
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘L365’ ൽ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടറായി ജോയിന്‍ ചെയ്തു. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗര്‍ണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഡാന്‍ ഓസ്റ്റിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു ഡാന്‍ ഓസ്റ്റിന്‍. ചിത്രത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
‘തുടരും’, ‘എമ്പുരാന്’ എന്നീ ചിത്രങ്ങളിലൂടെ വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ മോഹന്‍ലാല്‍ ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘L365’ ൻ്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് നിർമ്മാണസംഘം അറിയിച്ചു.
ചിത്രത്തിന്റേതായി റിലീസായ പോസ്റ്ററില്‍, ഒരു വാഷ് ബേസിന്റെ കണ്ണാടിയില്‍ ‘L365’ എന്ന പേര്യും അണിയറപ്രവര്‍ത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുള്ളത്. സമീപത്ത് തൂക്കി വെച്ചിരിക്കുന്ന പോലീസ് ഷര്‍ട്ടാണ് ലാലേട്ടന്റെ ലുക്കിനെക്കുറിച്ച് ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നത്.
ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. ‘അടി’, ‘ഇഷ്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് രവി ഒരുക്കുന്ന മറ്റൊരു പ്രധാന തിരക്കഥയായി ‘L365’ മാറുന്നു. ‘തന്ത വൈബ്’, ‘ടോര്‍പിഡോ’ എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രവുമാണ് ഇത്.