
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് നടൻ ആശുപത്രി വിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. പിന്നാലെ താരം മരണപ്പെട്ടെന്ന വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പ്രചരണം രൂക്ഷമായതോടെ ഭാര്യ ഹേമ മാലിനിയും, മകൾ ഇഷ ഡിയോളും പ്രതികരിച്ച് രംഗത്ത് വരികയുണ്ടായി.
തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മകൾ ഇഷയുടെ പ്രതികരണം. അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നും, സുഖം പ്രാപിക്കുന്നുവെന്നുമാണ് ഇഷ പറഞ്ഞത്. കൂടാതെ ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾ തെറ്റായ വാർത്ത നൽകുന്നത് ശരിയല്ലെന്ന് നടി ഹേമ മാലിനിയും കുറിച്ചു.
89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് താരം അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി, കുടുംബാംഗങ്ങളായ ഹേമ മാലിനി, ബോബി ഡിയോൾ, സണ്ണി ഡിയോൾ, തുടങ്ങിയവരും, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
മുതിർന്ന ബോളിവുഡ് നടനും മുൻ എംപിയുമാണ് ധർമേന്ദ്ര. 1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധര്‍മേന്ദ്ര, 1960-കളില്‍ ‘അന്‍പഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവന്‍ ഝൂം കെ’ തുടങ്ങിയ സിനിമകളില്‍ സാധാരണവേഷങ്ങള്‍ ചെയ്താണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ‘ഷോലെ’, ‘ധരം വീര്‍’, ‘ചുപ്കെ ചുപ്കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേള്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ നായക വേഷങ്ങളിലേക്ക് മാറി.