
പോക്‌സോ കേസിൽ പ്രതിയായ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ക്കെതിരെ രൂക്ഷ ഭാഷയിൽ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. ജാനി മാസ്റ്റര്‍ സമ്പന്നനും ഉന്നതബന്ധങ്ങളുമുള്ള വ്യക്തിയായത് കൊണ്ട് പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ സാധ്യത വളരേ കുറവാണെന്ന് ചിന്മയി പറഞ്ഞു. കൂടാതെ ജാനി മാസ്റ്റര്‍ക്കൊപ്പമുള്ളവര്‍ കേസിനെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ചിന്മയി കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
’16 വയസ്സുള്ള പെൺകുട്ടിക്ക് കൺസെൻ്റ് നൽകാൻ കഴിയില്ല എന്ന് മനസിലാക്കാതെ, അയാളുടെ ചുറ്റുമുള്ളവർ അത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാക്കി വരുത്തിതീർക്കാൻ ശ്രമിക്കുന്നു. ജാനി മാസ്റ്റർ സമ്പന്നനും വലിയ പിടിപാടുമുള്ള വ്യക്തിയുമാണ്. ഈ ചുറ്റുപാടിൽ, പെൺകുട്ടിക്ക് നീതികിട്ടാൻ സാധ്യത വളരെ നേർത്തതാണ്. കൂടാതെ, ഓരോ തവണ ഞാൻ ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുമ്പോഴും, അയാളുടെ ഭാര്യ ഇതിനെക്കുറിച്ച് പ്രതികരിക്കരുതെന്നാവശ്യപ്പെട്ട് എന്നെ വിളിക്കുന്നു. നിരപരാധിയെന്ന് തെളിയിക്കപ്പെടുമെന്ന് അവർക്ക് നൂറുശതമാനം ഉറപ്പാണത്രേ. അവർക്ക് 100% ഉറപ്പുള്ള അനുകൂലമായ വിധി വന്നാൽ, എല്ലാവരും കൈ കഴുകി, ‘ഓ, അവൻ നിരപരാധിയാണ്, അവന് അവാർഡുകൾക്ക് മേൽ അവാർഡുകൾ നൽകാം’ എന്ന് പറയും. നമ്മൾ മൊത്തത്തിൽ പരാജയപ്പെട്ടു എന്ന് മനസ്സിലാക്കാതെ, അതിന്റെ നേരിട്ടുള്ള അനന്തരഫലമായി, സ്ഥാനമാനങ്ങൾ ദുരുപയോഗം ചെയ്യുന്ന കൂടുതൽ പുരുഷന്മാരെ നമ്മൾ പ്രോത്സാഹിപ്പിക്കും’- ചിന്മയി കുറിച്ചു
‘അപ്പോൾ കൂടുതൽ പ്രായപൂർത്തിയാവാത്തവരെ ദുരുപയോഗംചെയ്‌തിട്ട് എങ്ങനെ രക്ഷപ്പെടാം എന്ന് അവർക്ക് മനസിലാവും. എല്ലാത്തിനുമുപരിയായി, ചില ആണുങ്ങൾക്ക് തങ്ങളേക്കാൾ പ്രായംകുറഞ്ഞ പെൺകുട്ടികളുമായി ബന്ധത്തിലേർപ്പെടുന്നത് ഒരു രസമാണ്. അയാൾ വളരെക്കാലം ഈ സമൂഹത്തിൽ ആഘോഷിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ആ പെൺകുട്ടി വിജയിക്കുകയും തന്നെ ദുരുപയോഗം ചെയ്യുന്നവനെ ആഘോഷിക്കുന്ന സമൂഹത്തോട് അവൾക്ക് മറുപടി നൽകാൻ കഴിയട്ടെയെന്നും മാത്രമാണ് ഞാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത്.’ ചിന്മയി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ജനിമാസ്റ്റർക്കൊപ്പം പ്രവർത്തിച്ചതിന് സംഗീത സംവിധായകൻ എ ആർ റഹ്‌മാന് സമൂഹമാധ്യമങ്ങളിൽ നിന്ന് വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. മധ്യപ്രദേശുകാരിയ യുവതിയുടെ പരാതിയിൽ നൃത്തസംവിധായകൻ ജാനി മാസ്റ്റർ (ഷെയ്ഖ് ജാനി ബാഷ) ഗോവയിൽ അറസ്റ്റിലായിരുന്നു. അസിസ്റ്റന്റ് കോറിയോഗ്രാഫറായി പ്രവർത്തിക്കുമ്പോൾ ജാനി മാസ്റ്റർ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. ബാഹുബലി, പുഷ്പ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നൃത്തസംവിധായകനാണ് ജാനി.