ എനിക്ക് കഴിയുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. സിനിമ കാണുന്ന പ്രേക്ഷകർക്ക് ആ കഥാപാത്രം മറ്റാരെങ്കിലും ചെയ്താൽ നന്നാവുമായിരുന്നു എന്ന് തോന്നാൻ പാടില്ല’, ദുൽഖർ സൽമാൻ പറഞ്ഞു.
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയാണ് കാന്ത. അതേസമയം, കാന്തയ്ക്ക് ഗംഭീര റിവ്യൂസ് ആണ് ആദ്യ ദിനത്തിൽ തന്നെ ലഭിക്കുന്നത്. സിനിമ മികച്ചതാണെന്നും ദുൽഖറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിലേതെന്നും അഭിപ്രായങ്ങൾ ഉണ്ട്. സിനിമയിലൂടെ ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ജേക്സ് ബിജോയുടെ മ്യൂസിക്കിനും കയ്യടികൾ ലഭിക്കുന്നുണ്ട്. സിനിമ സൂപ്പർ ഹിറ്റാകുമെന്നാണ് സോഷ്യൽ മീഡിയയിൽ എത്തുന്ന കമന്റുകൾ.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് ‘കാന്ത’.