“ഒരു പോയിന്റിൽ ‘കാന്ത’ ഉപേക്ഷിക്കാം എന്ന് കരുതി, റാണ എനിക്കെതിരെ ലീഗൽ ആയി നീങ്ങും എന്ന് വരെ തോന്നി”: ദുൽഖർ സൽമാൻ

','

' ); } ?>

കാന്തയുടെ ഷൂട്ട് വൈകിയപ്പോൾ ചിത്രം ഉപേക്ഷിച്ച് മറ്റൊരു സിനിമയിലേക്ക് പോകാൻ വരെ ആലോചിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. കൂടാതെ ഷൂട്ട് വൈകിയപ്പോൾ താനും റാണയും തമ്മിൽ സംസാരമുണ്ടായെന്നും, ഒരു പോയിന്റിൽ അവർ ലീഗൽ ആയി നീങ്ങുമെന്ന് കരുതിയെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

‘ലക്കി ഭാസ്കറിന് മുൻപ് ഷൂട്ട് ചെയ്യാനിരുന്ന സിനിമ ആയിരുന്നു കാന്ത. പിന്നെ ഒരു സമയത്ത് ലക്കി ഭാസ്കറിന് ഒപ്പം കാന്ത ഷൂട്ട് ചെയ്യാം എന്ന നിലയിലെത്തി. ഒടുവിൽ രണ്ട് സിനിമയ്ക്ക് മാച്ച് ആകുന്ന തരത്തിലുള്ള ലുക്ക് ടെസ്റ്റ് ഒക്കെ ഞാൻ ചെയ്തു. കാന്ത കാരണമാണ് ഞാൻ ലക്കി ഭാസ്കറിൽ ക്ലീൻ ഷേവ് ലുക്കിൽ വരാൻ കാരണം. ലുക്ക് ടെസ്റ്റ് ചെയ്യുന്ന സമയത്ത് രണ്ട് സിനിമകളുടെ സംവിധായകരും അവിടെ ഉണ്ടായിരുന്നു.’ ദുൽഖർ സൽമാൻ പറഞ്ഞു.

‘ഇതെല്ലാം ചെയ്തിട്ടും കാന്തയുടെ ഷൂട്ട് തുടങ്ങിയില്ല. ലക്കി ഭാസ്കറിന്റെ ഷൂട്ട് തീരുകയും ചെയ്തു. ഒരു പോയിന്റിൽ കാന്ത ഉപേക്ഷിച്ച് മറ്റൊരു സിനിമയിലേക്ക് പോകാം എന്ന് വരെ ഞാൻ ആലോചിച്ചു. അങ്ങനെ ഞാനും റാണയും തമ്മിൽ സംസാരമായി. ഒരു പോയിന്റിൽ അവർ ലീഗൽ ആയി നീങ്ങുമോ എന്നുവരെ ഞാൻ ചിന്തിച്ചു’, ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു.

അതേ സമയം ദുൽഖർ സൽമാനും കാന്ത ചിത്രത്തിന്റെ നിർമ്മാതാക്കൾക്കുമെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. കാന്ത ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ത്യാഗ രാജ ഭാഗവതരുടെ മകൻ കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് നോട്ടീസ്. ചിത്രത്തിൽ ത്യാഗരാജ ഭഗവതരെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. കഥയെ കുറിച്ചോ, ചിത്രത്തെ കുറിച്ചോ തങ്ങളോട് സംസാരിക്കുകയോ, അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഈ മാസം 18 ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്താനിരിക്കെയാണ് കോടതിയുടെ നടപടി.

സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. “ദ ഹണ്ട് ഫോർ വീരപ്പൻ” എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് കാന്തയുടെ സംവിധായകനായ സെൽവമണി സെൽവരാജ്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.