“നിനക്ക് പെങ്ങളുടെ കല്യാണത്തിനോ വീടു വെക്കാനോ പണമുണ്ടാക്കേണ്ടതില്ല, എനിക്ക് അതൊക്കെ ഉണ്ടായിരുന്നുവെന്ന് വാപ്പിച്ചി പറയും, എനിക്ക് എക്‌സ്‌ക്യൂസുകളില്ല”; ദുൽഖർ സൽമാൻ

','

' ); } ?>

തനിക്ക് തീരുമാനങ്ങളെടുക്കാന്‍ ധൈര്യം നല്‍കുന്നത് മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിതമാണെന്ന് തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. കൂടാതെ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നതെന്ന ബോധ്യം തനിക്കുണ്ടെന്നും അത് പറഞ്ഞ് വാപ്പിച്ചി തന്നെ കളിയാക്കാറുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

”എന്റെ വാപ്പിച്ചിയും ഉമ്മയും നല്‍കിയിരിക്കുന്ന സുരക്ഷിത്വതവും ആ പശ്ചാത്തലവും കാരണം എനിക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. എപ്പോഴും നല്ല സിനിമകള്‍ ചെയ്യാനുള്ള ധൈര്യമുണ്ട്. വാപ്പച്ചി എപ്പോഴും എന്നെ കളിയാക്കും. നിനക്ക് പെങ്ങളുടെ കല്യാണത്തിനോ വീടു വെക്കാനോ പണമുണ്ടാക്കേണ്ടതില്ല. എനിക്ക് അതൊക്കെ ഉണ്ടായിരുന്നു. അതിനാല്‍ ചില മോശം സിനിമകളൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിനക്ക് ആ എക്‌സ്‌ക്യൂസ് പറയാനില്ല എന്ന്. സത്യമാണത്. എനിക്ക് അത്തരം എക്‌സ്‌ക്യൂസുകളൊന്നും പറയാനില്ല. മോശം സിനിമ ചെയ്താല്‍ എന്ത് ന്യായീകരണം പറയും? പ്രേക്ഷകരെ സംബന്ധിച്ച് ഞാന്‍ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നത്. നല്ല സിനിമകളെ പിന്തുടര്‍ന്നാല്‍ നല്ല സിനിമ നമ്മളെ തേടി വരാന്‍ തുടങ്ങും. എന്റെ യാത്ര എനിക്ക് ഒരുപാടിഷ്ടമാണ്. അനുഗ്രഹീതനായിട്ടാണ് തോന്നുന്നത്. ഒരു സിനിമ തമിഴിലാണെങ്കില്‍ അടുത്തത് തെലുങ്കിലാകും. അടുത്തത് മലയാളത്തിലാകും”. ദുൽഖർ സൽമാൻ പറഞ്ഞു.

”അത് കൊണ്ട് എന്റെ ജീവിതം അത്രയും റിച്ച് ആയിരിക്കും. വളരെ വ്യത്യസ്തമായിരിക്കും. വ്യത്യസ്തമായ സംസ്‌കാരങ്ങളും ഭക്ഷണവുമെല്ലാം അനുഭവച്ചറിയാനാകും. അഭിനേതാക്കളെപ്പോലെ യാത്ര ചെയ്യാന്‍ സാധിക്കുന്നവര്‍ വേറെയുണ്ടാകില്ല. ഞാന്‍ ഇന്ത്യയുടെ നാല് ഭാഗത്തും പോയിട്ടുണ്ട്. നാഗാലാന്റില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഗുജറാത്തില്‍ ഷൂട്ട് ചെയ്ത് വരികയാണ്. കാശ്മീരിലും രാമേശ്വരത്തിലും പോയിട്ടുണ്ട്. എല്ലാത്തിനും കാരണം സിനിമയാണ്” ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു.

കാന്തയാണ് ദുല്‍ഖറിന്റെ പുതിയ സിനിമ. സെല്‍വമണി സെല്‍വരാജ് ആണ് സിനിമയുടെ സംവിധാനം. ഭാഗ്യശ്രീ ബോര്‍സെ, സമുദ്രക്കനി, റാണ ദഗുബാട്ടി എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അന്‍പതുകളിലെ തമിഴ് സിനിമയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സിനിമയുടെ നിര്‍മാണം ദുല്‍ഖറും റാണയും ചേര്‍ന്നാണ്. ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. “ദ ഹണ്ട് ഫോർ വീരപ്പൻ” എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് കാന്തയുടെ സംവിധായകനായ സെൽവമണി സെൽവരാജ്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.