നടൻ ഗോവിന്ദയുടെ ആരോഗ്യനിലയിൽ പുരോഗതി, അപകട നില തരണം ചെയ്തു

','

' ); } ?>

നടൻ ഗോവിന്ദയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വെളിപ്പെടുത്തി സുഹൃത്തും അഭിഭാഷകനുമായ ലളിത് ബിൻഡാൽ. ശരീരത്തിൻ്റെ ബാലൻസ് തെറ്റുന്ന തരം രോഗാവസ്ഥയാണ് താരത്തിന് അനുഭവപ്പെട്ടതെന്നും, അപകടനില തരണം ചെയ്തുവെന്ന് ഡോക്ട്ടർ അറിയിച്ചിട്ടുണ്ടെന്നും ലളിത് ബിൻഡാൽ പറഞ്ഞു. നിലവിൽ മുംബൈയിലെ ക്രിട്ടികെയർ ഏഷ്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

“ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് ഗോവിന്ദ ആദ്യമായി ബോധരഹിതനാകുന്നത്. തുടർന്ന് രാത്രി 12.30 ഓടെ വീണ്ടും ആരോഗ്യനില വഷളായതിനെ തുടർന്ന് ഒരു മണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അദ്ദേഹത്തിന് ദിശാബോധം നഷ്ടപ്പെട്ടിരുന്നു. ശരീരത്തിൻ്റെ ബാലൻസ് തെറ്റുന്ന തരം രോഗാവസ്ഥയാണ് ഗോവിന്ദയ്ക്ക് വന്നത്. അപകട നില തെരണം ചെയ്തുവെന്ന് ഡോക്ട്ടർ അറിയിച്ചിട്ടുണ്ട്. എല്ലാ പരിശോധനകളും പൂർത്തിയായി. ഇപ്പോൾ റിപ്പോർട്ടുകളും ന്യൂറോ കൺസൾട്ടേഷൻ്റെ അഭിപ്രായവും ഞങ്ങൾ കാത്തിരിക്കുകയാണ്.” ലളിത് ബിൻഡാൽ പറഞ്ഞു.

ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗോവിന്ദയുടെ കാലിന് വെടിയേറ്റ് പരിക്കേറ്റ ഒരു സംഭവത്തിന് ഒരു വർഷത്തിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടൻ തന്റെ ലൈസൻസുള്ള റിവോൾവർ കൈകാര്യം ചെയ്യുന്നതിനിടെയായിരുന്നു ആ അപകടം.