
ദ കേരള സ്റ്റോറി, 1920, ദി നക്സൽ സ്റ്റോറി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിന് താൻ നേരിട്ട ഭീഷണികളെയും വിവാദങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ആദാ ശർമ. വെല്ലുവിളികളുണ്ടായില്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ എന്നായിരുന്നു ആദാ ശർമയുടെ പ്രതികരണം. കൂടാതെ രാജ്യത്തെ പകുതിപ്പേർ തന്നെ സംരക്ഷിക്കാനും മറുപകുതി കൊല്ലാനും ആഗ്രഹിച്ചെന്നും താരം പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
“എന്നെ സംബന്ധിച്ചിടത്തോളം ‘ദി കേരള സ്റ്റോറി’ ഒരു ഹൊറർ സിനിമയായിരുന്നു, ഒരു മനുഷ്യ ഹൊറർ. വെല്ലുവിളികളുണ്ടായില്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?. ആദ്യചിത്രമായ 1920 ആണ് എന്റെ ഏറ്റവും ധീരമായ സിനിമയായി സ്വയം വിലയിരുത്തുന്നത്. ‘1920’-ൽ സിജിഐയും വിഎഫ്എക്സും ചെയ്യാൻ വലിയ ബജറ്റ് ഉണ്ടായിരുന്നില്ല. അതിനാൽ ഭിത്തിയിൽ കയറുന്നതും കോണിപ്പടി പിന്നോട്ട് ഇറങ്ങുന്നതുമായ കാര്യങ്ങളെല്ലാം സ്വയം ചെയ്യേണ്ടിവന്നു”. ആദാ ശർമ പറഞ്ഞു.
“നന്നായി ചെയ്താൽ, ഫലം ആകർഷകമാകുമെന്ന് എനിക്ക് തോന്നുന്നു. ഭയമാണ് ഏറ്റവും വിലകുറഞ്ഞ സ്പെഷ്യൽ എഫക്റ്റ്, ഏറ്റവും ഫലപ്രദമായതും അതുതന്നെ. ഈ സിനമകൾക്കൊക്കെ ശേഷം രാജ്യത്തെ പകുതിപ്പേർ തന്നെ സംരക്ഷിക്കാനും മറുപകുതി കൊല്ലാനും ആഗ്രഹിച്ചു.” ആദാ ശർമ കൂട്ടിച്ചേർത്തു.
ആദായുടെ ഏറ്റവും പുതിയ തിയേറ്റർ റിലീസ് ‘തുംകോ മേരി കസം’ (2025) ആണ്. ലീഗൽ ത്രില്ലർ പരമ്പരയായ ‘റീത്ത സന്യാൽ സീസൺ 2’-ൽ അവർ ഉടൻ പ്രത്യക്ഷപ്പെടും. തൻ്റെ അരങ്ങേറ്റ ചിത്രമായ ‘1920’ -ൻ്റെ രണ്ടാം ഭാഗവും യാമി ഗൗതം സഹതാരമായെത്തുന്ന ‘തമസുർ’ എന്ന ചിത്രവുമാണ് ആദാ ശർമയുടേതായി വരാനിരിക്കുന്ന മറ്റു സിനിമകൾ.