
‘പ്രളയശേഷം ഒരു ജലകന്യക’ എന്ന സിനിമ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി കാണാതെ പോയതാണെങ്കിൽ അത് തനിക്കുണ്ടായത് വലിയ നഷ്ടമാണെന്ന് കുറിപ്പ് പങ്കുവെച്ച് ആശ അരവിന്ദ്. 2024 ഒരു സ്ത്രീപക്ഷ സിനിമ പോലും ഉണ്ടായിരുന്നില്ല എന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ പ്രസ്താവനയെ ആസ്പദമാക്കിയായിരുന്നു താരത്തിന്റെ കുറിപ്പ്. താരം കേന്ദ്രകഥാപാത്രമായെത്തിയ ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന സിനിമ ചൂണ്ടിക്കാട്ടിയാണ് നടി പ്രതികരിച്ചത്. തന്റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘‘ഞാൻ ആദ്യമായി ഒരു പ്രധാന കഥാപാത്രം ചെയ്ത സിനിമയാണ് ‘പ്രളയ ശേഷം ഒരു ജലകന്യക’. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ചെയ്ത സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പത്രസമ്മേളനത്തിൽ ജൂറി തലവൻ പറഞ്ഞ ഒരു പ്രസ്താവന കേട്ടു. 2024 ഒരു സ്ത്രീപക്ഷ സിനിമ പോലും ഉണ്ടായിരുന്നില്ല എന്ന്. അത് ‘പ്രളയ ശേഷം ഒരു ജലകന്യക’ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ഒരു സ്ത്രീ എന്ന നിലയ്ക്ക് എനിക്ക് വലിയ വിഷമം ഉണ്ടാക്കി. ആ കഥാപാത്രത്തിൻ്റെ വലിപ്പവും വ്യാപ്തിയും മനസ്സിലാക്കി തന്നെയാണ് ഞാൻ ആ സിനിമയിൽ അഭിനയിക്കാൻ തയാറായത്. അത് എന്നാൽ കഴിയുന്ന വിധം നന്നായി ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് സിനിമ കണ്ടവർ അഭിപ്രായം പറയുക കൂടി ചെയ്തപ്പോൾ എനിക്കും ഒരു പാട് സന്തോഷം തോന്നിയതാണ്. അത് എൻ്റെ അഭിനയം കൊണ്ട് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല”. ആശ അരവിന്ദൻ കുറിച്ചു.
ശക്തമായ സ്ത്രീ കഥാപാത്രം സഞ്ചരിച്ചിരുന്ന ജീവിത മുഹൂർത്തങ്ങൾ കൊണ്ട് കൂടിയാണ് ആ ചിത്രം. അത്രയ്ക്കും വ്യത്യസ്തവും ശക്തവുമായിരുന്നു ആ കഥാപാത്രം. എന്നെക്കാൾ പത്തു മുപ്പത് വയസ്സ് പ്രായക്കൂടുതലുള്ള ആ കഥാപാത്രം ചെയ്യുമ്പോൾ ഞാനും അറിയാതെ ആ കഥാപാത്രത്തിൻ്റെ മാനസിക സംഘർഷങ്ങളിലേക്ക് വീണു പോകാറുണ്ടായിരുന്നു. അത്രക്കും മനോഹരമായാണ് ആ കഥാപാത്രത്തെ സംവിധായകൻ പോർട്രൈറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടായിരിക്കുമല്ലോ തൃശൂർ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള അവാർഡുകളിൽ ഒന്ന് കരസ്‌ഥമാക്കാൻ ആ ചിത്രത്തിന് സാധിച്ചത്. എന്നാൽ ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന സിനിമ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി കാണാതെ പോയതാണെങ്കിൽ എനിക്കുണ്ടായത് ഒരു വലിയ നഷ്ടമാണെന്ന് ഞാൻ കരുതുന്നു. കാരണം അത്തരം സ്ത്രീ പക്ഷ കഥാപാത്രങ്ങൾ ഉണ്ടാകുന്നതും ഒരു നടിക്ക് അത് അഭിനയിക്കാൻ കഴിയുന്നതും സിനിമയിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്.”ആശ അരവിന്ദൻ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സ്ത്രീപക്ഷസിനിമകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് തുറന്നടിച്ച് സംവിധായിക ശ്രുതി ശരണ്യം രംഗത്ത് വന്നിട്ടുണ്ടായിരുന്നു. കാൻ, സോള്‍ പോലുള്ള ചലച്ചിത്രമേളകളിൽ തരംഗം സൃഷ്ടിച്ച ചരിത്രപരമായ സ്ത്രീപക്ഷ സിനിമകൾ തഴയപ്പെട്ടുവെന്നും, ലൈംഗിക കുറ്റവാളികളെപ്പോലും യാതൊരു മടിയുമില്ലാതെ ആഘോഷിക്കുകയാണെന്നും ശ്രുതി കുറ്റപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ‘കേരള സ്റ്റേറ്റ് മസ്‌ലിൻ അവാർഡുകൾ’ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്തിനു പിന്നാലെ ബാലതാരത്തിനുള്ള പുരസ്കാരം ആർക്കും നൽകിയിരുന്നില്ല എന്നത് വിവാദത്തിനു തിരി കൊളുത്തിയിരുന്നു. വേടന് മികച്ച ഗാനരചയിതാവായി പുരസ്‌കാരം നൽകിയതും വിവാദമായി. ജോയ് മാത്യു, ദീദി ദാമോദരൻ, കെ പി വ്യാസൻ തുടങ്ങിയവർ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.